ഡോസിന് 600 രൂപ; ഇന്ത്യയില്‍ കോവിഷീൽഡിന് ലോകത്തെ ഏറ്റവും വലിയ വില

മെയ് ഒന്നു മുതലാണ് സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ ലഭ്യമാകുക.

Update: 2021-04-24 11:03 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഓക്‌സ്ഫഡും ആസ്ട്രസെനിക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിന് രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും വില. ഡോസിന് 600 രൂപ ഈടാക്കാനാണ് തീരുമാനം. മെയ് ഒന്നു മുതലാണ് സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ ലഭ്യമാകുക.

ഡോസിന് 150 രൂപയ്ക്ക് വിറ്റാലും വാക്‌സിൻ ലാഭകരമാണ് എന്ന് നേരത്തെ, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോസിന് 600 രൂപ ഒടുക്കേണ്ടി വരുന്നത്. സർക്കാർ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്സിന് നാനൂറ് രൂപയാണ് ചെലവ്. എന്നാൽ മിക്ക സംസ്ഥാനങ്ങളും വാക്‌സിൻ വിതരണം ചെയ്യുന്നത് സൗജന്യമായിട്ടാണ്. 

ഏകദേശം എട്ടു ഡോളറാണ് ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യയിൽ ഇത് 5.25 ഡോളറാണ്. ദക്ഷിണാഫ്രിക്കയിൽ 5.25 ഡോളറും യുഎസിൽ നാലു ഡോളറും. അയൽരാജ്യമായ ബംഗ്ലാദേശിലും നാല് ഡോളറാണ് ഒരു ഡോസിന്റെ വില. ബ്രസീൽ 3.15, യുകെ 3, യൂറോപ്യൻ യൂണിയൻ 2.15-3.50 (എല്ലാം ഡോളറിൽ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വില.

അതിനിടെ, സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിത അളവിൽ മാത്രമേ വാക്‌സിൻ വിതരണം ചെയ്യൂ എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് ചികിത്സയുടെ ഭാഗമായുള്ള പല ഉപകരണങ്ങളേക്കാൾ കുറവാണ് നിലവിൽ നിശ്ചയിച്ച തുകയെന്നും കമ്പനി അവകാശപ്പെട്ടു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News