പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്; 'മഹാമാരിയുടെ സമയത്ത് സേവനം മറ്റുള്ളകാര്യങ്ങൾക്ക് ഉപയോഗിക്കൂ'
ബി.ജെ.പി പ്രവർത്തകരിൽ നിന്ന് വധഭീഷണി നേരിട്ട സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്തത്
തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്. ബി.ജെ.പി പ്രവർത്തകരിൽ നിന്ന് വധഭീഷണി നേരിട്ട സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്തത്.
പൊലീസ് സുരക്ഷ വാഗ്ദാനം ചെയ്തതിന് നന്ദി. ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഇതേ ഓഫിസർമാരുടെ സമയം മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
Thank you @tnpoliceoffl for the protection. I am the first person in my entire family's history to be given the same.
— Siddharth (@Actor_Siddharth) April 29, 2021
However, I would politely like to give up this privilege so the same officers' time is better used for something else during this pandemic.
Thank you again.❤️
ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണി സന്ദേശമയക്കുകയാണെന്ന് കഴിഞ്ഞദിവസം സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നു. രണ്ടുദിവസമായി തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക - ബലാത്സംഗ ഭീഷണികളാണ് ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ട്വീറ്റ്. തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺനമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
'എന്‍റെ ഫോൺനമ്പർ തമിഴ്നാട് ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി. ഞാൻ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ കമന്‍റുകൾ പങ്കുവെച്ച് മറ്റൊരു ട്വീറ്റും സിദ്ധാർഥ് കുറിച്ചു.