ദേശീയ ദുരന്തത്തിന്‍റെ സമയത്ത് കോടതി മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി
കോവിഡ് വാക്‌സിനുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി.
കോവിഡ് വാക്‌സിനുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. വാക്‌സിൻ ലഭ്യത ഉറപ്പാക്കാനും ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താനും എടുത്ത നടപടികളും അറിയിക്കണം.
ദേശീയ ദുരന്തത്തിന്‍റെ സമയത്ത് കോടതി മൂകസാക്ഷിയാകില്ലെന്നും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കോടതികൾക്ക് ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സമയത്ത് കോടതി സ്വമേധയ എടുത്ത കേസാണിത്. രണ്ടാം തവണയാണ് ഹർജി പരിഗണിക്കുന്നത്. വ്ാക്‌സിന് എന്തടിസ്ഥാനത്തിലാണ് വ്യത്യസ്ത വില ഈടാക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ആ സമയത്ത് രാജ്യത്തെ ഓക്‌സജിൻ-വാക്‌സിൻ ലഭ്യയെക്കുറിച്ചുള്ള സത്യവാങ്മൂലം നൽകണം.
ഇങ്ങനെ സത്യവാങ്മൂലം നൽകാൻ വെള്ളിയാഴ്ച വരെ കേന്ദ്രസർക്കാർ കോടതിയോട് സമയം ചോദിക്കുകയായിരുന്നു. അതത് സംസ്ഥാനങ്ങളിലെ കോവിഡ് സംബന്ധമായ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതികളെ വിലക്കിയിട്ടില്ല. ഹൈക്കോടതികൾക്ക് അത്തരം കേസുകളുമായി മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.