ഡൽഹിക്ക് ഓക്സിജന്‍ ഉറപ്പുവരുത്തണം; സമഗ്ര പദ്ധതി നാളെ വിശദീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ ഓക്‌സിജൻ ലഭ്യതയ്ക്ക് പരിഹാരമാകില്ല, ഡൽഹി ഹൈക്കോടതി നടപടിക്ക് സ്റ്റേ.
ഡല്‍ഹിയിലേക്കുള്ള ഓക്‌സിജൻ വിതരണം വേഗത്തിലാക്കാന്‍ ആവിഷ്കരിച്ച പദ്ധതി നാളെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. രാവിലെ പത്തരയോടെ കേന്ദ്രം സമഗ്ര പദ്ധതി കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്‌സിജൻ മെയ് 3ന് ലഭ്യമാക്കണമെന്ന ഉത്തരവ് പൂര്‍ണമായും നടപ്പാക്കത്തതെന്തുകൊണ്ടെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരെ ജയിലിടച്ചത് കൊണ്ടോ പീഡിപ്പിച്ചതു കൊണ്ടോ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രംഗത്തു വന്നത്.
ഡൽഹിയിൽ അടിയന്തരമായി ഓക്‌സിജൻ എത്തിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം നൽകണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത് കൊണ്ടു മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് നിരീക്ഷിച്ച കോടതി, ഡൽഹി ഹൈക്കോടതി നടപടി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഓക്സിജൻ ലഭ്യത നിരീക്ഷിക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ അധികാരത്തിന് ഇപ്പോഴത്തെ സ്റ്റേ തടസമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.