എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകുമോ? ആരുവാഴും തമിഴകം?
234 അംഗ നിയമസഭയിലേക്കു നാലായിരത്തോളം സ്ഥാനാര്‍ഥികളാണു തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്.
ജയലളിത, എം കരുണാനിധി തുടങ്ങി രാഷ്ട്രീയ അതികായന്മാര്‍ കളമൊഴിഞ്ഞ തമിഴ്നാട്ടില്‍ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പങ്കമാണ് അവസാന ഫലം കാത്തിരിക്കുന്നത്. കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 234 അംഗ നിയമസഭയിലേക്കു നാലായിരത്തോളം സ്ഥാനാര്‍ഥികളാണു തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്. 75 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്ന ഹൈക്കോടതി നിർദേശമുള്ളതിനാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള കൗണ്ടിംഗ് ഏജന്റുമാർക്ക് മാത്രമാണ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യവും എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ- കോണ്‍ഗ്രസ്- ഇടതു സംഖ്യവും തമ്മിലാണു തമിഴകത്ത് പ്രധാന പോരാട്ടം. ടി.ടി.വി ദിനകരന്‍റെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെയില്‍ നിന്നു പിളര്‍ന്നശേഷം രൂപപ്പെട്ട അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ), നടന്‍ കമല്‍ഹാസന്‍റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം എന്നിവയും നിര്‍ണായക സ്വാധീനമാവാന്‍ മത്സരരംഗത്തുണ്ട്.
തമിഴ്നാട്ടിൽ ഡി.എം.കെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 150ന് മുകളിൽ സീറ്റ് നേടി ഡി.എം.കെ അധികാരത്തിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ അടക്കം വിലയിരുത്തൽ. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.എം.കെ നായകന്‍ സ്റ്റാലിന്‍. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകളിലേക്ക് ഡി.എം.കെ കടന്നെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.
അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായി തള്ളുകയാണ് അണ്ണാ ഡി.എം.കെ. ജയലളിതയ്ക്ക് വേണ്ടി ജനം അധികാരത്തുടര്‍ച്ച നല്‍കും എന്നാണ് നേതാക്കളുടെ വാദം. ജാതിവോട്ടുകള്‍ തുണയ്ക്കുമെന്നും സൗജന്യ വാഷിങ് മെഷീന്‍, ടിവി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങള്‍ വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷകളും അണ്ണാ ഡി.എം.കെയ്ക്കുണ്ട്. അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കമല്‍ഹാസന്‍റെ മൂന്നാം മുന്നണി. പരമാവധി നാലു സീറ്റുകള്‍ മാത്രമെ കമല്‍ഹാസന്‍റെ മൂന്നാം മുന്നണി നേടൂ എന്നായിരുന്നു സര്‍വ്വേ പ്രവചനങ്ങള്‍.