സവര്‍ക്കറെ കുറിച്ച് 2016ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക്; മാപ്പ് പറയില്ലെന്ന് ലേഖകന്‍

ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നിരഞ്ജന്‍ ടാക്ലെ

Update: 2021-05-15 14:19 GMT
Advertising

ഹിന്ദുമഹാസഭ നേതാവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് 2016ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് വാരിക. മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ എഴുതിയ ലേഖനത്തെ ചൊല്ലിയാണ് മാപ്പ്. സവര്‍ക്കര്‍ ആദരണീയനാണെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ദ വീക്ക് വ്യക്തമാക്കിയത്. എന്നാല്‍ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ടാക്ലെ പ്രതികരിച്ചു.

സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ 2016ല്‍ വാരികക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. നിരഞ്ജന്‍ ടാക്ലെ എഴുതിയ ലേഖനം വാസ്തവവിരുദ്ധമാണെന്നും ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്  കുടുംബത്തിന്റെ അഭിപ്രായം ചോദിക്കണണമായിരുന്നുവെന്നുമാണ് രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞത്. എന്നാല്‍ ചരിത്ര പുസ്തകങ്ങള്‍ പരിശോധിച്ചാണ് താന്‍ ലേഖനമെഴുതിയതെന്ന് ടാക്ലെ മറുപടി പറഞ്ഞു. പരാതി നല്‍കിയെന്ന് പറഞ്ഞ് ഇത്രയും വര്‍ഷമായിട്ടും തനിക്ക് ഒരു നോട്ടീസും വന്നിട്ടില്ലെന്ന് ടാക്ലെ ന്യൂസ് ലോണ്‍ട്രിയോട് പ്രതികരിച്ചു.

എന്നാല്‍ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയെന്നാണ് വീക്കിന്റെ എഡിറ്റര്‍ വി.എസ് ജയചന്ദ്രന്‍ പറഞ്ഞത്. ഹരജി നൽകിയ വ്യക്തിയുമായി ബന്ധപ്പെട്ടു. തിരുത്തലോ ക്ഷമാപണമോ നൽകാമെന്ന ഒത്തുതീര്‍പ്പിലെത്തി. കുറച്ചുകാലമായി കേസ് നടത്തിവരുന്നു. തുടരുന്നത് ബുദ്ധിമുട്ടാണ്. ലേഖകനും അന്ന് ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ എഡിറ്റര്‍ ടി. ആര്‍ ഗോപാലകൃഷ്ണനും നിലവില്‍ വീക്കിന്‍റെ ജീവനക്കാരല്ല. അതിനാല്‍ ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാക്കുകയായിരുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ദ വീക്കിന്‍റെ മെയ് 23ലെ ലക്കത്തിലാണ് മാപ്പ് പ്രസിദ്ധീകരിച്ചത്.

ദ വീക്കിന്റെ ലേഖകനായിരുന്നു നിരഞ്ജന്‍ ടാക്ലെ. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ടാക്ലെ രാജി വെച്ചത്. ദ വീക്ക് മാപ്പ് പറഞ്ഞത് തന്നെ ഞെട്ടിച്ചെന്നും താന്‍ മാപ്പ് പറയില്ലെന്നും ടാക്ലെ വ്യക്തമാക്കി. നിയമപരമായി തന്നെ താന്‍ ഈ കേസ് നടത്തി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



 


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News