തബ്‍ലീഗ് സമ്മേളനം: ടൈംസ് നൗ അടക്കമുള്ള ചാനലുകൾക്കെതിരെ നടപടി

ന്യൂസ് 18ന് കന്നഡയ്ക്ക് ഒരു ലക്ഷവും സുവർണ ന്യൂസിന് 50,000 രൂപയും പിഴ

Update: 2021-06-18 14:12 GMT
Editor : Shaheer | By : Web Desk
Advertising

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആരംഭത്തിൽ തബ്‍ലീഗ് ജമാഅത്തിനെതിരെ വ്യാജവാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടി. 2020 മാർച്ചിലെ തബ്‍ലീഗ് സമ്മേളനത്തെക്കുറിച്ച് പക്ഷപാതപരമായി റിപ്പോർട്ട് ചെയ്ത രണ്ട് കന്നഡ വാർത്താ ചാനലുകൾക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി(എൻബിഎസ്എ) പിഴ ചുമത്തി. ദേശീയ വാർത്താ ചാനലായ ടൈംസ് നൗക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കാംപയിൻ എഗെയ്ൻസ്റ്റ് ഹേറ്റ് സ്പീച്ച് കഴിഞ്ഞ വർഷം നൽകിയ പരാതിയിലാണ് എൻബിഎസ്എയുടെ നടപടി. ന്യൂസ് 18ന് കന്നഡയ്ക്ക് ഒരു ലക്ഷവും സുവർണ ന്യൂസിന് 50,000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് ചാനലുകളോട് നിർദേശിച്ചിട്ടുണ്ട്.

ന്യൂസ് 18 കന്നഡയോട് ഈ മാസം 23നു മുൻപായി രാത്രി ഒൻപതു മണി വാർത്താപരിപാടിയിൽ വ്യാജ റിപ്പോര്‍ട്ടിങ്ങിന്‍റെ പേരില്‍ ക്ഷമാപണം നടത്തണമെന്നും എൻബിഎസ്എ നിർദേശിച്ചിട്ടുണ്ട്. 'തബ്‍ലീഗ് ജമാഅത്ത് രാജ്യത്തെ ബോധപൂർവം അട്ടിമറിക്കുന്നോ?' എന്ന പേരിൽ 2020 ഏപ്രിൽ രണ്ടിന് ടൈംസ് നൗ പ്രക്ഷേപണം ചെയ്ത പ്രത്യേക ചർച്ചാ പരിപാടിയെയും അതോറിറ്റി രൂക്ഷമായി വിമർശിച്ചു.

2020 മാർച്ച് 25നാണ് വിവാദമായ തബ്‍ലീഗ് സമ്മേളനം ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയ്ക്കടുത്തുള്ള മർകസിൽ നടന്നത്. കോവിഡ് വ്യാപനത്തിനെതിരെ രാജ്യവ്യാപക ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. എന്നാൽ, സമ്മേളനം മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News