ബംഗാളില്‍ തൃണമൂല്‍; തമിഴ്നാട് ഡി.എം.കെ തൂത്തുവാരും: എക്സിറ്റ് പോള്‍ ഫലങ്ങള്‍
കേരളത്തിൽ എൽ.ഡി.എഫിന്‍റെ അധികാര തുടർച്ചയുണ്ടാകുമെന്നുമാണ് പ്രവചനങ്ങൾ.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ശക്തമായ പ്രചാരണ പരിപാടികളുമായി സംസ്ഥാനം ഇളക്കി മറിച്ച ബി.ജെ.പി നൂറിലേറെ സീറ്റ് നേടുമെന്നും പ്രവചനമുണ്ട്. അസമിൽ ബി.ജെ.പി അധികാരം നേടും.
തമിഴ്നാടിൽ ഡി.എം.കെ സഖ്യം തൂത്തുവാരും. കേരളത്തിൽ എൽ.ഡി.എഫിന്‍റെ അധികാര തുടർച്ചയുണ്ടാകുമെന്നുമാണ് പ്രവചനങ്ങൾ.
തമിഴ്നാട് നിയമസഭയിലെ 234 സീറ്റുകളിൽ രണ്ടിൽ മൂന്നും ഡി.എം.കെ സഖ്യം നേടും. 160 മുതൽ 170 സീറ്റുകൾ വരെ സ്റ്റാലിനും സംഘവും നേടുമ്പോൾ അണ്ണാ ഡി.എം.കെ 58 മുതൽ 68 വരെ സീറ്റുകൾ നേടുമെന്നാണ് റിപബ്ലിക്-സി.എൻ.എക്സ് പോൾ പ്രവചിക്കുന്നത്.
ബംഗാളിൽ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ തൃണമൂലിന്റെ ഭരണത്തുടർച്ച പ്രവചിക്കുന്നു. 294 അംഗ സഭയിൽ തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേടും. ബി.ജെ.പിക്ക് നൂറിന് മുകളിൽ സീറ്റുകൾ ലഭിക്കും. ഇടത് - കോൺഗ്രസ് പാർട്ടികളുടെ മൂന്നാം മുന്നണിക്ക് 15 മുതൽ 25 വരെ സീറ്റുകൾ നേടും.