ബിജെപിക്കാവില്ല ബംഗാള്‍ പിടിക്കാന്‍; മൂന്നാമതും തൃണമൂല്‍

ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം തള്ളി ബംഗാള്‍ ജനത

Update: 2021-05-02 08:06 GMT
Advertising

പശ്ചിമ ബംഗാളില്‍ ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാനാവില്ല. 294 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 201 സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപി ലീഡ് ചെയ്യുന്നത് 89 സീറ്റില്‍ മാത്രം. എല്‍ഡിഎഫും കോണ്‍ഗ്രസും ചിത്രത്തിലേ ഇല്ല.

തൃണമൂല്‍ വിജയിക്കുമ്പോഴും ആ വിജയത്തിന് നേതൃത്വം നല്‍കിയ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്. ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്ന, തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് ഇവിടെ മുന്നില്‍.

200ല്‍ അധിക സീറ്റുകള്‍ നേടി ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സിഎഎ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും പറയുകയുണ്ടായി. വര്‍ഗീയ ധ്രുവീകരണം, ഭരണപക്ഷത്തെ എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കല്‍, മമത ന്യൂനപക്ഷങ്ങളുടെ മാത്രം മുഖ്യമന്ത്രിയാണെന്നും മമത ബംഗാളിനെ ബംഗ്ലാദേശാക്കുന്നുവെന്നുമുള്ള ആരോപങ്ങള്‍.. ഇതൊക്കെയായിരുന്നു ബിജെപിയുടെ തന്ത്രങ്ങള്‍.

ബംഗാളിൽ ഭരണമെന്ന മോഹം സിപിഎമ്മിനും കോൺഗ്രസിനുമില്ലായിരുന്നു. നഷ്ടപ്പെട്ട ഇടം കുറച്ചെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിൽ. എന്നാൽ അവസാന ഘട്ടമായപ്പോൾ, മൽസരം തൃണമൂലും ബിജെപിയും തമ്മിലെന്ന് അംഗീകരിച്ച് ഇവർ പിൻവലിഞ്ഞ പോലെയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം ബിജെപി വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ ഒരു സീറ്റിലും വിജയിക്കാന്‍ പറ്റാതിരുന്ന ബിജെപി, 2016ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപി വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസത്തോടെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്. 2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. തൃണമൂല്‍ ഇത്തവണയും ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News