നിങ്ങളാണ് യഥാര്‍ഥ ഹീറോസ്.. കോവിഡ് മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്ത് അനുഷ്കയും കോലിയും
സ്വന്തം സുരക്ഷ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയാണ് കോവിഡ് മുന്നണിപ്പോരാളികള്‍
കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും നടി അനുഷ്ക ശര്‍മയും. സ്വന്തം സുരക്ഷ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയാണ് കോവിഡ് മുന്നണിപ്പോരാളികളെന്ന് ഇരുവരും പറഞ്ഞു.
"നമ്മുടെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വലിയൊരു നന്ദി അറിയിക്കുന്നു. നിങ്ങളുടെ അര്‍പ്പണബോധം ശരിക്കും പ്രചോദിപ്പിക്കുന്നു. നിങ്ങള്‍ സ്വന്തം ജീവിതം രാജ്യത്തിനായി അപകടത്തിലാക്കുകയാണ്. അതിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളാണ് യഥാര്‍ഥ ഹീറോസ്"
ഈ വിഷമമേറിയ ഘട്ടത്തില്‍ സാധ്യമായ എല്ലാ വിധത്തിലും പരസ്പരം താങ്ങായി നില്‍ക്കുന്നവരോടുള്ള നന്ദിയും അനുഷ്കയും കോലിയും രേഖപ്പെടുത്തി. രാജ്യം ഈ ഹീറോകളെ നന്ദിപൂര്‍വം ഓര്‍ക്കുന്നുവെന്നും ഇരുവരും പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണവും അനുഷ്കയും കോലിയും ചേര്‍ന്ന് കഴിഞ്ഞ ദിവസും തുടങ്ങിയിരുന്നു. 3.6 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത്. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കീറ്റോ വഴിയാണ് ധനശേഖരണം. ഇതിലേക്ക് രണ്ടു കോടി ഇരുവരും ആദ്യം തന്നെ സംഭാവന ചെയ്തു. ഏഴു ദിവസം കൊണ്ട് ഏഴു കോടിയാണ് ലക്ഷ്യം.
സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് താരങ്ങൾ ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ച് അറിയിച്ചത്. 'രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും അസാധാരണ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒന്നിച്ചുനിന്ന് പരമാവധി ജീവൻ രക്ഷിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതലുള്ള കാഴ്ചകൾ കണ്ട് ഞാനും അനുഷ്‌കയും സ്തബ്ധരായിരിക്കുകയാണ്. മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാനായി ഞങ്ങൾ സാധ്യമായ രീതിയിൽ ഉണ്ടായിരുന്നു. മറ്റെന്നേതിനേക്കാളും രാജ്യം നമ്മുടെ പിന്തുണ ആഗ്രഹിക്കുന്ന വേളയാണിത്'.
We'd like to say a big thank you to all our healthcare and frontline workers, their dedication is truly inspiring. You continue to risk your lives for the nation, and for that, we are eternally grateful to you. You are the real heroes, for Virat and I, and for the nation. pic.twitter.com/c7l3kdU94R
— Anushka Sharma (@AnushkaSharma) May 9, 2021