'നമ്മളെന്താ ദരിദ്രരായി പോയത്?' നൊമ്പരമായി കശ്മീരി വിദ്യാര്‍ഥിയുടെ അവസാന വാക്കുകള്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ശമ്പളം മുടങ്ങിയ നിരവധി പേരില്‍ ഒരാളാണ് ശുഐബിന്‍റെ പിതാവ്
മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ജമ്മു കശ്മീര്‍ സ്വദേശി ശുഐബ് മെയ് 26ന് സുഹൃത്ത് മുഹമ്മദ് അബ്ബാസിന് സന്ദേശമയച്ചു- ആരെങ്കിലും തന്നെ അന്വേഷിച്ചാല്‍ സമീപത്തെ തോട്ടത്തിലുണ്ടാവുമെന്ന് പറയണം എന്നായിരുന്നു സന്ദേശം. അബ്ബാസ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശുഐബ് ഫോണ്‍ എടുത്തില്ല. ശുഐബ് അപ്പോള്‍ ആത്മഹത്യയ്ക്ക് മുന്‍പ് തനിക്ക് ലോകത്തോട് പറയാനുള്ളത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് അബ്ബാസിനും അറിയുമായിരുന്നില്ല.
വിഷം കഴിച്ച ശുഐബിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. ഫോണില്‍ നിന്നും ശുഐബ് അവസാനമായി ചിത്രീകരിച്ച ആ വീഡിയോ കണ്ടെടുത്തു. അതില്‍ പറയുന്നത് ഇങ്ങനെയാണ്-
"രണ്ടര വർഷമായി എന്റെ പിതാവിന് ശമ്പളം കിട്ടിയിട്ട്. ഞങ്ങളുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. ശമ്പളം ലഭിക്കാത്ത എല്ലാ അധ്യാപകരുടെയും ദുരിതങ്ങൾ എന്റെ ആത്മഹത്യയോടെ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു".
'ഈ ദുരിതം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം'
സോഷ്യൽ മീഡിയയില്‍ ഈ വീഡിയോ വൈറലായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ശേഷം ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ നേര്‍ചിത്രമാണിതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പലര്‍ക്കും തൊഴില്‍ നഷ്ടമായി. ചില ജീവനക്കാരെ അന്വേഷണം പോലുമില്ലാതെ പുറത്താക്കി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും ജീവനക്കാർക്ക് വിലക്കുണ്ട്.
ശുഐബിന്‍റെ പിതാവ് ബഷീറിനെ 1996ലെ പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 1999ൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2005ൽ ജമ്മു കശ്മീർ സർക്കാർ അദ്ദേഹത്തെ സര്‍ക്കാര്‍ ജീവനക്കാരനായി നിയമിച്ചു. 2019ല്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ബഷീര്‍ ഉള്‍പ്പെടെ മുന്നോറോളം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതായി. ഔദ്യോഗികമായ അറിയിപ്പൊന്നും ഇല്ലാതെ തന്നെ ശമ്പളം കിട്ടാതാവുകയായിരുന്നു. പക്ഷേ അവരോടെല്ലാം ജോലി തുടരാനും ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കും ഇവരെ വിടുകയുണ്ടായി.
ശുഐബിന്‍റെ അവസാന ആഗ്രഹം സഫലമായി
ശമ്പളം മുടങ്ങിയതോടെ കുടുംബം കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിക്കൊണ്ടിരുന്നു. ശുഐബ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ബഷീര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി, അപമാനമായി. മക്കളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയായെന്ന് പിതാവ് പറയുന്നു. ശുഐബ് നിശബ്ദനായി എല്ലാം സഹിച്ചു. സെമസ്റ്റര്‍ ഫീസ് അടയ്ക്കാനുള്ള പണമില്ല. കഴിഞ്ഞ കുറച്ചുമാസമായി ശുഐബും ചില ജോലികള്‍ ചെയ്തു. പക്ഷേ കുടുംബത്തിന്‍റെ ബാധ്യതകള്‍ തീര്‍ന്നില്ല. ശമ്പളം വന്നോ എന്ന് എന്നും അവന്‍ ചോദിക്കുമായിരുന്നുവെന്ന് പിതാവ് പറയുന്നു.
ശുഐബ് തന്‍റെ മരണം തീരുമാനിച്ചുറപ്പിച്ചു. ആത്മഹത്യാ കുറിപ്പായി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണമില്ലായിരുന്നു. ആ വീഡിയോ തന്‍റെ ഫോണില്‍ നിന്നെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്ന് സുഹൃത്ത് അബ്ബാസിന് സന്ദേശമയച്ചു. വിഷം കഴിച്ച ശേഷം വീട്ടിലെത്തിയ ശുഐബ് നമ്മള്‍ എന്തുകൊണ്ടാ ദരിദ്രരായിപ്പോയതെന്ന് ഉമ്മയോട് ചോദിച്ചു. താന്‍ വിഷം കഴിച്ചെന്ന് ശുഐബ് ഉമ്മയോട് പറയുകയും ചെയ്തു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു.
ശുഐബിന്‍റെ മരണത്തിന് പിന്നാലെ ബി.എഡ് കോഴ്സിന്‍റെ പരീക്ഷാഫലം വന്നു. അവന് 81 ശതമാനം മാര്‍ക്കുണ്ടെന്ന സന്തോഷം ആ കുടുംബത്തോട് ഇതുവരെ പറയാന്‍ കഴിഞ്ഞില്ലെന്ന് അബ്ബാസ് പറയുന്നു. അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം വിട്ടുകൊടുക്കുന്നതിന് ജൂൺ 2ന് ജമ്മു കശ്മീർ ഭരണകൂടം ഉത്തരവിറക്കി- "അങ്ങനെ അവന്‍റെ അവസാന ആഗ്രഹം സഫലമായി. അവന്‍ അവന്‍റെ ജീവന്‍ ത്യജിച്ചു. അവനെ തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല".
കടപ്പാട്- ദ ക്വിന്‍റ്