കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ
വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യം; വ്യത്യസ്ത വില ഈടാക്കുന്നത് തടയണമെന്നും ഹരജി
Update: 2021-04-30 03:52 GMT
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്ന തരത്തിൽ വാക്സിൻ നയം തിരുത്തണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും വ്യത്യസ്ത വില ഈടാക്കാൻ വാക്സിൻ നിർമാതാക്കളെ അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കാനിരിക്കെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.