രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമെന്ന് ടി.പി രാമകൃഷ്ണൻ; വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമെന്ന് പി.കെ ശ്രീമതി
വർഗീയശക്തികളുമായി ചേരുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെയാണ് വിമർശിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍
കൽപറ്റ: എ. വിജയരാഘവന്റെ വർഗീയ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും. വർഗീയശക്തികളുമായി ചേരുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെയാണ് വിമർശിച്ചതെന്ന് രാമകൃഷ്ണൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് പി.കെ ശ്രീമതിയും വ്യക്തമാക്കി.
വിജയരാഘവന്റെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ല. വർഗീയശക്തികളുമായി ചേരുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെയാണ് വിമർശിച്ചത്. മതരാഷ്ട്രവാദം ഉയർത്തുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ യുഡിഎഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിർത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെയാണ് വിജയരാഘവൻ വിമർശിച്ചതെന്ന് രാമകൃഷ്ണൻ പറഞ്ഞു.
ലീഗാണ് വർഗീയശക്തികളുടെ സ്വാധീനം യുഡിഎഫിന് അകത്ത് ഉറപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ സ്വാധീനം കൊണ്ടാണ് ഇത്തവണ യുഡിഎഫ് വിജയം നേടിയത്. പാലക്കാട് എസ്ഡിപിഐ ആണ് ആദ്യം ആഹ്ളാദപ്രകടനം നടത്തിയത്. വിജയരാഘവന്റെ പ്രസംഗം വർഗീയ നിലപാടിൽനിന്ന് സമൂഹത്തെ രക്ഷിക്കലാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാിയുടെയും സ്വാധീനമുണ്ട്. ലീഗ് ഒരു വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല; അത് സാമുദായിക സംഘടനയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്ന് പി.കെ ശ്രീമതി വ്യക്തമാക്കി. വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നു. ഹിന്ദു-മുസ്‌ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
Summary: LDF convener TP Ramakrishnan and CPM central committee member PK Sreemathy support A. Vijayaraghavan's communal remarks