ഹിന്ദു രാഷ്ട്ര പരാമര്‍ശം; പി.സി ജോര്‍ജിനെ വിമര്‍ശിച്ച് സത്യദീപം എഡിറ്റോറിയല്‍

Update: 2021-04-15 12:52 GMT
Advertising

പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജിനെതിരെ സത്യദീപം എഡിറ്റോറിയല്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി ജോർജിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് സത്യദീപം എഡിറ്റോറിയലില്‍ വിമര്‍ശനം ഉന്നയിച്ചത്. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും തീവ്രവാദികളുമായി ചേര്‍ന്ന് ഇടത് - വലത് മുന്നണികൾ 2030 ഓടെ ഇന്ത്യയെ ഇസ്‍‍ലാമിക രാജ്യമാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു പി.സി ജോർജിന്‍റെ വര്‍ഗീയ പരാമര്‍ശം. ഇതിനെതിരെയാണ് സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഹിന്ദുരാഷ്ട്ര പ്രഖ്യാപനം പടരുന്ന വിഷചിന്തയുടെ സൂചനയാണെന്നാണ് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നത്. പി.സി ജോർജിന്‍റെ പേര് പറയാതെ 'ഒരു നേതാവ്' എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖപ്രസംഗത്തിലെ വിമർശനം.



മതേരത്വത്തെ പിന്തുണക്കേണ്ടതില്ലെന്ന തരത്തില്‍ തീവ്രചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും പങ്കുവക്കപ്പെടുന്നു എന്നതാണ് മാറിയ കാലത്തിന്‍റെ കോലം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു നേതാവ് പറയത്തക്ക രീതിയില്‍ ഈ വിഷവ്യാപനത്തിന്‍റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷേ അതിന്‍ പേരില്‍ നടക്കുന്ന അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാകില്ല. കണക്ക് ചോദിക്കുന്നത് കണക്ക് തീര്‍ക്കാനാകരുത്. സത്യദീപം മുഖപ്രസംഗം തുറന്നടിച്ചു.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഇന്ത്യയെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി. ജോർജിന്‍റെ വിവാദ പ്രസ്താവന. എന്നാല്‍ അത് അബദ്ധമോ പിഴവോ അല്ലെന്ന് ഇന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പിസി ജോര്‍ജ് ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ഭീകരസഘടനകളുടേതടക്കം പരസ്യവും രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്. വരാൻ പോകുന്ന വിപത്തിനെ കുറിച്ച് ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്‍റെ കടമയാണ്. പി.സി ജോർജ് ഇന്ന് ഫേസ്ബുക്കിൽ കുറിച്ചു.





തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ വൈറലായ റാസ്പുടിൻ ഡാൻസിനും സീറോ മലബാർ സത്യദീപത്തിലൂടെ പിന്തുണണ അറിയിച്ചിട്ടുണ്ട്. വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറിയെന്നായിരുന്നു എഡിറ്റോറിയലിലെ പരാമര്‍ശം. സഹവർത്തിത്വത്തിന്‍റെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങി. ഇത് മാന്യമല്ലാത്ത മാറ്റമാണെന്നും മുഖപ്രസംഗത്തിലൂടെ സത്യദീപം വിമര്‍ശിച്ചു

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News