എക്‌സിറ്റ്‌പോളിൽ വിശ്വാസമില്ലെന്ന് ചെന്നിത്തല
'മുഖ്യമന്ത്രിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസം'
എക്‌സിറ്റ്‌പോളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോൾ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും എക്‌സിറ്റ്‌പോൾ ഫലം യുഡിഎഫിന് എതിരായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ യുഡിഎഫ് വൻ നേട്ടമുണ്ടാക്കി. സർവേകൾ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിച്ചിട്ടില്ല. അതിനാൽ എക്‌സിറ്റ്‌പോളുകളെയും സർവേകളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നില്ല. ഫലം വരുമ്പോൾ യുഡിഎഫ് വൻ വിജയം നേടും. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. പരാജിതന്റെ കപട ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റേതെന്നും ചെന്നിത്തല ആക്ഷേപിച്ചു.
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചതിനു പിറകെ പുറത്തുവന്ന ദേശീയമാധ്യമങ്ങളുടെ എക്‌സിറ്റ്‌പോളുകളെല്ലാം കേരളത്തിൽ ഇടതുപക്ഷത്തിൻ ഭരണത്തുടർച്ചയാണു പ്രവചിക്കുന്നത്. 80 മുതൽ 120 സീറ്റുകൾ വരെ എൽഡിഎഫ് സ്വന്തമാക്കുമെന്നാണ് വിവിധ പ്രവചനങ്ങൾ.
എൽഡിഎഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോൾ പ്രവചനം. യുഡിഎഫ് 23 മുതൽ 36 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. എൻഡിഎക്ക് രണ്ടു സീറ്റുകളും ലഭിക്കും. എൻഡിടിവി എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത് 88 സീറ്റുമായി എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ്. യുഡിഎഫിന് 50ഉം എൻഡിക്ക് രണ്ടും സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.
ടൈംസ് നൗ-സീ വോട്ടർ എക്‌സിറ്റ്‌പോളിൽ എൽഡിഎഫിന് 74 സീറ്റുകൾ ലഭിക്കുമെന്നാണു സൂചിപ്പിക്കുന്നത്. യുഡിഎഫിന് 65ഉം മറ്റുള്ളവർക്ക് ഒന്നും സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. എൽഡിഎഫ് 72 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി-സിഎൻഎക്‌സ് എക്‌സിറ്റ്‌പോൾ ഫലം. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എൻഡിഎ ഒന്നുമുതൽ അഞ്ചുവരെ നേടുമെന്നും റിപബ്ലിക് ടിവി എക്‌സിറ്റ്‌പോളിൽ പറയുന്നു.