പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 12 ലക്ഷം കോടി രൂപയുടെ വായ്പകള്‍; കണക്കുകള്‍ ഇങ്ങനെ....
2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്
ഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകള്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.
2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള നാലുവര്‍ഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകള്‍ ഇത്രയുമധികം വായ്പകള്‍ എഴുതിത്തള്ളിയത്. 6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവില്‍ എഴുതിത്തള്ളിയത്. 2019 സാമ്പത്തികവര്‍ഷത്തിലാണ് വായ്പകള്‍ ഏറ്റവുമധികം എഴുതിത്തള്ളിയത്. 2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ല്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത്. ഏറ്റവും കുറവ് 2014 സാമ്പത്തികവര്‍ഷത്തിലാണ്. 1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവര്‍ഷത്തില്‍ കുടിശ്ശികയുള്ള ഏകദേശം 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്.
നിലവില്‍ ബാങ്കിങ് മേഖലയില്‍ നല്‍കുന്ന വായ്പയുടെ 51 ശതമാനം വിഹിതവും പൊതുമേഖലാ ബാങ്കുകളുടേതാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 54 ശതമാനത്തില്‍ താഴെയായിരുന്നു. ആര്‍ബിഐ കണക്കുകള്‍ പ്രകാരം 2024 സെപ്തംബര്‍ 30 വരെ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യമേഖലാ ബാങ്കുകളുടെയും മൊത്തം നിഷ്‌ക്രിയാസ്തി യഥാക്രമം 3,16,331 കോടി രൂപയും 1,34,339 കോടി രൂപയുമാണ്. കുടിശ്ശികയുള്ള വായ്പകളുടെ 3.01 ശതമാനം വരും പൊതുമേഖല ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി. സ്വകാര്യബാങ്കുകളുടേത് 1.86 ശതമാനമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു.
ബാങ്കിങ് പ്രവര്‍ത്തനത്തിന്‍റെ അഞ്ചിലൊന്ന് പങ്കാളിത്തമുള്ള എസ്ബിഐ ഇക്കാലയളവില്‍ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. പൊതുമേഖല ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 94,702 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.