വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കടുത്ത പാര്‍ശ്വ ഫലങ്ങളെന്ന വാര്‍ത്ത തെറ്റെന്ന് സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി

കഴിഞ്ഞ ദിവസം അതോറിറ്റി തന്നെ പുറത്ത് വിട്ട റിപ്പോര്‍ട്ടിനെ തെറ്റിദ്ധരിപ്പിച്ചാണ് ആളുകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്.

Update: 2021-04-22 01:42 GMT
By : Web Desk
Advertising

സൗദിയില്‍ നല്‍കി വരുന്ന കോവിഡ് വാക്‌സിനുകളെല്ലാം അംഗീകാരമുള്ളവയും ഉന്നത ഗുണനിലവാരമുള്ളതുമാണെന്ന് സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കടുത്ത പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ച സഹാചര്യത്തിലാണ് വിശദീകരണവുമായി അതോറിറ്റി രംഗത്തെത്തിയത്.

വാക്‌സിന്‍ സ്വീകരിച്ചവരില്‍ അപൂര്‍വ്വം ചിലര്‍ക്ക് അനുഭവപ്പെട്ട പാര്‍ശ്വ ഫലങ്ങളെ സമീകരിച്ച് വാക്‌സിന്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നല്‍കി വരുന്ന അംഗീകാരമുള്ള മുഴുവന്‍ വാക്‌സിനുകളും ഉന്നത ഗുണനിലവാരമുള്ളവയാണെന്നും സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അതോറിറ്റി തന്നെ പുറത്ത് വിട്ട റിപ്പോര്‍ട്ടിനെ തെറ്റിദ്ധരിപ്പിച്ചാണ് ആളുകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്.

അസ്ട്രാസെനിക്ക വാക്‌സിന്‍ സ്വീകരിച്ച പതിനഞ്ചോളം പേര്‍ക്ക് ഇതിനകം രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതായാണ് ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി  അറിയിച്ചിരുന്നത്.  ഇത് ലക്ഷക്കണക്കിന് പേരില്‍ അപൂര്‍വ്വം ചിലരില്‍ മാത്രം അനുഭവപ്പെടുന്നതാണെന്നും  അതോറിറ്റി വിശദീകരിച്ചു. അസ്ട്രാസെനിക്ക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുക, രക്തത്തിലെ പ്ലെറ്റ്‌ലെറ്റുകള്‍ കുറയുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് ഇതിനകം 34 പരാതികളാണ് ലഭിച്ചത്. ഇവ ശാസ്ത്രീയമായും സാങ്കേതികമായും പഠിച്ച ശേഷം ഏഴോളം കേസുകളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് അനുഭവപ്പെടുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.


Full View


Tags:    

By - Web Desk

contributor

Similar News