'ഒരു ഏജന്‍സിയും വിളിപ്പിച്ചിട്ടില്ല, എത്തിയത് ജോലിക്കാര്യത്തിന്'; സമീര്‍ വാങ്കഡെ ഡല്‍ഹിയില്‍
കൈക്കൂലി ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.ബി ഡയറക്ടര്‍ ജനറലിനെ കാണാന്‍ വാങ്കഡെ ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഡല്‍ഹിയിലെത്തി. കൈക്കൂലി ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എന്‍.സി.ബി ഡയറക്ടര്‍ ജനറലിനെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഒരു ഏജന്‍സിയും തന്നെ വിളിപ്പിച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായാണ് സന്ദര്‍ശനമെന്നുമാണ് സമീര്‍ വാങ്കഡെയുടെ പ്രതികരണം.
ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നും വാങ്കഡെ ചോദിച്ചു. എന്‍.സി.ബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് ഈ ആരോപണങ്ങളെന്നും ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പണം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍റെ മാനേജറെ സമീപിച്ചിട്ടില്ലെന്നാണ് കിരണ്‍ ഗോസാവിയുടെ വെളിപ്പെടുത്തല്‍. ജീവന് ഭീഷണിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നും ഗോസാവി വ്യക്തമാക്കിയിരുന്നു.