വാക്കും വരിയും കടഞ്ഞെടുത്ത വരയുടെ മായാജാലം
കറുത്ത മഷിയിൽ മായാജാലം തീർത്ത അക്ഷരങ്ങൾ പതിഞ്ഞുകിടന്ന അതേ കടലാസിൽ നമ്പൂതിരിയുടെ ചിത്രങ്ങൾ കൽപ്പനയുടെ പ്രപഞ്ചങ്ങൾക്ക് പുതിയ തലം തീർത്തു
കോഴിക്കോട്: മലയാളിയുടെ വായനാനുഭവത്തെ മാറ്റിമറിച്ച കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ നമ്പൂതിരി ഉയർത്തി. മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികൾക്കാണ് നമ്പൂതിരി രേഖാചിത്രങ്ങൾ ഒരുക്കിയത്. തകഴി, എം.ടി, ഉറൂബ്, വി.കെ.എൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്.
രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയ നമ്പൂതിരി ശിൽപകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചു. വാക്കുകളും വരികളും കടഞ്ഞ് നിരവധി കഥാപാത്രങ്ങളെ വരകളിൽ വാർത്ത് മലയാളിയുടെ ഭാവനാപ്രപഞ്ചത്തിലേക്ക് ഇറക്കിവിട്ട കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ലോകസാഹിത്യത്തിന് മലയാളം സംഭാവന ചെയ്ത അതുല്യ കഥാപാത്രങ്ങളെയാണ് നമ്പൂതിരി നേർത്ത നൂലുപോലെയുള്ള വരകളിൽ തീർത്തത്. കറുത്ത മഷിയിൽ മായാജാലം തീർത്ത അക്ഷരങ്ങൾ പതിഞ്ഞുകിടന്ന അതേ കടലാസിൽ നമ്പൂതിരിയുടെ ചിത്രങ്ങൾ കൽപ്പനയുടെ പ്രപഞ്ചങ്ങൾക്ക് പുതിയ തലം തീർത്തു. സാഹിത്യസൃഷ്ടികൾക്ക് വേണ്ടി വരച്ചയാൾ എന്നതിനപ്പുറം മലയാള ചിത്ര-ശിൽപ കലാരംഗത്തിന് പുതിയ ഉണർവ് നൽകിയ കലാകാരനാണ് നമ്പൂതിരി.
1925 സെപ്റ്റംബര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് കെ.എം വാസുദേവന്‍ എന്ന ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശിൽപങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാര്‍പ്പിലും തത്പരനായി വാസുദേവൻ നമ്പൂതിരി. കലാസപര്യ പിന്തുടരുന്നതിനായി നമ്പൂതിരി ചെന്നൈയിലേക്ക് പോയി ഗവൺമെന്റ് ഫൈൻ ആര്‍ട്സ് കോളജിൽ ചേര്‍ന്നു.
ദേവി പ്രസാദ് റോയ് ചൌധരി, കെ.സി.എസ് പണിക്കര്, എസ്. ധനപാൽ തുടങ്ങി ഇന്ത്യൻ ചിത്ര ശിൽപകലയിലെ മഹാപ്രതിഭകളുടെ ശിക്ഷണം നമ്പൂിതിരിക്ക് ലഭിക്കുന്നത് ചെന്നൈയിലെ പഠനകാലത്താണ്. ഇവരുടെ കലാരചനാ രീതിയുടെ അതിശക്തമായ സ്വാധീനം യുവകലാകാരനായ നമ്പൂതിരിയിലുണ്ടായി. ഫൈൻ ആര്‍ട്സ് കോളജിൽനിന്ന് ലളിത കലയിലും അപ്ലൈഡ് ആര്‍ട്സിലുമായി രണ്ട് ഡിപ്ലോമകള്‍ നമ്പൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡൽ കലാഗ്രാമത്തിലും നമ്പൂതിരി ഒരു കോഴ്സ് പൂര്‍ത്തിയാക്കി.
1960ൽ മാതൃഭൂമിയിൽ ചേര്‍ന്നു. തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടുകാലം തകഴി, കേശവദേവ്, എം.ടി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വി.കെ.എൻ തുടങ്ങിയ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് നമ്പൂതിരി രേഖാചിത്രങ്ങളൊരുക്കി. മാതൃഭൂമിയിൽ നമ്പൂതിരി വരച്ച നാണിയമ്മയും ലോകവും എന്ന പോക്കറ്റ് കാര്‍ട്ടൂണ പരമ്പര ശ്രദ്ധേയമായിരുന്നു. 1982ല്‍ കലാകൗമുദിയിൽ ചേര്‍ന്ന നമ്പൂതിരി പിന്നീട് മലയാളം വാരികയിലും പ്രവര്‍ത്തിച്ചു.
രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്നു നമ്പൂതിരി. അദ്ദേഹം അധ്യക്ഷനായിരുന്ന കാലത്താണ് അക്കാദമിക്ക് തൃശൂരിൽ അസ്ഥാനമന്ദിരം ഉണ്ടാവുന്നത്. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിൽ ആര്‍ട് ഗ്യാലറി സ്ഥാപിച്ചതിന് പിന്നിലും നമ്പൂതിരിയുടെ പ്രവര്‍ത്തനമുണ്ട്. വരയ്ക്കും ശിൽപരചനയ്ക്കും പുറമേ എഴുത്തിലും ചലച്ചിത്രകലയിലും നമ്പൂതിരി തന്റെ പ്രതിഭ പരീക്ഷിച്ചിട്ടുണ്ട്.
ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിൽ കലാസംവിധാനം നിര്‍വഹിച്ച നമ്പൂതിരിക്ക് 1974ൽ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ലളിതകലാ അക്കാദമി 2001ൽ ആരംഭിച്ച രാജാരവിവര്‍മ പുരസ്കാരം 2003ൽ നമ്പൂതിരി നേടി. പത്മരാജൻ അടക്കമുള്ള പ്രതിഭകളുടെ ചലച്ചിത്രങ്ങളിൽ നമ്പൂതിരി തന്റെ മികവ് പ്രയോഗിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ കലാസപര്യയെക്കുറിച്ച് പുസ്തകങ്ങളും ഡോക്യുമെന്‍ററിയും ഉണ്ടായിട്ടുണ്ട്. നമ്പൂതിരിയുടെ സ്ത്രീ വരകളെപ്പറ്റി മാത്രം ഒരു പുസ്തകം രചിക്കപ്പെട്ടിച്ചുണ്ട്. മലയാള ചിത്ര-ശിൽപകലാരംഗത്തിന് മുന്നിൽ നമ്പൂതിരി തീര്‍ത്ത ഭാവുകത്വപരിണാമ ചിത്രത്തിന്റെ പൂര്‍ണരൂപം കാലത്തിന്റെ ഇനിവരുന്ന അധ്യായങ്ങളിലാവും കാണാനാവുക.
Summary: Artist Namboothiri profile