ലുബാന്‍ കൊടുങ്കാറ്റ്; തെക്കന്‍ ഒമാനില്‍ ശക്തമായ മഴ
സലാല ഉള്‍പ്പെടുന്ന നഗര പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ മുതല്‍ ഇടവിട്ട മഴ ആരംഭിച്ചിട്ടുണ്ട്. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്
ലുബാന്‍ കൊടുങ്കാറ്റിന്റെ ഭാഗമായുള്ള മഴ സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റ് യമന്‍ ഭാഗത്തേക്കാണ് നീങ്ങുന്നത്. കാറ്റിന്റെ വേഗതയേറിയ മധ്യഭാഗം തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലുബാന്‍ കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞിരുന്നു. 83 മുതല്‍ 102 കിലോമീറ്റര്‍ വരെയാണ് ഇപ്പോള്‍ കാറ്റിന്റെ വേഗത. കാറ്റിന്റെ പരോക്ഷ പ്രതിഫലനങ്ങള്‍ ഒമാന്റെ തെക്കന്‍ ഭാഗങ്ങളില്‍ ആരംഭിച്ചു. സലാല ഉള്‍പ്പെടുന്ന നഗര പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ മുതല്‍ ഇടവിട്ട മഴ ആരംഭിച്ചിട്ടുണ്ട്. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്.
സദയില്‍ പാറയില്‍ കുടുങ്ങിയ ഉരുവില്‍ നിന്ന് 8 പേരെ രക്ഷപ്പെടുത്തി. കാറ്റിന്റെ ദിശ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെയാണ്. ദോഫാര്‍ തീരത്ത് കൂടി യമനിലേക്കാണ് കാറ്റിന്റെ പ്രവാഹമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. യമന്റെ ഭാഗമായ ഹളറമൗത്തിലായിരിക്കും കാറ്റ് ഏറ്റവും നാശം വിതക്കുകയെന്നറിയുന്നു.
കാറ്റിന്റെ നേരിട്ടുള്ള പ്രതിഫലനങ്ങള്‍ ഇന്നാരംഭിക്കും. ദോഫാര്‍ പ്രദേശത്ത് ഇടിയോട് കൂടിയ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. 56 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുകയും ചെയ്യും. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും, വാദികള്‍ മുറിച്ച് കടക്കരുതെന്നും അധികൃതര്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.