വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിലെടുക്കുന്നവരെ പിടിക്കാന്‍ ഒമാന്‍
ഒമാനിലെ വിവിധ കമ്പനികളിൽ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആളുകൾ ജോലി ചെയ്യുന്നതായ റിപ്പോർട്ടുകൾ കർശനമായി നിരീക്ഷിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രാലയം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഡയറക്ടർ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ 2012 ഡിസംബർ മുതൽ പ്രാബല്ല്യത്തിലുണ്ട്. ഒമാന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്ല്യതാ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക നിയമവും പാസാക്കിയിട്ടുണ്ട്. ഇത് പ്രകാരം വിദേശ സർവകലാശാലകൾ നൽകുന്ന എല്ലാത്തരം സർട്ടിഫിക്കറ്റുകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. അല്ലാത്ത പക്ഷം അവയെ യഥാർഥ സർട്ടിഫിക്കറ്റുകളായി കണക്കാക്കുകയില്ല.
വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് ജി.സി.സി രാജ്യങ്ങൾ പൊതുവായാണ് രൂപം നൽകിയിട്ടുള്ളത്.