വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ചു
അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ആകെ 19 സർവീസുകളാണ് ഉള്ളത്. ഒമാനിൽ നിന്നും നാല് സർവീസുകൾ കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്ന് വീതം കണ്ണൂരിനും കോഴിക്കോടിനുമാണ് ഉള്ളത്
ഒമാനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ അഞ്ചാംഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ആകെ 19 സർവീസുകളാണ് ഉള്ളത് ഇതിൽ എട്ട് സർവീസുകള്‍ കേരളത്തിലേക്കാണ്. ഒമാനിൽ നിന്നും നാല് സർവീസുകൾ കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്ന് വീതം കണ്ണൂരിനും കോഴിക്കോടിനുമാണ് ഉള്ളത്. സലാലയിൽ നിന്നും അഞ്ചാം ഘട്ടത്തിൽ രണ്ട് സർവീസുകളാണ് ഉൾപ്പെടുത്തിയിട്ടുളത്. കൊച്ചിക്ക് പുറമെ ദൽഹിയിലേക്കാണ് സലാലയിൽ നിന്ന് വിമാനമുള്ളത്.
ആഗസ്റ്റ് ആറ് വ്യാഴാഴ്ചയാണ് ഒമാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത്.ഒമാനിൽ നിന്നുള്ള വന്ദേ ഭാരത് സർവീസുകളുടെ എണ്ണം നൂറ് കഴിഞ്ഞു. വന്ദേ ഭാരത് വിമാനങ്ങളിലായി 17,130 മുതിർന്നവരും 272 കുട്ടികളുമാണ് നാടണഞ്ഞതെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മെയ് ആദ്യത്തിലാണ് ഒമാനിൽ നിന്ന് വന്ദേ ഭാരത് സർവീസുകൾ തുടങ്ങിയത്. മസ്കത്തിൽ നിന്നും സലാലയിൽ നിന്നുമായ് 203 ചാർേട്ടഡ് വിമാനങ്ങളും സർവീസ് നടത്തിയിട്ടുണ്ട്. ഏകദേശം 36000ത്തോളം പേരാണ് ചാർേട്ടഡ് വിമാനങ്ങളിൽ മടങ്ങിയത്. വന്ദേ ഭാരത്, ചാർേട്ടഡ് വിമാനങ്ങളിലായി ഇതുവരെ ഏതാണ്ട് 53000ത്തിലധികം ഇന്ത്യക്കാർ ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.