വന്ദേഭാരത് പദ്ധതി; ആറാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ഏഴ് വിമാനങ്ങള്‍
സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ 21 സർവീസുകളാണ് ഉള്ളത്.
വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽ നിന്നുള്ള ആറാം ഘട്ട വിമാന സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ 21 സർവീസുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്നാണ് മുഴുവൻ സർവീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സർവീസുകൾ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ് ഉള്ളത്.
സെപ്റ്റംബർ മൂന്നിനാണ് കേരളത്തിലേക്കുള്ള സർവീസ് തുടങ്ങുന്നത്. കണ്ണൂരിനാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറിന് കോഴിക്കോടിനും വിമാനങ്ങളുണ്ട്. ചെന്നൈ, ലഖ്നൗ, മുംബൈ, ദൽഹി, ബംഗളൂരു/മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ. സലാലയിൽ നിന്ന് ഈ ഘട്ടത്തിലും കേരളത്തിലേക്ക് സർവീസുകൾ ഏർപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബർ ഒന്നു മുതലുള്ള സർവീസുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകണം.