മാധ്യമത്തിൻ്റെ മനുഷ്യരൂപം

"അന്ന് രാത്രി 12 മണി കഴിഞ്ഞിട്ടും പോകാതെ ഒന്നാം എഡിഷൻ പത്രം വായിച്ച്, തെറ്റുകൾ തിരുത്തി രണ്ടാം എഡിഷനിൽ അതുണ്ടാകരുത് എന്ന് ഉറപ്പാക്കാൻ പണിപ്പെടുന്ന ന്യൂസ് എഡിറ്ററെ കണ്ടുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോയത്."

Update: 2022-03-23 10:14 GMT
Advertising

മാധ്യമം പത്രത്തിൻ്റെ പതിനഞ്ചാം വാർഷികമൊക്കെ ആയപ്പോഴേക്ക് ആദ്യത്തെ പ്രസ്സ് ക്ഷീണിച്ചു തുടങ്ങിയിരുന്നു. ന്യൂസ് പ്രിൻറ് പൊട്ടാനും മഷി പടരാനുമൊക്കെ തുടങ്ങി. പകൽ മുഴുവൻ അറ്റകുറ്റപ്പണി എടുത്താലേ രാത്രി പത്രം അടിക്കാനാകൂ എന്ന അവസ്ഥയായി. അവസാനം അത് അഴിച്ച് ഒഴിവാക്കാൻ തീരുമാനിച്ചു. പുതിയ കളർ പ്രസ്സ് വന്നു. അത് അകത്ത് സ്ഥലം പിടിച്ചപ്പോൾ പഴയപ്രസ്സ് അഴിച്ചെടുത്ത് മുറ്റത്തെ ഷെഡ്ഢിൽ സ്ഥാപിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു വാർഷികം വന്നത്. ചെറിയ ചടങ്ങാണ്. സ്ഥലത്തുള്ള ജീവനക്കാർ എല്ലാവരും കൂടിയിരിക്കുന്നു. എഡിറ്റർ ഇൻ ചാർജ്ജ് ആയ ഒ. അബ്ദുറഹ്മാൻ സാഹിബ് സംസാരിക്കുന്നു:മുറ്റത്തെ ഷെഡ്ഢിലെ പഴയ പ്രസ്സിനു നേരേയും സ്റ്റേജിന് നേരെയും വിരൽചൂണ്ടി അദ്ദേഹം പറഞ്ഞു. 

" ആ ഇരിക്കുന്ന യന്ത്രവും ഈ ഇരിക്കുന്ന അസൈനും ചേർന്നാണ് ഈ പത്രത്തെ ഇവിടെ എത്തിച്ചത് ".

അതാണ് സത്യം. പ്രിൻ്റിങ്ങ് പ്രസ്സ് പ്രസ്സിന് അകത്താണെന്നങ്കിൽ അസൈൻ കാരന്തൂർ ഡസ്കിലായിരുന്നു. അതേയുള്ളൂ വ്യത്യാസം. രണ്ടും എണ്ണയിട്ട യന്ത്രം പോലെ ദിനേന പ്രവർത്തിച്ചു.

തുടക്കകാലം മുതൽ പത്രത്തിൻ്റെ ന്യൂസ് എഡിറ്ററാണ് അസൈൻ കാരന്തൂർ. ഏക ന്യൂസ്എഡിറ്റർ. ആദ്യം സർക്കാർ ജീവനക്കാരനായിരുന്നു. നല്ല സ്പോർട്സ് ലേഖകനുമായിരുന്നു. മാധ്യമത്തെക്കുറിച്ചുള്ള ആലോചനകൾ പ്രയോഗത്തിലേക്ക് കടന്നപ്പോൾ, പത്രപ്രവർത്തകരുടെ ടീം ഉണ്ടാക്കിയപ്പോൾ ജോലി ഉപേക്ഷിച്ച് വന്നതാണ്.

പത്രം പ്രവർത്തനമാരംഭിച്ച് അഞ്ചാറ് കൊല്ലം കഴിഞ്ഞാണ് ഇതെഴുതുന്ന ആൾ ചേരുന്നത്. ഡസ്കിലേക്ക് കയറിചെല്ലുമ്പോൾ ആരേയും പരിചയമില്ല. പത്രത്തിൻ്റെ ഡസ്ക് എങ്ങനെയാണെന്നോ അതിൻ്റെ പ്രവർത്തനം എങ്ങനെയാണെന്നോ അറിയില്ല.

സഭാകമ്പത്തോടെയും ചെറിയൊരു നാണ(!) ത്തോടെയും അടിവെച്ചടി വെച്ച് അകത്തേക്ക് ചെന്നപ്പോൾ എല്ലാവരും ഗൗരവത്തിൽ പണിയിലാണ്. ആരും തല ഉയർത്തി നോക്കുന്നതേയില്ല. അഥവാ നോക്കിയവർ ചിരിക്കുന്നുമില്ല. ഇനിയെന്ത് ചെയ്യേണ്ടൂ എന്ന് അന്തം വിട്ട് നിൽക്കുമ്പോഴാണ് നിറഞ്ഞ ചിരിയോടെ ന്യൂസ് എഡിറ്റർ വിളിക്കുന്നത്: " ആ വാ, വാ". അങ്ങനെ അവിടെ എനിക്കൊരു ആളായി. അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരേയും പരിചയപ്പെടുത്തി. ഇരിക്കാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചുതന്നു. ഇടക്കെപ്പഴോ എഴുന്നേറ്റ് കാൻറീനിലേക്ക് പോകുമ്പോൾ പുറത്ത് തട്ടിവിളിച്ചു: "വാ". ആ ദിവസം എല്ലാം കണ്ടു പഠിക്കാനായിരുന്നു നിർദ്ദേശം.

പിറ്റേ ദിവസം രാവിലെ, ജോലിക്ക് ചേർന്നതുമായി ബന്ധപ്പെട്ട ഓഫീസുകാര്യങ്ങൾക്കും പത്രങ്ങൾ വായിക്കാനും എല്ലാംകൂടി നേരത്തേ തന്നെ ഓഫീസിലെത്തി. നേരത്തേയെന്നാൽ പന്ത്രണ്ടുമണിക്ക് മുമ്പ്. ഞാൻ ഡസ്ക്കിലേക്ക് കടന്നു ചെല്ലുമ്പോൾ ന്യൂസ് എഡിറ്ററുണ്ട് സീറ്റിലിരുന്ന് ജോലി ചെയ്യുന്നു!

അന്ന് രാത്രി 12 മണി കഴിഞ്ഞിട്ടും പോകാതെ ഒന്നാം എഡിഷൻ പത്രം വായിച്ച്, തെറ്റുകൾ തിരുത്തി രണ്ടാം എഡിഷനിൽ അതുണ്ടാകരുത് എന്ന് ഉറപ്പാക്കാൻ പണിപ്പെടുന്ന ന്യൂസ് എഡിറ്ററെ കണ്ടുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോയത്.

ഏറെത്താമസിയാതെ ആ മനുഷ്യയന്ത്രത്തിൻ്റെ പ്രവർത്തനരീതി മനസ്സിലായി. ഉച്ചയ്ക്ക് മുൻപ് പതിനൊന്നരയോടെ ഓഫീസിലെത്തും. പാതിരാത്രിയും സെക്കൻ്റ് എഡിഷനും കഴിഞ്ഞ് ഒന്നരയോടെ മാത്രമേ തിരിച്ചുപോകാൻ ഒരുങ്ങുകയുള്ളൂ. എഴുന്നേറ്റ് പുറത്തെത്താൻ പലപ്പോഴും രണ്ടാവും.

ഞാറാഴ്ചയോ, ഒഴിവുദിനമോ ഇല്ല. പത്രമില്ലാത്ത ദിവസങ്ങളിലും ന്യൂസ് എഡിറ്റർ കസേരയിലുണ്ടാവും. എല്ലാവരേയുമല്ലെങ്കിലും പ്രത്യേകം നോട്ടമിട്ട ചിലരൊയൊക്കെ ആ വഴി വളർത്തുകയും ചെയ്തു. രണ്ടും മൂന്നും ആഴ്ച്ചക്ക് ശേഷം നമ്മൾ ഒരു ദിവസം ഓഫ് എടുക്കട്ടെ എന്ന് ചോദിച്ചാൽ ഒരു കുലുക്കവുമില്ലാതെ പറയും: " ആ, നാളെ ഓഫെടുത്തോ. എന്നിട്ട് രാത്രിയാകുമ്പോ ഒന്ന് വന്ന് മലപ്പുറം പേജ് ചെയ്താൽ മതി". പത്രപ്രവർത്തകന് അവധി അനാവശ്യമാണ് എന്ന് വിശ്വസിച്ചിരുന്ന ന്യൂസ്എഡിറ്ററായിരുന്നു അദ്ദേഹം.

തനിക്ക് ചുറ്റിലും നടക്കുന്ന യാതൊരു സംഭവങ്ങളും ആ ന്യൂസ് എഡിറ്ററെ കുലുക്കിയില്ല. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ന്യൂസ് ഏജൻസികൾ അയച്ചുതരുന്ന വാർത്താ ശകലങ്ങൾ ആ കൈകളിലൂടെ കടന്നുപോകാൻ തുടങ്ങും. വൈകുന്നേരം ആറു മണിയോടെ ബ്യൂറോകളിൽ നിന്നുള്ള വാർത്തകൾ. അതൊക്കെ തരംതിരിച്ച് ബന്ധപ്പെട്ട ചീഫ് സബ് എഡിറ്റർമാരെ ഏൽപ്പിച്ചു കൊണ്ടിരിക്കെ രാത്രി ഒൻപതുമണിയോടെ തയ്യാറായ പേജുകൾ ആ കൈകളിലെത്തും. ഇതിനിടയിൽ ആ മനുഷ്യൻ എഴുന്നേൽക്കുന്നതോ പുറത്തു പോകുന്നതോ കാണണമെങ്കിൽ പന്തയംവെച്ച് കാത്തിരിക്കണം. അങ്ങനെയൊരു രാത്രിയിൽ പത്തരമണിയോടടുത്താണ്, ഇന്ത്യയെ ഞെട്ടിച്ച ആ വാർത്ത ന്യൂസ് ഏജൻസി തരുന്നത്: "രാജീവ് ഗാന്ധി ശ്രീപെരുംമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു" - ആ ഏജൻസി വാർത്ത വായിച്ചപ്പോൾ അൽപ്പം ഉറക്കെ ന്യൂസ് എഡിറ്റർ പിറുപിറുക്കുന്നത് അടുത്ത് ഇരുന്നവരൊക്കെ കേട്ടതാണ് " ഈ നേരമില്ലാത്ത നേരത്താണ് ഓരോരോ വാർത്ത ഉണ്ടാക്കി വെക്കുന്നത് " അതും പറഞ്ഞ് ലൈബ്രറിയിലേക്ക് വിളിച്ച് രാജീവ് ഗാന്ധിയുടെ ഫയൽ ആവശ്യപ്പെട്ടു. അപ്പോഴേക്ക് ഏജൻസി ടേക്കുകൾ വെച്ച് വാർത്തയെഴുതാൻ ചീഫ് സബ്ബിനെ ഏൽപ്പിച്ചു. അടുത്ത ഫോണിൽ എഡിറ്ററെ വിളിച്ചു. ബാക്കിയുള്ളവരെ വിളിച്ച് സൈഡ് സ്റ്റോറികൾ ഏൽപ്പിച്ചു...

വാർത്തകൾ, അത് കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന പത്രം, ഇവ രണ്ടുമല്ലാതെ ഒന്നും ആ മനസിന് പിടിച്ചിരുന്നില്ല. വാർത്തയുടേതല്ലാത്ത കാര്യത്തിന് ഫോണിൽ സംസാരിക്കേണ്ടിവന്നാൽ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതു കാണാം. അതല്ല, അത്തരം സംഭാഷണം നീണ്ടു പോവുകയാണെങ്കിൽ അതിലെ വൈരസ്യം നമുക്ക് കാണാനാകും. ഫോൺ ചുമലിലേക്ക് ഇറുക്കിവെച്ച് വെറുതെ മൂളിക്കൊണ്ട് ആൾ വേറെ പണി തുടങ്ങിയിട്ടുണ്ടാകും.

മാധ്യമത്തിൻ്റെ നിലപാടുകളും വാർത്ത യോടുള്ള ആക്രാന്തവും ദിവസവും പുതിയ പുതിയ ശത്രുക്കളെ ഉണ്ടാക്കിത്തന്നു. അത്തരം ശത്രുക്കൾ ഫോൺ ചെയ്താൽ ഡസ്ക്കിൽ നല്ല ഹരമായിരിക്കും. ചൂടാവുന്ന ഫോണാണെങ്കിൽ അങ്ങനെതന്നെ ചൂടാവുന്ന ആർക്കെങ്കിലും കൊടുക്കും. എന്നിട്ട് ആ തർക്കം എല്ലാവരും ആസ്വദിക്കും. ഒരിക്കൽ അത്തരമൊരു ഫോൺ അസൈൻക്കാക്ക് കിട്ടി. സംസാരം ഏറെ നീണ്ടു. ആൾ ചൂടാകുന്നില്ല. ചെറിയമട്ടിൽ പരിഹാസമുണ്ട്. സംസാരം രസിച്ച മട്ടുണ്ട്. ഒടുവിൽ ഫോൺ വെക്കുമ്പോൾ പറഞ്ഞത് എല്ലാവരും കേട്ടു : " ഒന്ന് പോയൂട് ചെങ്ങായി, ഒരു പഞ്ചായത്ത് പ്രസിഡണ്ടിന് പത്രം പൂട്ടിക്കാനുള്ള അധികാരമൊന്നുമില്ല. അതിനൊക്കെ വേറെ ഓഫീസും ആൾക്കാരും ഉണ്ട്".

പി.ഡി.പിക്കാർ ശത്രുത പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. പത്രം കത്തിച്ച കാലം. അക്കാലത്തൊരു ദിവസം രാത്രി എട്ടരമണിയോടെ കാബിനിൽ നിന്നിറങ്ങി എഡിറ്റർ ഇൻചാർജ്ജ് ഒ. അബ്ദുറഹ്മാനും അസോസിയേറ്റ് എഡിറ്റർ ഒ. അബ്ദുല്ലയും പോകാൻ ഒരുങ്ങി. പോകുമ്പോൾ പതിവുപോലെ അബ്ദുല്ല സാഹിബ് ചോദിച്ചു: "വേറെ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടോ അസൈനെ?"

ചിരിച്ചു കൊണ്ടൊരു മറുപടി "ആ പി.ഡി.പിക്കാര് ഇവിടെ ബോംബ് വെക്കും എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു". എഡിറ്റർമാർ രണ്ടു പേരും സീരിയസ്സായി. " എന്നിട്ട് എന്തുകൊണ്ട് അപ്പോൾ പറഞ്ഞില്ലാ, പോലീസിൽ അറിയിച്ചില്ലാ എന്നൊക്കെ എഡിറ്റർ ഇൻ ചാർജ് ചൂടായി. ചിരയോടുകൂടിത്തന്നെ ഉത്തരം " അതൊക്കെ ബുദ്ധിമുട്ടാകും പിന്നെ പോലീസും ബോംബ് സ്കോഡും ഒക്കെവന്ന് ആകെ കോലാഹലമാക്കും. ഇന്ന് പണി നടക്കില്ല"

" എന്നാലോ അസ്സൈനേ, വല്ലതും പറ്റിയാലോ "

" ഒന്നും പറ്റൂല. ഓല് വല്ല ഏറുപടക്കവും എറിഞ്ഞാൽതന്നെ ആ ഗേറ്റിൻ്റവടെ വീണ് പൊകയും. അത്രേ ഉണ്ടാകൂ... ഇനിപ്പം അതും ഉണ്ടാകൂല. ഓല് പറഞ്ഞത് അനുസരിച്ച് അഞ്ച് മണിക്ക് പൊട്ടണം"

- അതായിരുന്നു ആ ന്യൂസ്എഡിറ്റർ. വാർത്തയല്ലാതെ ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. വാർത്തയില്ലാതെ ജീവിക്കാനും പറ്റുമായിരുന്നില്ല. മാധ്യമം റീഡേഴ്സ് എഡിറ്റർ എന്ന സ്ഥാനമൊക്കെ കൊടുത്ത് മാറ്റി ഇരുത്തിയിട്ടും അദ്ദേഹം വാർത്തകളിലേക്ക് തന്നെ തിരിഞ്ഞു.

ഒടുവിൽ മാധ്യമത്തിൽ നിന്ന് പിരിഞ്ഞപ്പോൾ തത്സമയം പത്രവുമായി സഹകരിച്ചതും വാർത്തയെ പിരിഞ്ഞിരിക്കാൻ പറ്റാത്തതു കൊണ്ട് മാത്രമാണ്. ഏതായാലും അദ്ദേഹത്തെക്കുറിച്ചുള്ള അവസാനവാർത്ത വന്നു കഴിഞ്ഞു. No more...

Tags:    

Writer - abs

contributor

Editor - abs

contributor

By - പി.ടി നാസര്‍

contributor

Similar News