എല്ലാ കണ്ണും പട്നയിലേക്ക്; ബി.ജെ.പി വിരുദ്ധ പടയൊരുക്കവുമായി ഇന്ന് പ്രതിപക്ഷ പാർട്ടി യോഗം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിലാണ് യോഗം ചേരുന്നത്

Update: 2023-06-23 05:04 GMT
Editor : Shaheer | By : Web Desk
Patna Opposition meeting today, Delhi CM Arvind Kejriwal, Punjab CM Bhagwant Mann, West Bengal CM Mamata Banerjee reached Patna today evening, Patna Opposition meeting, Opposition meeting, mission 2024
AddThis Website Tools
Advertising

പട്ന: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി വിരുദ്ധ പടയൊരുക്കത്തിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബിഹാറിലെ പട്നയിൽ ചേരും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം 18 പാര്‍ട്ടികളുടെ നേതാക്കൾ യോഗത്തില്‍ പങ്കെടുക്കും.

ബി.ജെ.പിക്കെതിരെ ഒരുമിച്ചുനീങ്ങുന്നതിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ കരട് തയാറാക്കലാണ് ഇന്നത്തെ യോഗത്തിന്റെ മുഖ്യഅജണ്ട. മുഖ്യമന്ത്രിമാരായ മമത ബാനർജി(ബംഗാള്‍), അരവിന്ദ് കെജ്രിവാള്‍(ഡല്‍ഹി), ഭഗവന്ത് മൻ(പഞ്ചാബ്) എന്നിവർ ഇന്നലെ തന്നെ പട്നയിലെത്തിയിട്ടുണ്ട്. കെജ്രിവാളും ഭഗവന്തും നിതീഷ് കുമാറുമായും മമത ലാലുപ്രസാദ് യാദവുമായും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി.

കേന്ദ്ര ഓർഡിനൻസിനെതിരായായി കോൺഗ്രസ് പരസ്യനിലപാട് സ്വീകരിക്കാത്തത് ആം ആദ്മി പാര്‍ട്ടിയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രതിപക്ഷ ഐക്യം ഉടച്ചുകളയാൻ പോലും ഈ നടപടി കാരണമാകുമെന്ന് നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ ആശങ്കപ്പെടുന്നു. അവസാനനിമിഷത്തിൽ ആം ആദ്മി വിട്ടുനിൽക്കുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യസഭയിൽ 31 അംഗങ്ങളുള്ള കോൺഗ്രസിന്റെ പുറംതിരിഞ്ഞുനിൽപ്പില്‍ എ.എ.പിക്ക് കടുത്ത അതൃപ്തിയുണ്ട്. എ.എ.പിക്ക് പിന്തുണ നൽകിയില്ലെങ്കിൽ കൂട്ടായ്മയിൽ തുടരുന്നതിൽ അർഥമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

18 പാർട്ടി പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ, എൻ.സി.പി തലവൻ ശരദ് പവാർ, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. നേരത്തെ നിശ്ചയിച്ച കുടുംബ പരിപാടിയുള്ളതിനാൽ സംബന്ധിക്കാനാകില്ലെന്ന് രാഷ്ട്രീയലോക് ദൾ അധ്യക്ഷൻ ജയന്ത് ചൗധരി നിതീഷിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. ബി.എസ്.പി നേതാവ് മായാവതിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല.

Summary: Opposition meeting today at Patna

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News