യോഗി മന്ത്രിസഭയിൽ മുസ്‌ലിം നേതാവും; ബി.ജെ.പിയുടെ വിശ്വസ്തനായ ദാനിഷ് അൻസാരി ആരാണ്?

യോഗി ആദിത്യനാഥുമായി അടുത്ത ബന്ധമുള്ളയാളാണ് ദാനിഷ് അൻസാരി. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനു വളരെ മുന്‍പ് 2011ല്‍ തന്നെ ബി.ജെ.പിയില്‍ രാഷ്ട്രീയഭാവി കണ്ട ദാനിഷ് അന്‍സാരിയെ പരിചയപ്പെടാം

Update: 2022-03-25 13:43 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ 52 അംഗ മന്ത്രിസഭയിൽ സർപ്രൈസായി മുസ്‌ലിം നേതാവും. കിഴക്കൻ ബല്ലിയയിൽനിന്നുള്ള യുവനേതാവായ ദാനിഷ് ആസാദ് അൻസാരിയാണ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏക മുസ്‌ലിം പ്രതിനിധിയായിരുന്ന മുഹ്‌സിൻ റസയ്ക്കു പകരമാണ് 32കാരനായ ദാനിഷിന് നറുക്കുവീണത്.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിൽ; യോഗിയുടെ സ്വന്തക്കാരൻ

2011ൽ വിദ്യാർത്ഥി ജീവിത കാലത്ത് തൊട്ടുതന്നെ ബി.ജെ.പിക്കൊപ്പം ചേർന്നുനിൽക്കുന്നയാളാണ് ദാനിഷ് ആസാദ് അൻസാരി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു വളരെ മുന്‍പ് തന്നെ ബി.ജെ.പിയില്‍ രാഷ്ട്രീയഭാവി മുന്‍കൂട്ടിക്കണ്ട ന്യൂനപക്ഷക്കാരന്‍. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്(എ.ബി.വി.പി)യിലൂടെ സജീവരാഷ്ട്രീയത്തിൽ പ്രവേിശിച്ച ദാനിഷ് നിലവിൽ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയുടെ യു.പി ജനറൽ സെക്രട്ടറിയാണ്.

ലഖ്‌നൗ സർവകലാശാലയിൽനിന്ന് കൊമേഴ്‌സിൽ ബിരുദവും ക്വാളിറ്റി മാനേജ്‌മെന്റിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട് ദാനിഷ് അൻസാരി. പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദമുണ്ട്. സർകലാശാലാ ജീവിതകാലത്താണ് എ.ബി.വി.പിയിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ന്യൂനപക്ഷ സമൂഹത്തിനിടയിൽ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനിടയിൽ ബി.ജെ.പിക്ക് അനുകൂലമായ മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയോടുള്ള ന്യൂനപക്ഷത്തിന്റെ അകൽച്ച കുറയ്ക്കുക എന്ന നേതൃത്വം ഏൽപിച്ച ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്തു നടത്തിയതിന്റെ അംഗീകാരം പലപ്പോഴായി ലഭിക്കുകയും ചെയ്തു. 2018ൽ യു.പി സർക്കാരിനു കീഴിലുള്ള ഫക്രുദ്ദീൻ അലി അഹ്‌മദ് മെമോറിയൽ കമ്മിറ്റി അംഗമായായിരുന്നു ആദ്യത്തെ പൊതുഅംഗീകാരം. പിന്നീട് സംസ്ഥാന ഉറുദു ഭാഷാ കൗൺസിൽ അംഗവുമായി. തുടർന്നാണ് ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

യോഗി ആദിത്യനാഥുമായി അടുത്ത ബന്ധമുള്ളയാളാണ് ദാനിഷ് അൻസാരിയെന്നാണ് യു.പിയിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. യോഗിയുമായുള്ള പലപ്പോഴും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിട്ടുള്ള ദാനിഷ് അവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

മുസ്‍ലിം സ്ഥാനാർത്ഥിയില്ല; എസ്.പിക്കെതിരെ 'മുസ്‍ലിം ലീഗ്' ആരോപണവും

2017നു സമാനമായി ഇത്തവണയും ബി.ജെ.പി മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയിരുന്നില്ല. പകരം, പ്രധാന പ്രതിയോഗികളായ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷാ തൊട്ട് യോഗി അടക്കമുള്ള ബി.ജെ.പി നേതാക്കന്മാരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം.

മുസ്‍ലിം സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിച്ച എസ്.പി സ്ഥാനാർത്ഥി പട്ടിക ചൂണ്ടിക്കാട്ടി മുസ്്‌ലിം ലീഗ് പട്ടിക പോലെയുണ്ടെന്നാണ് ഒരു തെരഞ്ഞെടുപ്പ് റാലിയിൽ യോഗി ആക്രമിച്ചത്. ഇതോടൊപ്പം എസ്.പി ഭരണകാലത്ത് മുസ്‍ലിം പ്രീണനമാണ് നടന്നതെന്നും യോഗി വിവിധ വേദികളിൽ ആവർത്തിച്ചു. ഇതിനായി ഖബറിസ്ഥാൻ, ഉറുദു അടക്കമുള്ള സൂചകങ്ങൾ എടുത്തുപറഞ്ഞ് വിമർശിക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രിയായി ബ്രാഹ്‌മണ നേതാവ്, തോറ്റിട്ടും മൗര്യ

അഞ്ച് വനിതകൾ ഉൾപ്പെടെ 52 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയിലുള്ളത്. തെരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്ക് വീണ്ടും ഉപമുഖ്യമന്ത്രിയായി അവസരം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ദിനേശ് ശർമയ്ക്ക് പകരം മുതിർന്ന ബ്രാഹ്‌മണ നേതാവായ ബ്രജേഷ് പഥകിനാണ് രണ്ടാം ഉപമുഖ്യമന്ത്രിയായി നറുക്കുവീണത്.

ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പെയ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള വി.ഐ.പികളുടെ വലിയ നിര തന്നെ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. ഇതോടൊപ്പം ബി.ജെ.പി മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. 50,000ത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയം മുഴുവൻ നിറഞ്ഞുകവിഞ്ഞിരുന്നു.

37 വർഷത്തിനുശേഷമാണ് അഞ്ച് വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രി വീണ്ടും യു.പിയിൽ അധികാരത്തിലെത്തുന്നത്. 403 സീറ്റുകളിൽ 225ഉം നേടിയാണ് യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയത്.

ഇന്നലെ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ യോഗി ആദിത്യനാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. എം.എൽ.എമാരുടെ യോഗത്തിനു മുൻപ് അമിത് ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരുടെ നേതൃത്വത്തിൽ സുപ്രധാനയോഗം ചേർന്നിരുന്നു. യോഗി ആദിത്യനാഥ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ്, ദിനേശ് ശർമ, കെ.പി മൗര്യ എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

Summary: The sole Muslim minister in Yogi Adityanath government; Who is Danish Azad Ansari?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News