'എന്നെ അധിക്ഷേപിക്കുകയും വീട് തകർക്കുകയും ചെയ്ത രാക്ഷസൻ'; ഉദ്ദവിനെ കടന്നാക്രമിച്ച് കങ്കണ

2020ൽ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം കോപറേഷൻ ഭരണകൂടം പൊളിച്ചുനീക്കിയത്

Update: 2024-11-25 09:31 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഉദ്ദവിന്റെ ഇത്രയും മോശം തോൽവി ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. സ്ത്രീകളെ അപമാനിച്ച രാക്ഷസനാണ് അദ്ദേഹമെന്ന് കങ്കണ വിമർശിച്ചു. നരേന്ദ്ര മോദി അജയ്യനായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതെന്ന് അവർ പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നവർ ആരൊക്കെയാണെന്നു നോക്കി ദൈവത്തെയും രാക്ഷസനെയും തിരിച്ചറിയാനാകും. അവർ എന്റെ വീട് തകർക്കുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തവരാണ്. അതിനെല്ലാം തിരിച്ചുകിട്ടും. ഉദ്ദവ് താക്കറെയുടെ ഈ നിലയ്ക്കുള്ള താൽവി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും കങ്കണ പറഞ്ഞു.

പ്രധാനമന്ത്രി നരന്ദ്ര മോദി അജയ്യനായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത നേതാവാണ് അദ്ദേഹം. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നവർക്കുള്ള പാഠമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും കങ്കണ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികൾ പോലും 'മോദി മോദി' എന്നു വിളിക്കുന്നത് ഞാൻ കണ്ടു. ലോകത്തെ ഏറ്റവും വലിയ നേതാവാണ് അദ്ദേഹം. ബിജെപി ഒരു ബ്രാൻഡാണ്. രാജ്യത്തെ ജനങ്ങൾ ഇപ്പോൾ ആ ബ്രാൻഡിൽ വിശ്വസിക്കുന്നു. രാജ്യത്തെ രക്ഷിക്കാനായി ജനിച്ചവനാണ് മോദി. അജയ്യനായി മാറിയിരിക്കുകയാണ് അദ്ദേഹമെന്നും കങ്കണ കൂട്ടിച്ചേർത്തു.

2020ൽ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്. അനധികൃതമായി നിർമിച്ചതാണെന്നു കാണിച്ചായിരുന്നു മുംബൈ കോർപറേഷൻ ഭരണകൂടത്തിന്റെ നടപടി. പിന്നീട് ബോംബെ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയും നഷ്ടപരിഹാരത്തിനായി ഉത്തരവിടുകയും ചെയ്തിരുന്നു.

Summary: 'Monster who disrespects women, demolished my home': Kangana Ranaut attacks Uddhav Thackeray

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News