ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള അഞ്ച് ശതമാനം തൊഴിലാളികളെ നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം തൊഴിലുടമയ്ക്ക്
ഖത്തറില്‍ രാജ്യം വിടുന്നതിന് എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള അഞ്ച് ശതമാനം തൊഴിലാളികളെ നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം തൊഴിലുടമയ്ക്ക് നല്‍കി ഉത്തരവ്. തൊഴിലാളികളുടെ സമ്മതമോ അഭിപ്രായമോ തേടാതെ തന്നെ ഈ അഞ്ച് ശതമാനം തൊഴിലാളികളെ തൊഴിലുടമയ്ക്ക് തെരഞ്ഞെടുക്കാം. ഖത്തറില്‍ വിദേശികള്‍ക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസമാണ് അമീര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ എക്സിറ്റ് പെര്‍മിറ്റ് നിബന്ധനയ്ക്ക് കീഴില്‍ കൊണ്ടുവരാമെന്നും ഉത്തരവുണ്ടായിരുന്നു.
ഈ അഞ്ച് ശതമാനം തൊഴിലാളികളുടെ കാര്യത്തിലാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഓരോ കമ്പനിയിലെയും ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കും. ഈ അഞ്ച് ശതമാനത്തെ തെരഞ്ഞെടുക്കുമ്പോള്‍ തൊഴിലാളികളുടെ അഭിപ്രായമോ സമ്മതമോ തൊഴിലുടമ തേടേണ്ടതില്ലെന്ന് ചുരുക്കം.
മാനേജര്‍, അക്കൌണ്ടന്‍റ്, പി.ആര്‍.ഒ തുടങ്ങി കന്പനിയുടെ മര്‍മ്മപ്രധാന തസ്കതികകളിലുള്ളവരെയാണ് ഈ അഞ്ച് ശതമാനത്തിലുള്‍പ്പെടുത്തേണ്ടി വരിക. തൊഴിലാളികള്‍ രാജ്യം വിടുന്നത് കന്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് അഞ്ച് ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് നിയമഭേദഗതി പുറപ്പെടുവിച്ചത്.ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ തൊഴില്‍ പരിശോധന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അലി അല്‍മീറാണ് ഇക്കാര്യംവ്യക്തമാക്കിയത്.
എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ലാതെ വരുന്പോള്‍ തൊഴിലാളികള്‍ തന്നിഷ്ടപ്രകാരം രാജ്യം വിടുന്ന സാഹചര്യമുണ്ടാകും. ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ തൊഴിലുടമ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു