നോബിൾ ഇന്റർനാഷണൽ സ്‌കൂളിന്റെ പുതിയ കാമ്പസ് ഖത്തറിൽ ഡിസംബർ 13ന് ഉദ്ഘാടനം ചെയ്യും
വുകൈറിലാണ് രണ്ടായിരത്തിലേറെ വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്‌കൂൾ പ്രവർത്തിക്കുന്നത്
ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമായി നോബിൾ ഇന്റർനാഷണൽ സ്‌കൂളിന്റെ പുതിയ കാമ്പസ് ഈ മാസം 13ന് ഉദ്ഘാടനം ചെയ്യും. വുകൈറിലാണ് രണ്ടായിരത്തിലേറെ വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്‌കൂൾ പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷമാണ് പുതിയ കാമ്പസിൽ നോബിൾ സ്‌കൂൾ മാനേജ്‌മെന്റിന്റെ വാഗ്ദാനം.
സ്മാർട്ട് ക്ലാസ്‌റൂമുകൾ, വിപുലമായ ലബോറട്ടറികൾ, വിശാലമായ ലൈബ്രറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി സ്വിമ്മിങ് പൂൾ, ഫുട്‌ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്ന വിശാലമായ കാമ്പസാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ അംബാസഡർ വിപുലും ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിദ്യാർഥികളുടെ വർണാഭമായ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ നോബിൾ സ്‌കൂൾ രക്ഷാധികാരി അലി ജാസിം അൽ മാൽക്കി, ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി ബഷീർ കെ പി, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൾ റഹീം കുന്നുമ്മൽ, പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽ ജയമോൻ ജോയ് എന്നിവർ സംബന്ധിച്ചു.