സ്പോണ്‍സറുടെ അനുവാദമില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം; അനുമതി നാളെ പ്രാബല്യത്തില്‍

Update: 2018-10-27 18:14 GMT
Advertising

ഖത്തറില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാനുള്ള അനുമതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസം അമീര്‍ നടത്തിയ പ്രഖ്യാപനമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഓരോ കമ്പനിയിലും ഉടമ നിശ്ചയിക്കുന്ന അഞ്ച് ശതമാനം പേര്‍ക്ക് തുടര്‍ന്നും എക്സിറ്റ് പെര്‍മിറ്റ് വേണ്ടി വരും.

സെപ്തംബര്‍ ആദ്യ വാരത്തിലാണ് എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ടുള്ള വിപ്ലവകരമായ നിയമഭേദഗതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പ്രഖ്യാപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം നാളെ മുതല്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരികയാണ്. കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികല്‍ക്ക് രാജ്യം വിടണമെങ്കില്‍ ഇന്ന് വരെ തൊഴിലുടമയുടെ അനുവാദമായ എക്സിറ്റ് പെര്‍മിറ്റ് വേണ്ടിയിരുന്നുവെങ്കില്‍ നാളെ മുതല്‍ അതിന്‍റെ ആവശ്യമില്ല.

മോശം തൊഴില്‍ സാഹചര്യങ്ങളോടെ ശമ്പള പ്രശ്നങ്ങളോ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊക്കെ ഇഷ്ടത്തിനനുസരിച്ച് നാട്ടിലേക്ക് പോകാം. രണ്ട് മാസത്തോളം നീണ്ട ബോധവല്‍ക്കരണ കാമ്പയിനുകള്‍ക്ക് ശേഷമാണ് തൊഴില്‍ മന്ത്രാലയം നാളെ മുതല്‍ എക്സിറ്റ് ഫ്രീ അനുമതി യാഥാര്‍ത്ഥ്യമാക്കുന്നത്. എന്നാല്‍ ഓരോ കമ്പനിയിലും ഉടമ നിര്‍ദേശിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്സിറ്റ് പെര്‍മിറ്റ് ബാധകമാക്കാമെന്നും ഉത്തരവിലുണ്ട്. ഈ അഞ്ച് ശതമാനം പേരുടെ വിവരങ്ങള്‍ നാളെ മുതല്‍ ഓണ്‍ലൈനായി തൊഴില്‍ മന്ത്രാലയത്തിന് കൈമാറാം. തൊഴില്‍മേഖലയില്‍ ഖത്തര്‍ കൈക്കൊണ്ട വിപ്ലവകരമായ നടപടിയെ നേരത്തെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും മറ്റ് പ്രവാസി സംഘടനകളുമെല്ലാം സ്വാഗതം ചെയ്തിരുന്നു.

Tags:    

Similar News