സൗദി എയർലൈൻസ് നേരിട്ട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് 

നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിച്ചത്

Update: 2018-12-04 18:32 GMT
Advertising

മൂന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സൗദി എയർലൈൻസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലേക്കു നേരിട്ട് പറക്കും. ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തും. പുനർസർവീസിനോടനുബന്ധിച്ചു ഇരു വിമാനത്താവളങ്ങളിലും വിപുലമായ സ്വീകരണമുണ്ടാകും.

ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകൾക്ക് ചിറകു വെച്ചുകൊണ്ടാണ് സൌദി എയര്‍ലൈന്‍സ് ജിദ്ദ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നത്. പുലർച്ചെ 3.15ന് പുറപ്പെടുന്ന എസ്.വി 746 നമ്പർ വിമാനം 11.10നു കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10നു കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ നൽകുന്ന എയർ ബസ് എ 330-300 ഇനത്തിൽപെട്ട വിമാനമാണ് സർവീസിനുള്ളത്. 36 ബിസിനസ് ക്ലാസുകൾ ഉൾപ്പെടെ 298 സീറ്റുകളുണ്ട് വിമാനത്തിൽ.

ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാല് സർവീസുകൾ ജിദ്ദയിൽ നിന്നും മൂന്നെണ്ണം റിയാദിൽ നിന്നുമാണ്. റിയാദിൽ നിന്നുള്ള സർവീസ് വെള്ളിഴാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സർവീസ് നിറുത്തിവെച്ച വലിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയിൽ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാൻ വിവിധ സംഘടനകളുടെ കീഴില്‍ വിപുലമായ പരിപാടികള്‍ കണ്ടിട്ടുണ്ട്.

Tags:    

Similar News