സൗദിയുടെ യമൻ പരിഹാര പദ്ധതിക്ക് പിന്തുണയുമായി ലോക രാജ്യങ്ങൾ
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്
യമൻ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ സൗദിയുടെ പ്രഖ്യാപനം സഹായിക്കുമെന്ന പ്രത്യാശയും വന്‍ശക്തി രാഷ്ടങ്ങള്‍ പങ്കുവെച്ചു.
ആറു വര്‍ഷമായി തുടരുന്ന യമൻ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ട് ഇന്നലെയാണ് സൗദി അറേബ്യ വീണ്ടും പുതിയ പദ്ധതി പ്രഖ്യാപിച്ചത്. യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറക്കുന്നതിനും രാജ്യത്തെ പ്രധാന തുറമുഖമായ ഹുദൈദയുടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതുമുള്‍പ്പടെയുള്ള പുതിയ പ്രഖ്യാപനങ്ങളാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയെ ഐക്യരാഷ്ട്ര സഭയും വന്‍ശക്തി രാഷ്ട്രങ്ങളും സ്വഗാതം ചെയ്തു.
യമന്റെയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പ് വരുത്താന്‍ പുതിയ പ്രഖ്യാപനം സഹായിക്കുമെന്ന പ്രത്യശയും ലോക രാജ്യങ്ങള്‍ പ്രകടിപ്പിച്ചു. യമന്‍ ജനതയുടെ ദുരിതമകറ്റാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും. മേഖലയില്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് സൗദിയും ആവര്‍ത്തിച്ചു. പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി യമന്‍ ദേശീയ സംവാദത്തിലെ തീരുമാനങ്ങള്‍ക്കനുസൃതമായി വിത്യസ്ത കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.