ഏകദിന ലോകകപ്പിന് വെസ്റ്റ് ഇൻഡീസ് ഇല്ല, രാജ്യം കത്തുമ്പോൾ പ്രസിഡൻറിൻറെ വീണവായന; മാക്രോണിന് രൂക്ഷ വിമർശനം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍

ഇന്നത്തെ ട്വിറ്റർ ട്രെന്‍റിങ്സ്

Update: 2023-07-01 15:08 GMT
Advertising

യോഗ്യതപോലും ലഭിച്ചില്ല: ഏകദിന ലോകകപ്പിന് വെസ്റ്റ് ഇൻഡീസ് ഇല്ല, സ്‌കോട്ലാൻഡിനോട് തോറ്റ് പുറത്ത് #West Indies #Scotland

ഹരാരെ: നിർണായക മത്സരത്തിൽ സ്‌കോട്ട്ലാൻഡിനോട് തോറ്റതോടെ വെസ്റ്റ്ഇൻഡീസിന് ഏകദിന ലോകകപ്പ് യോഗ്യത കിട്ടിയില്ല. ഇന്ത്യയിൽ ഈ വർഷം ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് വെസ്റ്റ്ഇൻഡീസ് ഏകദിന ലോകകപ്പിനില്ലാതെ പോകുന്നത്. രണ്ട് തവണ ഏകദിന ലോകകപ്പിൽ കിരീടം ചൂടിയ വിൻഡീസാണ് ഇവ്വിതം തകർന്ന് തരിപ്പണമായത്.

1975ൽ ലോകകപ്പ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഏകദിന ലോകകപ്പ് വരെ വിൻഡീസ് ഉണ്ടായിരുന്നു. ടോസ് നേടിയ സ്‌കോട്ട്ലാൻഡ് വിൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 43.5 ഓവറിൽ വിൻഡീസിന് 181 റൺസ് മാത്രമെ നേടാനായുള്ളൂ. അതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 45 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. അഞ്ച് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. റൊാമരിയോ ഷെപ്പാർഡ്(36) നിക്കോളാസ് പുരാൻ(21) എന്നിവർ പൊരുതി നോക്കിയെങ്കിലും അച്ചടക്കമുള്ള സ്‌കോട്ട്ലാൻഡ് ബൗളർമാർക്ക് മുന്നിൽ വിൻഡീസ് വീഴുകയായിരുന്നു.

ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു #TeestaSetalvad

ന്യൂഡൽഹി: മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബെഞ്ചിൽ അഭിപ്രായഭിന്നതയുണ്ടാതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യഹരജി ഹരജി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടത്.

രാജ്യം കത്തുമ്പോൾ പ്രസിഡൻറിൻറെ വീണവായന; മാക്രോണിന് രൂക്ഷ വിമർശനം #Emmanuel Macron

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. രാജ്യത്ത് കലാപം പടർന്നു പിടിക്കുമ്പോൾ പ്രസിഡന്റും ഭാര്യ ബ്രിഗിറ്റും ഒരു സംഗീത പരിപാടിയിൽ നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങൾ. നിരവധി പേരാണ് വീഡിയോ പങ്കുവച്ച് പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനമുയർത്തുന്നത്. പാരീസിലെ അക്കോർ അരീനയിൽ വച്ചു നടന്ന എൽട്ടൺ ജോൺ സംഗീത നിശയിലാണ് മാക്രോണും ഭാര്യയും നൃത്തം ചവിട്ടിയത്. രാജ്യത്ത് കലാപാഗ്‌നി ആളിപ്പടരുമ്പോൾ പ്രസിഡൻറ് ആഘോഷത്തിലാണെന്നും ഇതൊരിക്കലും പൊറുക്കാനാവില്ലെന്നും നിരവധി പേർ ട്വീറ്റ് ചെയ്തു

റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്നവരുടെ മുഖത്തേക്ക് വെള്ളമൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; വൈറലായി വീഡിയോ #Pune Railway Station

റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുന്നവരുടെ മുഖത്തേക്ക് വെള്ളമൊഴിച്ചുണർത്തുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. പൂനെയിലെ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ഉറങ്ങുന്നവരുടെ മുഖത്തേക്ക് കുപ്പിയിൽനിന്ന് വെള്ളം തളിക്കുന്നത് വീഡിയോയിൽ കാണാം. നല്ല ഉറക്കത്തിലായിരുന്നവർ വെള്ളം മുഖത്തേക്ക് വീഴുന്ന സമയത്ത് ഞെട്ടിഉണരുന്നതും വീഡിയോയിലുണ്ട്.വെള്ളിയാഴ്ച റൂപൻ ചൗധരി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

അഖിലേഷ് യാദവിന്റെ ജന്മദിനം 'തക്കാളി കേക്ക്' മുറിച്ചാഘോഷിച്ച് പാർട്ടി പ്രവർത്തകർ; കാരണമിതാണ് #Akhilesh Yadav

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് പാർട്ടി പ്രവർത്തകർ. തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചാണ് പ്രവർത്തകർ പ്രിയ നേതാവിന്റെ ജന്മദിനം ആഘോഷിച്ചത്. തക്കാളിയുടെ വില കുതിച്ചുയരുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്തമായ ആഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തക്കാളിപ്പെട്ടികളും പ്രവർത്തകർ വിതരണം ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News