വാര്‍ധക്യമാണ് മനോഹരമാകേണ്ടത്, ലക്ഷ്വറിയായി ജീവിക്കണം ആ പ്രായത്തില്‍!

പണവും സ്നേഹവും എത്ര നല്‍കിയാലും ആളുകള്‍ ഇനിയും വേണം എന്ന് പറയും; ഭക്ഷണം കൊടുത്താല്‍, ഇനി വേണ്ട എന്നും…- വൈത്തിരി വില്ലേജിന്‍റെ അമരക്കാരന്‍ എന്‍ കെ മുഹമ്മദ് പറയുന്നു..

Update: 2021-11-29 08:16 GMT
Advertising

ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്‍റെ ഏതിടമാണ് ഏറ്റവും പ്രകൃതിരമണീയമെന്ന് ചോദിച്ചാല്‍ എല്ലാവരുടെയും മനസ്സിലേക്കെത്തുന്ന പേര് വയനാട് എന്നാകും.. വയനാട്ടിലെ തന്നെ പ്രകൃതിയുടെ എല്ലാ മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഒരിടമാണ് വൈത്തിരി… അവിടെ ഒരു വില്ലേജുണ്ട്, വൈത്തിരി വില്ലേജ്- എന്‍ കെ മുഹമ്മദ് എന്ന ഒരു പിഡബ്ല്യൂഡി എഞ്ചിനീയറുടെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും സ്വപ്നവുമാണത്.. വൈത്തിരിയിലും കൃഷ്ണഗിരിയിലുമായി തുടക്കം കുറിക്കാനിരിക്കുന്ന ഗോള്‍ഡന്‍ വില്ലേജ് എന്ന പുതിയ സ്വപ്നപദ്ധതിയുടെ പിറകെയാണ് തന്‍റെ ഈ എഴുപത്തിയെട്ടാം വയസ്സിലും ഈ കൊടുങ്ങല്ലൂരുകാരന്‍...

തന്‍റെ സ്വപ്നപദ്ധതികളെ കുറിച്ച് മീഡിയവണ്‍ ബിസ് ആര്‍ട്ടില്‍ സംസാരിക്കുകയാണ് എന്‍ കെ മുഹമ്മദ്.. 

Full View

കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഒരു പിഡബ്ല്യൂഡി എഞ്ചിനീയര്‍ ബിസിനസ് രംഗത്തേക്ക് തിരിയുന്നത് എപ്പോഴാണ്?

1993ലാണത്. അന്ന് റിട്ടയര്‍ ചെയ്തിട്ടില്ല. വളണ്ടറി റിട്ടയര്‍മെന്‍റ് എടുക്കണമെന്നാണ് കരുതിയിരുന്നത്. അന്നത്തെ ചീഫ് പത്മകുമാര്‍ സാര്‍ അത് സമ്മതിച്ചില്ല. എന്തെങ്കിലും വ്യവസായം തുടങ്ങാനായിരുന്നു തീരുമാനിച്ചത്. അതും സാറ് സമ്മതിച്ചില്ല. ഒരു വ്യവസായവും കേരളത്തില്‍ വിജയിക്കില്ല. അതുകൊണ്ട് ബിസിനസ്സിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഹോസ്പിറ്റാലിറ്റിയോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. അന്ന് ഹോസ്പിറ്റാലിറ്റി എഡ്യുക്കേഷനില്‍ ആരും കൈവെച്ചിട്ടില്ല. എനിക്കും ഒന്നും അറിയില്ല.. പക്ഷേ തുടങ്ങി.. അതായിരുന്നു ഓറിയന്‍റല്‍ കോളേജ്. ആദ്യം അവിടെ പഠിക്കാനെത്തിയത് മുഴുവനും നോര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഇപ്പോള്‍ 2500 വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. വയനാട്ടില്‍ മൂന്നിടങ്ങളിലായി ഓറിയന്‍റല്‍ കോളേജിന് കാമ്പസുമുണ്ട്.


ഓറിയന്‍റല്‍ കോളേജ്

 പിഡബ്ല്യൂഡി എഞ്ചിനീയറായിട്ടും എന്തുകൊണ്ടാണ് ബിസിനസ് തുടങ്ങിയപ്പോള്‍ അത് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ ആവാതിരുന്നത്?

അതുതന്നെയായിരുന്നു ആഗ്രഹം.. ഏറ്റവും വലിയ ഒരു ബില്‍ഡര്‍ ആകണമെന്നുതന്നെയായിരുന്നു ലക്ഷ്യവും. എല്ലാ ആധുനിക സജ്ജീകരണവുമുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി… ഫാസ്റ്റ് ആന്‍റ് മോഡേണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി. പക്ഷേ അതിന് തൊഴിലാളികളെ വേണം.. അപ്പോഴാണ് വിദ്യാഭ്യാസരംഗത്തേക്ക് കടക്കാം എന്ന ചിന്ത വരുന്നത്. ഭാര്യ ഡോക്ടറായതുകൊണ്ട് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങിക്കൂടെ എന്നായിരുന്നു പലരും ചോദിച്ചത്. പക്ഷേ ഭാര്യ നിരുത്സാഹപ്പെടുത്തി. അങ്ങനെയാണ് ഓറിയന്‍റല്‍ കോളേജ് തുടങ്ങുന്നത്..

ഓറിയന്‍റല്‍ കോളേജില്‍ നിന്നാണോ റിസോര്‍ട്ട് വ്യവസായത്തിലേക്ക് കടക്കുന്നത്?

അതേ, ഹോസ്പിറ്റാലിറ്റി കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്കൊക്കെ ജോലി വേണ്ടേ.. അതിന് വേണ്ടി ആദ്യം തുടങ്ങുന്നത് കടവ് റിസോര്‍ട്ട് ആണ്.. പിന്നെ തുടങ്ങിയത് ഇന്നത്തെ ആര്‍ പി മാളാണ്. അതാണ് ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ്. അന്ന് അതിന്‍റെ പേര് കാലിക്കറ്റ് ഗലേറിയ എന്നായിരുന്നു. രണ്ടും പിന്നെ ഞാന്‍ മറ്റ് ആളുകള്‍ക്ക് കൈമാറി. കടവ് റിസോര്‍ട്ട് ഞാന്‍ വില്‍ക്കുമ്പോള്‍ അഞ്ചുകോടിയാണ് ആ സ്ഥാപനത്തിന്‍റെ ലാഭം. അതിന് മുമ്പേ വൈത്തിരിയില്‍ സ്ഥലം എടുത്തിട്ടിട്ടുണ്ടായിരുന്നു.


ചുരം കയറി, വൈത്തിരിപോലെ ഒരിടത്ത് ഒരു വില്ലേജ്- അതും എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള ഒരു റിസോര്‍ട്ട്- വയനാട്ടിന്‍റെ ഒരു ടൂറിസം സാധ്യതയായിരുന്നോ അപ്പോള്‍ മനസ്സില്‍?

ഹൌസ് ബോട്ടുകളിലാണ് ആദ്യം ടൂറിസത്തിന്‍റെ സാധ്യതകള്‍ നമ്മുടെ നാട് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ സാധ്യത നമ്മുടെ ആയുര്‍വേദമാണ്. അതുകൊണ്ടാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയും തൈക്കാട്ടുശ്ശേരിയും ഒക്കെ തേടി പുറംനാടുകളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് എത്തുന്നത്. സത്യത്തില്‍ ടൂറിസത്തില്‍ നമുക്ക് ഏറ്റവും ഗുണം ചെയ്തത് ആയൂര്‍വേദ ടൂറിസമാണ്. പക്ഷേ വരുന്ന വിദേശികള്‍ക്ക് മുഴുവനും ബീച്ചില്‍ പോകാനാണ് ആഗ്രഹം.

സത്യത്തില്‍ ആയുര്‍വേദത്തിന് ബീച്ച് കാലാവസ്ഥ എതിരാണ്. ഉപ്പുകാറ്റ് കൊള്ളാന്‍ പാടില്ല, ഉപ്പുവെള്ളത്തില്‍ കുളിക്കാന്‍ പാടില്ല. ആയൂര്‍വേദ എണ്ണകള്‍ തേച്ച് അവര്‍ കടല്‍ക്കരയില്‍ പോയി കിടക്കുകയാണ്. നമ്മുടെ ആര്യവൈദ്യശാലകളൊന്നും കടല്‍ക്കരയിലല്ലല്ലോ.. അങ്ങനെയുള്ള കാര്യങ്ങളെല്ലാം ചിന്തിച്ചാണ് റിസോര്‍ട്ട് വൈത്തിരിയില്‍ തുടങ്ങാമെന്ന് ഉറപ്പിച്ചത്.

പ്രകൃതിയോട് ഇണങ്ങിയിട്ടുള്ള വികസനം- അതാണ് ഇവിടത്തെ പ്രത്യേകത.. പ്രകൃതിയെ നോവിക്കാതെയുള്ള വികസനം എങ്ങനെയാണ് ഇവിടെ സാധ്യമാക്കിയത്?

വൈത്തിരി വില്ലേജിന്‍റെ ഗേറ്റ് കടന്ന് വരുന്ന ഒരു വാഹനം നേരെ വന്ന് നില്‍ക്കുക ഒരു മരത്തിന്‍റെ ചുവട്ടിലാണ്. ആ മരം മുറിക്കണം എന്ന് എന്നോട് പലരും പറഞ്ഞിരുന്നു. ഞാനത് ചെയ്തില്ല.. കാരണം മരങ്ങള്‍ക്ക് ഒരു നീതിയുണ്ട്.. ഒരു തെങ്ങിനടുത്ത് മറ്റൊരു തെങ്ങ് നട്ടാല്‍ അവ വളരാന്‍ അവരുടേതായ വഴി കാണും.. പരസ്പരം തട്ടാതെ തടയാതെ അവരങ്ങനെ വളര്‍ന്നുപോകും. ചിലര്‍ പറയും പാഴ്‍മരങ്ങള്‍ മുറിക്കണമെന്ന്. പക്ഷേ പാ‍ഴ്‍മരങ്ങള്‍ക്കും ഓക്സിജനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.


കോവിഡ് കാലം ഏറ്റവും മങ്ങലേല്‍പ്പിച്ചത് ടൂറിസത്തിനാണ്. വൈത്തിരി വില്ലേജിന്‍റെ പ്രവര്‍ത്തനത്തെ അടച്ചിടല്‍ ബാധിച്ചോ?

പ്രശ്നങ്ങള്‍ എപ്പോഴും വരും. പക്ഷേ എന്‍റെ സ്റ്റാഫുകളാണ് എന്‍റെ ശക്തി. ഗവണ്‍മെന്‍റ് ജോലി കിട്ടിയിട്ടുവരെ ഈ സ്ഥാപനം വിട്ടുപോകാത്തവരാണ് എന്‍റെ ജീവനക്കാര്‍. ജീവനക്കാരെ ഒരിക്കലും ശമ്പളം മാത്രം കൊടുത്ത് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കരുത്. അവരെ നമ്മള്‍ വിശ്വാസത്തിലെടുക്കണം ആദ്യം. അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കണം.

പൈസ കൊടുത്തെന്ന് കരുതി നമുക്ക് ആരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ഭക്ഷണം കൊടുത്ത് എനിക്ക് ഒരാളെ തൃപ്തിപ്പെടുത്താന്‍ കഴിയും. മനുഷ്യന്മാര്‍ സ്നേഹം കൊടുത്താലും തൃപ്തിയാവില്ല, കാശ് കൊടുത്താലും തൃപ്തിയാവില്ല. പക്ഷേ ഫുഡ് കൊടുത്താല്‍ ഒരാള്‍ മതിയായാല്‍ മതിയായി എന്ന് തന്നെ പറയും.

വൈത്തിരി വില്ലേജിന് ശേഷമുള്ള പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

കൊടുവള്ളിയിലാണ് അടുത്ത പ്രൊജക്ട് . ഗോള്‍ഡന്‍ സിറ്റി.. ഒരു ഫിലിംസിറ്റി അവിടെ കൊണ്ടുവരാനാണ് ശ്രമം. പിന്നെ ഒരു മാള്‍ വരുന്നുണ്ട് കല്‍പ്പറ്റ. മറ്റൊന്ന് ഗോള്‍ഡന്‍ വില്ലേജ്. അത് എന്‍റെ ഒരു അവസാന ആഗ്രഹമാണ്. ഒരു ജനനം ഉണ്ടെങ്കില്‍ അതിന് ഒരു മരണവുമുണ്ടെന്ന് തീര്‍ച്ചയാണ്. അതിനിടയിലുള്ളതാണ് ജീവിതം.. നിങ്ങള്‍ പണം നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നിങ്ങളാഗ്രഹിക്കുന്ന കെയര്‍ ലഭിക്കും എന്ന കണ്‍സെപ്റ്റില്‍ പ്രായമായവര്‍ക്കുള്ള ഒരു ലക്ഷ്വറി ലൈഫ് ആണ് ഈ പ്രൊജക്ടിന്‍റെ ലക്ഷ്യം.

Full View

എന്താണ് ഈ ഗോള്‍ഡന്‍ വില്ലേജ് എന്ന കണ്‍സെപ്റ്റ്?

പ്രായമായവര്‍ക്കുള്ള ഒരു വില്ലേജ്.. ഓള്‍ഡ് ഏജ് അല്ല, സത്യത്തില്‍ ഗോള്‍ഡന്‍ ഏജ് ആണ് ആ കാലം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിനകം തന്നെ 350 എന്‍ക്വയറി വന്നിട്ടുണ്ട്. വൈത്തിരിയിലും കൃഷ്ണഗിരിയിലുമായിട്ടാണ് ഈ പ്രൊജക്ട് നടപ്പിലാക്കുന്നത്. എല്ലാവിധ സുഖസൌകര്യങ്ങളോട് കൂടിയും വാര്‍ധക്യം ആസ്വദിക്കാം.. ശരിക്കും ഒരു ലക്ഷ്വറി ലൈഫ് ആയിരിക്കും ഇവിടെ. സത്യത്തില്‍ വികസനം ഗ്രാമങ്ങളില്‍ തുടങ്ങണം.. നഗരങ്ങളില്‍ നിന്ന് മാറി താമസിക്കണം നമ്മള്‍.. കാരണം അത്രയ്ക്ക് പൊലൂറ്റഡ് ആണ് സിറ്റി.

ഇനിയിങ്ങോട്ട് ഇതാരെയെങ്കിലും ഏല്‍പ്പിക്കുന്നുണ്ടോ?

ഇതങ്ങനെ ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ല.. ഏറ്റെടുക്കുകയാണ് വേണ്ടത്.. എന്തിനാണ് ഞങ്ങള്‍ക്കിതൊക്കെ... ഞങ്ങള്‍ക്ക് ഈ പണമൊന്നും വേണ്ട എന്നൊക്കെ അവര്‍ പറയും.. പക്ഷേ പണം, സമ്പാദ്യം എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. ആദ്യം വികസനം വരട്ടെ... കുറേ പേര്‍ക്ക് ജോലി കിട്ടട്ടെ... അതാണ് എന്‍റെ ആഗ്രഹം.. 

For more details:

Facebook- Vythiri Village Resort, Wayanad

Instagram- vythirivillageresort

Website- www.vythirivillage.com

Contact Numbers: 8086622217, 9388256723, 9388202122, 9847004007

Landline: +91 4936-256716/717/718

Tags:    

By - ഖാസിദ കലാം

contributor

Similar News