പൂജാരക്കും രഹാനെക്കും അര്‍ധശതകം; ആദ്യ ദിനത്തില്‍ കിവി മുന്നേറ്റം

Update: 2017-05-29 20:08 GMT
Editor : Damodaran
പൂജാരക്കും രഹാനെക്കും അര്‍ധശതകം; ആദ്യ ദിനത്തില്‍ കിവി മുന്നേറ്റം
Advertising

അര്‍ധശതകം നേടിയ തേജേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും തമ്മിലുള്ള  നാലാം വിക്കറ്റ് സഖ്യമാണ് ഇന്ത്യക്ക് തുണയായത്.  141 റണ്‍സാണ് ഇവര്‍ .....

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ദിനം നിരാശ. കേവലം 239 റണ്‍സ് എഴുതിച്ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അര്‍ധശതകം നേടിയ തേജേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും തമ്മിലുള്ള നാലാം വിക്കറ്റ് സഖ്യമാണ് ഇന്ത്യക്ക് തുണയായത്. 141 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 87 റണ്‍സെടുത്ത പൂജാരെയെ ഗുപ്റ്റിലിന്‍റെ കൈകളിലെത്തിച്ച് വാഗ്‍നറാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ ക്രീസിലധിക സമയം ചെലവിടാതെ തന്നെ തിരികെ കയറി. രണ്ട് റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. 77 റണ്‍സെടുത്ത രഹാനെയെ ജിതിന്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 26 റണ്‍സെടുത്ത അശ്വിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഹെന്‍‍റി മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഓപ്പണര്‍‌മാരായ ശിഖിര്‍ ധവാനെയും മുരളി വിജയിനെയും നായകന്‍ കൊഹ്‍ലിയെയും ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. രണ്ടാം ഓവറിലെ നാലാം പന്തിലാണ് ഹെന്‍‍റിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായി ധവാന്‍ മടങ്ങിയത്. അധികം വൈകാതെ ഹെന്‍‍റി തന്നെ മുരളി വിജയുടെ ഇന്നിങ്സിനും പരിസമാപ്തി കുറിച്ചു. ഒമ്പത് റണ്‍സെടുത്ത വിജയ് വിക്കറ്റിനു പിന്നില്‍ പിടികൊടുത്താണ് കൂടാരം കയറിയത്. ഒമ്പത് റണ്‍സെടുക്കാനെ കൊഹ്‍ലിക്ക് കഴിഞ്ഞുള്ളൂ. ബോള്‍ട്ടിനാണ് വിക്കറ്റ്. 46 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ടീം പതറുമ്പോഴാണ് പൂജാരക്ക് കൂട്ടായി രഹാനെ എത്തിയത്.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഗൌതം ഗംഭീറിന് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. പരിക്കേറ്റ കെയിന്‍ വില്യംസണിന് പകരം റോസ് ടെയ്‍ലറാണ് കിവികളെ നയിക്കുന്നത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News