ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി
ഓപ്പണറായി ഇറങ്ങിയ നായകന്‍ കൊഹ്‍ലി ഉള്‍പ്പെടെയുള്ള അഞ്ച് മുന്‍നിര ബാറ്റ്സ്മാന്‍മാരെയാണ് ഇന്ത്യക്ക് നഷ്ടമായത്
ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 11 പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. അർധസെഞ്ച്വറി നേടിയ മോർഗനാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. 38 പന്തില്‍ നാലു സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ മോർഗന്‍ 51 റൺസെടുത്തു. റൂട്ട് 45 പന്തിൽ 45 റൺസോടെ പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ റോയ് (19) ബില്ലിങ്‌സ് (22) എന്നിവരാണ് മോര്‍ഗനെ കൂടാതെ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഇരുവരെയും സ്പിന്നര്‍ യശ്വേന്ദ്ര ചഹലാണ് പുറത്താക്കിയത്. മോര്‍ഗന്റെ വിക്കറ്റ് പര്‍വേസ് റസൂലിനായിരുന്നു. വിജയത്തോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്‍ലിയുടെ ട്വന്റി20 അരങ്ങേറ്റം പരാജയത്തോടെയായി.
ഓപ്പണറായി ഇറങ്ങിയ നായകന്‍ കൊഹ്‌ലി തിരികൊളുത്തിയ ചെറിയ വെടിക്കെട്ടോടെ തുടങ്ങിയ ഇന്ത്യക്ക് ഇംഗ്ലീഷ് പേസര്‍മാര്‍ കൂച്ചുവിലങ്ങിട്ടത് ബൌണ്‍സറുകളിലൂടെയായിരുന്നു. അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇംഗ്ലണ്ടിന്‍റെ കെണിയിലേക്ക് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ സ്വയം ഇറങ്ങിയതോടെ അഞ്ചിന് 98 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തി. നായകനല്ലാതെയുള്ള പ്രഥമ ട്വന്‍റി20 മത്സരം കളിക്കുന്ന ധോണിയുടെ സാന്നിധ്യമാണ് ആശ്വാസകരമായ ഒരു സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. . എട്ട് റണ്‍സെടുത്ത രാഹുലിനെ വീഴ്ത്തി ജോര്‍ദന്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 38 റണ്‍സായിരുന്നു ഓപ്പണിംഗ് സഖ്യത്തിന്‍റെ സമ്പാദ്യം. 26 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത കൊഹ്‍ലിയും വൈകാതെ മടങ്ങി. അലിക്കായിരുന്നു വിക്കറ്റ്,
പകരക്കാരനായി ക്രീസിലെത്തിയ യുവരാജ് സിങ് 13 പന്തുകളില്‍ നിന്നും 12 റണ്‍സുമായി കൂടാരം കയറി. തിരിച്ചു വരവ് ഗംഭീരമാക്കി തകര്‍ത്താടുകയായിരുന്ന സുരേഷ് റെയ്നക്കും ഇതോടെ താളം തെറ്റി, അലക്ഷ്യമായ ഒരു ഷോട്ടിലൂടെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് മടങ്ങുമ്പോള്‍ 23 പന്തുകളില്‍ നിന്നും 34 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. മൂന്ന് റണ്‍സെടുത്ത മനീഷ് പാണ്ഡെ വന്നതും പോയതും ആരുമറിഞ്ഞില്ല. ഹാര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് മാത്രം നേടി പിടികൊടുത്ത ശേഷമായിരുന്നു ധോണിയുടെ രക്ഷാപ്രവര്‍ത്തനം.