ആന്‍ഡേഴ്സന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് കൂടി
353 റണ്‍സിന്‍റെ ലീഡാണ് ഓസീസിന് ഇപ്പോഴുള്ളത്. ആദ്യ ഇന്നിങ്സിലെ ശതകക്കാരനായ ഷോണ്‍ മാര്‍ഷിനെ വോക്ക്സ് 19 റണ്‍സിന് മടക്കി.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശം അവസാന ദിവസത്തേക്ക്. ആറ് വിക്കറ്റ് കൈവശമിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി 178 റണ്‍ കൂടി വേണം. പേസ് ബൌശര്‍മാരെ ആവോളം തുണയ്ക്കുന്ന പിച്ചില്‍ അതിജീവനം അത്ര എളുപ്പമല്ലെങ്കിലും 67 റണ്‍സുമായി അജയ്യനായി നില്‍ക്കുന്ന നായകന്‍ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകളൊക്കെയും. വാലറ്റത്തെ കൂട്ടുപിടിച്ച് റൂട്ടിന് കംഗാരുമടയില്‍ കയറാനായാല്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും ജയങ്ങളിലൊന്നിലേക്ക് ഇംഗ്ലണ്ടിനെ നയിക്കും. 354 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 176 റണ്‍സ് എടുക്കുന്നതിനിടെയാണ് നാല് മുന്‍ നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായത്.
നേരത്തെ വെറ്ററന്‍ പേസ് ബൌളര്‍ ആന്‍ഡേഴ്സന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്‍റെ കരുത്തില്‍ ഓസീസിനെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ കേവലം 138 റണ്‍സിന് ചുരുട്ടിക്കെട്ടി. 353 റണ്‍സിന്‍റെ ലീഡാണ് ഓസീസിന് ഇപ്പോഴുള്ളത്. ആദ്യ ഇന്നിങ്സിലെ ശതകക്കാരനായ ഷോണ്‍ മാര്‍ഷിനെ വോക്ക്സ് 19 റണ്‍സിന് മടക്കി. 20 റണ്‍സെടുത്ത സ്റ്റാര്‍ക്ക് പൊരുതിയെങ്കിലും ആന്‍ഡേഴ്സന്‍ തന്നെ ആ പോരാട്ടത്തിന് അന്ത്യം കുറിച്ചു.
നാലിന് 53 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് പുനഃരാരംഭിച്ച ആസ്ത്രേലിയക്ക് അധികം പിടിച്ചു നില്‍ക്കാനായില്ല. ഹാന്‍ഡ്സ്കോംബിനെയും നാഥന്‍ ലയോണിനെയും മടക്കി ആന്‍ഡേഴ്സന്‍ ആതിഥേയരെ പ്രതിരോധത്തിലേക്ക് തള്ളി. ഇംഗ്ലണ്ടിനായി വോക്ക്സ് നാല് വിക്കറ്റെടുത്തു.
സ്കോർ: ആസ്ട്രേലിയ – 442/8 ഡിക്ലയേർഡ്, 138. ഇംഗ്ലണ്ട് 227