ബംഗ്ലാദേശിനെ ഒതുക്കിയ പാര്‍ട്ട് ടൈം ബൗളര്‍
ബുംറയും ഭുവനേശ്വര്‍ കുമാറും ജഡേജയും അച്ചയക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ നിര്‍ണ്ണായക സമയത്ത് ഇരട്ടവിക്കറ്റുകള്‍ നേടിയ കേദാര്‍ ജാദവിന്‍റെ പ്രകടനം നിര്‍ണ്ണായകമായി.
അവസാനത്തെ 25 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് സ്‌കോര്‍ 264ല്‍ ഒതുക്കിയത്. 18.5 ഓവറില്‍ 100 റണ്‍സ് 26.2 ഓവറില്‍ 150 റണ്‍സ് എന്നിങ്ങനെ 300 ലേറെ റണ്‍സ് നേടുമെന്ന് തോന്നിപ്പിച്ച ശേഷമായിരുന്നു ബംഗ്ലാദേശിനെ ഇന്ത്യ 264 റണ്‍സില്‍ പിടിച്ചുകെട്ടിയത്. ബുംറയും ഭുവനേശ്വര്‍ കുമാറും ജഡേജയും അച്ചയക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ നിര്‍ണ്ണായക സമയത്ത് ഇരട്ടവിക്കറ്റുകള്‍ നേടിയ കേദാര്‍ ജാദവിന്‍റെ പ്രകടനം നിര്‍ണ്ണായകമായി.
ഇരുപത്തേഴാം ഓവറില്‍ 152 റണ്ണിന് രണ്ട് വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശ് 300 ലേറെ റണ്‍സ് സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. പാര്‍ട്ട് ടൈം ബൗളറുടെ വേഷത്തിലെത്തിയ കേദാര്‍ ജാദവാണ് നിര്‍ണ്ണായകമായ തമീം ഇക്ബാലിന്റെ(70) വിക്കറ്റ് നേടിയത്. ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 82 പന്തില്‍ നിന്നാണ് തമീം 70 റണ്ണിലെത്തിയത്. ജാദവ് നാല് അഞ്ച് ബൗളുകളില്‍ റണ്‍ വിട്ടുകൊടുക്കാതെ ഉയര്‍ത്തിയ സമ്മര്‍ദ്ദ ഫലമായി തമീം ഇക്ബാല്‍ അവസാന പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ പന്തിന്റെ ലെങ്ത് മനസിലാക്കുന്നതില്‍ പിഴച്ച ഇക്ബാലിന്റെ ലെഗ് വിക്കറ്റ് ജാദവ് തെറിപ്പിച്ചു. ധോണിയുടേയും ക്യാപ്റ്റന്‍ കോഹ്ലിയുടേയും ആഹ്ലാദ പ്രകടനത്തില്‍ നിന്നും ഇന്ത്യക്ക് എത്ര പ്രധാനപ്പെട്ടതായിരുന്നു ഈ വിക്കറ്റെന്നത് വ്യക്തമായിരുന്നു.
രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ചേര്‍ന്ന് എറിഞ്ഞ 26 മുതല്‍ 37 വരെയുള്ള ഓവറുകളാണ് ബംഗ്ലാദേശ് സ്‌കോര്‍ 300ല്‍ നിന്നും കുറച്ചത്. ഇതില്‍ ജഡേജ പതിനെട്ടാം ഓവര്‍ മുതല്‍ ഒരറ്റത്തു നിന്നും തുടര്‍ച്ചയായി പത്ത് ഓവര്‍ എറിഞ്ഞു. പത്ത് ഓവറില്‍ 48 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ ഷാക്കിബ് അല്‍ ഹസന്റെ(15) വിക്കറ്റ് ജഡേജ വീഴ്ത്തുകയും ചെയ്തു.
61 റണ്ണെടുത്ത മുഷ്ഫിക്കുര്‍ റഹ്മാനെയും ജാദവാണ് വീഴ്ത്തിയത്. മിഡ് വിക്കറ്റില്‍ കോഹ്ലിക്ക് കാച്ച് നല്‍കിയാണ് മുഷ്ഫിക്കുര്‍ ജാദവിന് മുന്നില്‍ കീഴടങ്ങിയത്. അവസാന പത്ത് ഓവറില്‍ 57 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. ബുംറയും ഭുവനേശ്വര്‍ കുമാറും അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ഇന്ത്യക്ക് തുണയായത്.