അര്‍ജന്റീന ഫുട്ബോള്‍ ടീം പരിശീലകസ്ഥാനത്ത് നിന്നും ബോസയെ പുറത്താക്കി

Update: 2018-06-02 18:56 GMT
Editor : Ubaid
അര്‍ജന്റീന ഫുട്ബോള്‍ ടീം പരിശീലകസ്ഥാനത്ത് നിന്നും ബോസയെ പുറത്താക്കി
Advertising

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ താപ്പിയയാണ് ഇക്കാര്യം അറിയിച്ചത്

അര്‍ജന്റീന ഫുട്ബോള്‍ ടീം പരിശീലകസ്ഥാനത്ത് നിന്നും എഡ്ഗാര്‍ഡോ ബോസയെ പുറത്താക്കി. ലോകകപ്പ് യോഗ്യത റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. ചിലിയെ കോപ്പ ചാമ്പ്യന്മാരാക്കിയ ജോര്‍ജ് സാംപോളി പകരം കോച്ചാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന മത്സരത്തില്‍ ബൊളീവിയയോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ വിദൂരത്തായിരിക്കെയാണ് അര്‍ജന്‍റീന കോച്ചിനെ പുറത്താക്കിയത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചുമതലയേറ്റ എഡ്ഗാര്‍ഡോ ബോസയെയാണ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയത്.

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ താപ്പിയയാണ് ഇക്കാര്യം അറിയിച്ചത്. ജെറാര്‍ഡോ മാര്‍ട്ടിനോയെ പുറത്താക്കിയാണ് ബോസയെ പരിശീലകനാക്കിയത്. കോപ്പ അമേരിക്ക ഫൈനലില്‍ തോല്‍വിയ്ക്ക് പിന്നാലെ ജെറാര്‍ഡോ മാര്‍ട്ടീനോ സ്ഥനമൊഴിഞ്ഞതിന് പിന്നാലെയാണ് ബോസ ചുമതലയേറ്റത്.

ബോസയ്ക്കു കീഴില്‍ ലോകകപ്പ് യോഗ്യതയില്‍ എട്ട് മത്സരങ്ങളാണ് അര്‍ജന്റീന കളിച്ചത്. അതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് ജയിക്കാനായത്. മൂന്നെണ്ണം തോല്‍ക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു. ഇതോടെ തെക്കന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഭാവി തുലാസിലായി.

ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ മാത്രമാണ് മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് യോഗ്യത കളിച്ചു വേണം റഷ്യയിലേക്ക് ടിക്കറ്റ് നേടാന്‍. ഇതോടെ നാല് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ത്രിശങ്കുവിലാണ്. ചിലിയെ പ്രഥമ കോപ ചാംപ്യന്മാരാക്കിയ ജോര്‍ജ്ജ് സാംപോളി ബോസക്ക് പകരം കോച്ചാകുമെന്നാണ് വാര്‍ത്തകള്‍. നിലവില്‍ സ്പാനിഷ് ക്ലബ് സെവിയയുടെ പരിശീലകനാണ് സാംപോളി .എന്നാല്‍ ക്ലബോ സാംപോളിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News