താലിബാൻ നിലപാടിനെതിരെയുള്ള പ്രതിഷേധം; അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമോ?
ദുബൈ: അടുത്ത മാസം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനിരിക്കേ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിനെചൊല്ലി വിവാദം. താലിബാൻ സർക്കാർ വനിതകൾക്കെതിരെ കടുത്ത വിവേചനം ഉയർത്തുന്ന സാഹചര്യത്തിൽ അഫ്ഗാനുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആഹ്വാനമുയർന്നു.
ടൂർണമെന്റിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നിവർ ഉൾപെട്ട ഗ്രൂപ്പിലാണ് അഫ്ഗാൻ കളിക്കുന്നത്. ഇതിനിടയിൽ അഫ്ഗാനുമായുള്ള മത്സരം ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി 160 ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കൾ ഒപ്പുവെച്ച ഒരു കത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അധികൃതർക്ക് കൈമാറി.
ഇതിന് പിറകേ അഫ്ഗാനുമായുള്ള മത്സരം ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തെ പിന്തുണച്ച് ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗേയ്റ്റൺ മെക്കൻസിയും രംഗത്തെത്തി. മുമ്പ് വനിത ക്രിക്കറ്റർമാർക്കെതിരെയുള്ള താലിബാൻ നിലപാടിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ പരമ്പര റദ്ദാക്കിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ വിവിധ ക്രിക്കറ്റ് ബോർഡുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേ താലിബാൻ സർക്കാറിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്തെത്തിയിരുന്നു.