ഞങ്ങൾ തോൽക്കാൻ കാരണം പന്ത്; ‘വിചിത്രവാദ’വുമായി ആഴ്സണൽ കോച്ച്
ലണ്ടൻ: തോൽവിക്ക് പിന്നാലെ ഫുട്ബോൾ പരിശീലകർ പലതരം ന്യായീകരണങ്ങൾ നിരത്തുന്നത് ഫുട്ബോളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ആഴ്സണൽ കോച്ച് മിക്കേൽ അർട്ടേറ്റയുടെ ന്യായീകരണം ‘വെറൈറ്റി’യായിരുന്നു.
കരബാവോ കപ്പ് സെമിഫൈനൽ മത്സരത്തിലെ ആദ്യപാദത്തിൽ ന്യൂകാസിൽ യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ അർടേറ്റ പറഞ്ഞതിങ്ങനെ ‘‘ഞങ്ങളുടെ ഒരുപാട് ഷോട്ടുകൾ ക്രോസ് ബാറിന് മുകളിലൂടെയാണ് പോയത്. പന്ത് ഒരുപാട് പറക്കുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. ഞങ്ങൾ അത് ചർച്ചചെയ്യുകയും ചെയ്തു. പ്രീമിയർ ലീഗിലെ പന്തുമായി വളരെ വ്യത്യാസമുള്ളതാണ് ഈ പന്ത്. ഇത് ഒരുപാട് പറക്കുന്നതിനാൽ തന്നെ ഈ പന്തുമായി പൊരുത്തപ്പെടേണ്ടതുണ്ട്’’ -അർടേറ്റ പറഞ്ഞു.
എന്നാൽ അർടേറ്റയുടെ പ്രതികരണത്തിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് അധികൃതർ രംഗത്തെത്തി. എല്ലാ ക്ലബുകളും ഒരേ പന്താണ് ഉപയോഗിക്കുന്നതെന്നും മറ്റു പരാതികളൊന്നും വന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഫിഫ അംഗീകാരമുള്ള രൂപത്തിലാണ് ‘പ്യൂമ’ പന്ത് നിർമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കൂടാതെ കരബാവോ കപ്പിൽ ഇതേ പന്തുപയോഗിച്ച് തന്നെ ആഴ്സണൽ ബോൾട്ടണെ 5-1നും പ്രെസ്റ്റണെ 3-0ത്തിനും തോൽപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗിലേക്കാൾ മികച്ച മികച്ച ഷോട്ട് ഓൺ ടാർഗറ്റ് ആവറേജ് ഈ പന്തിൽ ആഴ്സണലിന് ഉണ്ടെന്നും വിമർശനകർ ചൂണ്ടിക്കാട്ടുന്നു.