കോട്ടകൾ തകർത്ത് ന്യൂകാസിൽ കുതിപ്പ്; ഗോളടി മെഷീനായി അലക്‌സാണ്ടർ ഇസാക്
സീസണിൽ ഇതുവരെ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നുമായി 15 ഗോളാണ് ഇസാക് അടിച്ചുകൂട്ടിയത്.
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആർസനലിന് ഇന്നലെ തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു. കരബാവോ കപ്പ് സെമി ആദ്യപാദ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് മുന്നിൽ തലതാഴ്ത്തി മടക്കം. പന്ത് കൈവശം വെച്ചതിലും ഷോട്ട് ഉതിർത്തതിലുമെല്ലാം ഗണ്ണേഴ്സ് ഏറെ മുന്നിലായിരുന്നിട്ടും സ്‌കോർ ബോർഡിൽ രണ്ട് ഗോൾ ചേർത്തത് ന്യൂകാസിൽ. അലക്‌സാണ്ടർ ഇസാക്, ആന്റണി ഗോൾഡൻ... ഗണ്ണേഴ്‌സിന് മേൽ പതിച്ച ആ രണ്ട് ഗോളുകൾ പിറന്നത് ഈ യുവതാരങ്ങളുടെ ബൂട്ടിൽ നിന്നായിരുന്നു. മൈക്കൽ ആർട്ടെറ്റയുടെ തന്ത്രങ്ങൾക്കുമേൽ കൃത്യമായ മറുതന്ത്രമൊരുക്കിയ ന്യൂകാസിലിന്റെ ഇംഗ്ലീഷ് പരിശീലകൻ എഡീ ഹോയുടെ വിജയം.
സമീപകാലത്തായി സ്വപ്നക്കുതിപ്പിലാണ് ന്യൂകാസിൽ. ഹോംഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിലാണെങ്കിലും എതിരാളികളുടെ തട്ടകമാണെങ്കിലും വിലപ്പെട്ട മൂന്ന് പോയന്റുകൾ അവർ പോക്കറ്റിലാക്കുന്നു. തുടക്കത്തിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് ട്രാക്ക് മാറിയാണ് ന്യൂകാസിൽ ഇപ്പോൾ ഓടികൊണ്ടിരിക്കുന്നത്. നിലവിൽ പ്രീമിയർലീഗിൽ അഞ്ചാം സ്ഥാനത്ത്. 20 മത്സരങ്ങളിൽ നിന്നായി പത്തു ജയവും അഞ്ചു സമനിലയും. ഇതുവരെ അടിച്ചുകൂട്ടിയത് 34 ഗോളുകൾ. പ്രീമിയർ ലീഗിന് പുറമെ കരബാവോ കപ്പിലും വമ്പൻമാരെ കടപുഴക്കിയാണ് അവസാന നാലിലേക്കുള്ള പ്രവേശനം ടീം ആധികാരികമാക്കിയത്.
മുന്നേറ്റനിരയിൽ സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്കിന്റെ മിന്നും ഫോമാണ് ന്യൂകാസിലിന്റെ വിജയകുതിപ്പിന്റെ ചാലകശക്തി. സീസണിലെ ഇതുവരെ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നുമായി 15 ഗോളാണ് ഇസാക് അടിച്ചുകൂട്ടിയത്. പ്രീമിയർ ലീഗിൽ അവസാന ഏഴു മത്സരത്തിലും 25 കാരൻ വലകുലുക്കി. നിലവിൽ പ്രീമിയർലീഗ് ടോപ് സ്‌കോറർമാരിൽ മുഹമ്മദ് സലാഹിനും എർലിങ് ഹാളണ്ടിനും പിന്നിലായി 13 ഗോളുമായി മൂന്നാമത്. ലിവർപൂളിനും ആർസനലിനും ചെൽസിക്കും യുണൈറ്റഡിനും ആസ്റ്റൺവില്ലക്കും ടോട്ടനത്തുമെതിരായ ഹെവിവെയ്റ്റ് മത്സരങ്ങളിലെല്ലാം ഇസാക് രക്ഷകന്റെ റോളിൽ അവതരിച്ചു. ഇന്നലെ ആർസനലിനെതിരെ ഗോൾ നേടിയതിലൂടെ ന്യൂകാസിലിനായി 50ാം ഗോൾ എന്ന നാഴികകല്ലിലും ഈ സ്വീഡിഷ് സ്‌ട്രൈക്കർ തൊട്ടു. ആർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാനുള്ള യുവ താരത്തിന്റെ മിടുക്കിനെ കുറിച്ച് ഫുട്‌ബോൾ പണ്ഡിറ്റുകൾ പോലും അടിവരയിട്ടു പറയുന്നു. ഇംഗ്ലണ്ടിലെ മൈതാനങ്ങളിൽ ഗോളടിച്ചുകൂട്ടുന്ന യുവ സ്‌ട്രൈക്കറെ അടുത്ത സീസണിൽ സ്വന്തമാക്കാനായി വമ്പൻ ക്ലബുകൾ പലതും ചരടുവലി തുടങ്ങി കഴിഞ്ഞു.
ഇസാക്കിനൊപ്പം ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്ന ന്യൂകാസിൽ നിരയിലെ മറ്റൊരു മിന്നും താരമാണ് ആന്റണി ഗോർഡൻ. നിലവിൽ പ്രീമിയർലീഗിൽ അഞ്ചുഗോളുകൾ നേടികഴിഞ്ഞ 23 കാരന്റെ ഡ്രിബ്ലിങ് മികവും ഫിനിഷിങിലെ കൃത്യതയും എതിരാളികൾക്ക് പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. ഇടതുവിങിലൂടെ അതിവേഗകുതിപ്പ് നടത്തി ഫൈനൽ തേർഡിൽ അപകടം വിതക്കുന്ന ഗോർഡൻ നിലവിൽ ഇംഗ്ലീഷ് ഫുട്‌ബോളിൻറെ ഫ്യൂച്ചറായാണ് വിലയിരുത്തപ്പെടുന്നത്.
മധ്യനിരയിൽ ന്യൂകാസിലിന്റെ ബുദ്ധികേന്ദ്രം ബ്രസീലിയൻ താരം ബ്രൂണോ ഗിമെറസാണ്. ക്ലബ് നായകൻ കൂടിയായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ എതിർപ്രതിരോധത്തെ ഭേദിച്ച് കില്ലർപാസുകൾ നൽകി കളം നിറയുന്നു. ഇറ്റാലിയൻ മിഡ്ഫീൽഡർ സാൻഡ്രോ ടൊണാലി, ബ്രസീലിയൻ താരം ജോ ലിൻഡൻ എന്നിവരും മിഡ്ഫീൽഡിൽ ഓരോ മത്സരത്തിലും പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടതുവിങിൽ ആന്റണി ഗോർഡൻ കൊടുങ്കാറ്റ് വിതക്കുമ്പോൾ റൈറ്റ് വിങിലൂടെ എതിർബോക്‌സിലേക്ക് ഇരമ്പിയെത്തേണ്ട ചുമതല ജേക്കബ് മർഫിയ്ക്കാണ്. നിർണായകസമയങ്ങളിൽ മർഫി പലവുരു വലകുലുക്കുന്നത് നമ്മളിക്കുറി കണ്ടു.
പോയ സീസണിൽ ന്യൂകാസിൽ നടത്തിയ മികച്ച സൈനിങുകളിലൊന്ന് ഇംഗ്ലീഷ് താരം ലെവിസ് ഹാളിൻറേതായിരുന്നു. ലെഫ്റ്റ് വിങ്ബാക്കായി കളിക്കുന്ന മുൻ ചെൽസി താരം കൂടിയായ ഈ 20 കാരൻ ക്ലബിലെ സൈലന്റ് കില്ലറാണ്. സെൻട്രൽ ഡിഫൻസിൽ കരുത്തായി ഡച്ച് താരം സ്വാൻ ബോട്ട്മാൻ, സ്വിസ് താരം ഫാബിയാൻ ഷീർ, ഇംഗ്ലീഷ് താരം ഡാൻ ബേൺ. ഗോൾവലക്ക് മുന്നിൽ ചോരാത്ത കൈകളുമായി സ്ലൊവേക്ക്യൻ ഗോൾകീപ്പർ മാർട്ടിൻ ഡുബ്രേക.
ഇംഗ്ലീഷ് പരിശീലകൻ ചുമതയയേറ്റ ശേഷം സെൻറ് ജെയിംസ് പാർക്കിൽ നിന്ന് ഒട്ടേറെ നല്ലവാർത്തകൾ മുമ്പേ നമ്മൾ കേട്ടു തുടങ്ങിയിരുന്ന. ഈ സീസണിൽ ടീം ഫോമിൻറെ പാരമ്യത്തിലെത്തി. വിവിധ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി തുടർച്ചയായി ഏഴ് ജയം, ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേയും എമിറേറ്റ്‌സിൽ ആർസനലിയേയും കീഴടക്കാനായി. ഒരുപതിറ്റാണ്ടിന് ശേഷമാണ് ഗണ്ണേഴ്‌സ് കോട്ടയിൽ ന്യൂകാസിലിൻറെ വെന്നികൊടി പാറിപറക്കുന്നത്.
ടോപ് ഫോറിൽ ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയെടുക്കണം... ഫെബ്രുവരി അഞ്ചിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന കരബാവോ കപ്പ് രണ്ടാംപാദ സെമിയിലും ആർസനലിനെ വീഴ്ത്തി വെംബ്ലിയിലെ സ്വപ്നഫൈനലിലേക്കുള്ള ടിക്കറ്റെടുക്കണം. എഫ്.എ കപ്പിലും അത്ഭുതങ്ങൾ കാണിക്കണം. യുവനിരയുടെ ചിറകിലേറി എഡീ ഹോയുടെ ന്യൂകാസിൽ പുതിയ ആകാശങ്ങളിലേക്ക് പന്തുതട്ടുകയാണ്.