‘‘കൊൽക്കത്തയെ കിരീടമണിയിച്ചത് ഗംഭീർ ഒറ്റക്കല്ല, പക്ഷേ ക്രെഡിറ്റെല്ലാം കിട്ടിയത് അദ്ദേഹത്തിന്’’ -രൂക്ഷ വിമർശനവുമായി മുൻ താരം

Update: 2025-01-09 16:31 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം രംഗത്ത്. കൊൽക്കത്ത ​നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്റെ സഹതാരവും മുൻതാരവുമായ മനോജ് തിവാരിയാണ് രൂക്ഷ വിമർശനമുയർത്തിയത്.

‘‘ ഗംഭീർ ഇരട്ടത്താപ്പുകാരനാണ്. എന്താണോ പറയുന്നത് അതൊരിക്കലും ചെയ്യില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കപ്പടിപ്പിച്ചത് ഗംഭീർ ഒറ്റക്കല്ല. ഞങ്ങളെല്ലാം ഒരു സംഘമായി മികച്ച പ്രകടനം നടത്തി. ജാക്വസ് കാലിസും സുനിൽ നരൈനും ഞാനുമൊക്കെ ഞങ്ങളുടേതായ രീതിയിൽ സംഭാവന ചെയ്തു. പ​ക്ഷേ ആരാണ് ക്രെഡിറ്റ് എടുത്തത്? പിആർ വർക്കുകളിലൂടെയും മറ്റും ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു’’ -മനോജ് തിവാരി പ്രതികരിച്ചു.

കൂടാതെ ആസ്ട്രേലിയൻ ടൂറിന് മുമ്പായി ഗംഭീറും ടീമംഗങ്ങളും തമ്മിൽ ഉടക്കുണ്ടായെന്നും തിവാരി ആരോപിച്ചു. ഗംഭീറും രോഹിത് ശർമയും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയിൽ ആയിരുന്നുവെന്നും ​ഡ്രെസിങ് റൂമിലെ കാര്യങ്ങൾ പുറത്തായത് അതിന്റെ സൂചനയാണെന്നും തിവാരി കൂട്ടിച്ചേർത്തു.

എന്നാൽ തിവാരിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി കൊൽക്കത്ത പേസ് ബൗളർ ഹർഷിത് റാണയും മുൻ ക്യാപ്റ്റൻ നിതീഷ് റാണയും രംഗത്തെത്തി. ഗംഭീറിന് പിന്തുണയുമായി ഇരുവരും ഇൻസ്റ്റഗ്രാമിൽ ​സ്റ്റോറി പോസ്റ്റ് ചെയ്തു.

വിവിധ ഫ്രാഞ്ചൈസികൾക്കായി 98 മത്സരങ്ങളിൽ കളത്തിലിറങ്ങിയ തിവാരി ഇന്ത്യക്കായി 12 ഏകദിനങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന തിവാരി ബംഗാളിലെ കായിക-യുവജനകാര്യ വിഭാഗം മന്ത്രിയാണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News