റഷ്യയിലേക്ക് ഇനി 100 ദിവസം
സൂപ്പര്‍ താരം നെയ്മറുടെ പരിക്കും വീഡിയോ അസിസ്റ്റന്‍ റഫറിയിങ് (വാര്‍) സംവിധാനം ആദ്യമായി നടപ്പിലാകാന്‍ പോകുന്നതും തുടങ്ങി അണിയറയില്‍
കാല്‍പന്ത് കളിയുടെ മാമാങ്കമായ ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം ബാക്കി. സൂപ്പര്‍ താരം നെയ്മറുടെ പരിക്കും വീഡിയോ അസിസ്റ്റന്‍ റഫറിയിങ് (വാര്‍) സംവിധാനം ആദ്യമായി നടപ്പിലാകാന്‍ പോകുന്നതും തുടങ്ങി അണിയറയില്‍ ചര്‍ച്ചകള്‍ സമ്പന്നമാണ്. ഏകനായി പൊരുതുന്ന മെസി എന്ന മിസിഹയ്ക്ക് അര്‍ജന്‍റീനയുടെ സ്വപ്നങ്ങള്‍ക്ക് എത്രമാത്രം വര്‍ണം പകരനാകും എന്നത് ആരാധകരെ വലയ്ക്കുന്ന മറ്റൊരു വലിയ ചോദ്യമാണ്. ഇറ്റലിയുടെയും ഹോളണ്ടിന്‍റെയും ചിലിയുടെയും അഭാവം റഷ്യയുടെ നിറംകെടുത്തുമോ അതോ ആരാധകരുടെ മാത്രം നൊമ്പരമായി തീരുമോ എന്ന് കണ്ടറിയാം.
ഉറക്കമൊഴിച്ച് കാണേണ്ട ഇത്തവണത്തെ ലോകകപ്പ്
റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാകുന്നത് മത്സരങ്ങളുടെ സമയക്രമമാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നും രാത്രി 11.30നും ഇടയിലാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. ഉറക്കമൊഴിച്ചിരുന്ന മത്സരങ്ങള്‍ കാണേണ്ടതില്ലെന്ന് സാരം. ജൂണ്‍ 14ന് റഷ്യയും സൌദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്‍റെ കിക്കോഫ് ഇന്ത്യന്‍ സമയം രാത്രി 8.30നാണ്. ജൂലൈ 15ന് നടക്കുന്ന കലാശപ്പോരിന്‍റെയും കിക്കോഫ് രാത്രി 8.30നാണ്. ഗ്രൂപ്പ് റൌണ്ട് മത്സരങ്ങളുടെ കിക്കോഫ് 3.30, 5.30, 7.30, 8.30, 9.30, 11, 30 എന്നീ വിധത്തിലാണ്.
12 വേദികള്‍ 32 ടീമുകള്‍
ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പിന് ജൂണ്‍ 14നാണ് തുടക്കം കുറിക്കുന്നത്. ഫൈനല്‍ പോരാട്ടം ജൂലൈ 15നും. 12 വേദികളിലായി 32 ടീമുകള്‍ ഏറ്റുമുട്ടം. നാല് ടീമുകള്‍ വീതം അടങ്ങുന്ന എട്ട് ഗ്രൂപ്പുകളാണ് ഉള്ളത്. 3.8 കോടി ഡോളര്‍ അതായത് 247 കോടി രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 2.8 കോടി അതായത് 182 കോടി രൂപ ലഭിക്കും,.