അടിമുടി പ്രൊഫഷണൽ; ആർ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തൻ

ബോർഡർ-ഗവാസ്‌കർ ട്രോഫി പാതിവഴിയിൽ നിൽക്കെയുള്ള വിരമിക്കൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്

Update: 2024-12-19 12:50 GMT
Advertising

  കൗശലക്കാരനായ ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ. കളത്തിലും പുറത്തും കൃത്യമായ കണക്കുകൂട്ടലോടെ മുന്നോട്ട് പോകുന്നയാൾ. മാച്ചിന് മുൻപ് തന്നെ എതിരാളികളുടെ ശക്തി-ദൗർബല്യങ്ങൾ അയാൾക്ക് മന:പാഠമായിരിക്കും. ക്രിക്കറ്റ് നിയമങ്ങളെ ഇത്ര മികച്ച രീതിയിൽ യൂട്ടിലൈസ് ചെയ്ത മറ്റൊരു കളിക്കാരനുണ്ടാകില്ല. 2022 ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഡു ഓർ ഡൈ സാഹചര്യത്തിൽ മുഹമ്മദ് നവാസിന്റെ വൈഡ്ബോൾ ലീവ് ചെയ്യാൻ കാണിച്ച മന:സാന്നിധ്യം, 2021 സിഡ്നി ടെസ്റ്റിൽ ഹനുമ വിഹാരിയോടൊപ്പം ചേർന്ന് നടത്തിയ വീരോചിത ചെറുത്ത് നിൽപ്പ്, മങ്കാദിങിലൂടെ പുറത്താക്കൽ ഐസിസി നിയമമാണെങ്കിൽ ഞാനത് ഉപയോഗിക്കുമെന്ന ഉറച്ച നിലപാട്...ഇങ്ങനെ ഓർമയിൽ മിന്നിമായുന്ന ഒട്ടേറെ സംഭവങ്ങൾ. ടെസ്റ്റ് ക്രിക്കറ്റായാലും ട്വന്റി 20 ആയാലും ബാറ്റർമാരുടെ ചിന്തകൾക്കപ്പുറമായിരുന്നു അശ്വിന്റെ ഓരോ ഡെലിവറികളും. പതിമൂന്ന് വർഷം പിന്നിട്ട കരിയറിന് വിരാമിടുന്നതും കൃത്യമായ കണക്കുകൂട്ടലുകളോടെ. ഇന്ത്യൻ ടീമിലെ എക്കാലത്തേയും വിശ്വസ്തൻ. പ്രൊഫഷണൽ. പ്രോബ്ലം സോൾവർ. അതായിരുന്നു ഈ തമിഴ്നാട്ടുകാരൻ.



   പ്രസ്റ്റീജ്യസായ ബോർഡർ-ഗവാസ്‌കർ ട്രോഫി പാതിവഴിയിൽ നിൽക്കെ എന്തുകൊണ്ടായിരിക്കും ഇന്ത്യൻ ഓഫ് സ്പിന്നർ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ. കാരണം തേടിപോയാൽ ഒരു കാര്യം വ്യക്തമാകും. എല്ലാം കണക്കുകൂട്ടിയുള്ള 38 കാരന്റെ കൃത്യമായ ഡിസിഷൻ. ബിജിടിയിൽ ഇനി അവശേഷിക്കുന്നത് രണ്ട് ടെസ്റ്റ് മത്സരങ്ങൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റും ജനുവരി മൂന്നിന് സിഡ്നിയിൽ അരങ്ങേറുന്ന അവസാന മത്സരവും. പേസിന് മുൻതൂക്കമുള്ള പിച്ചിൽ ഒരു സ്പിന്നറെ മാത്രമാകും ഇന്ത്യ കളിപ്പിക്കുകയെന്ന കാര്യം ഉറപ്പാണ്. ബ്രിസ്ബെയിനിൽ മാച്ച് സേവിങ് ഇന്നിങ്സ് കളിച്ചതിലൂടെ രവീന്ദ്ര ജഡേജ ഇനിയുള്ള രണ്ട് മാച്ചിൽ കളിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഇനിയെങ്ങാനും ജഡേജയെ പരിഗണിക്കാതിരുന്നാൽ പെർത്ത് ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ വാഷിങ് ടൺ സുന്ദറിനാകും പ്രഥമ പരിഗണന. ഓസീസ് പര്യടനത്തിൽ ഇനിയും വെറുതെ ബെഞ്ചിലിരുന്ന് സമയം കളയേണ്ടെന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.



 പെർത്ത് ടെസ്റ്റിൽ തന്നെ ഒഴിവാക്കി വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയ ടീം മാനേജ്മെന്റ് സമീപനവും അതിവേഗ തീരുമാനമെടുക്കാൻ വെറ്ററൻ താരത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകും. അഡലെയ്ഡിലെ രാപകൽ ടെസ്റ്റിൽ രോഹിത് ശർമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അശ്വിന് അവസരം ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഡ്ലെയ്ഡിൽ പെർത്തിലെത്തിയപ്പോൾ അവസരം ലഭിച്ചത് രവീന്ദ്ര ജഡേജക്ക്. ഏകദിന-ടി20 പരമ്പരയിൽ നിന്ന് നേരത്തെ വിരമിച്ച ആർ അശ്വിന് ഇനി ഇന്ത്യൻ മണ്ണിൽ അടുത്ത ടെസ്റ്റ് മത്സരത്തിനായി മാസങ്ങൾ ഏറെ കാത്തിരിക്കേണ്ടിവരും. അത്രയും നാൾ തുടരാനാവില്ലെന്ന തിരിച്ചറിവ് നിർണായക തീരുമാനത്തിലേക്ക് അശ്വിനെ നയിച്ചു.



 ഓഫ് സ്പിന്നറുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ തീരുമാനമെടുത്ത സമയത്തെ ചൊല്ലിയുള്ള ആശയകുഴപ്പവും ഇന്ത്യൻ ക്യാമ്പിൽ ഉടലെടുത്ത് കഴിഞ്ഞു. ബ്രിസ്ബെയിൻ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്റെ വിരമിക്കലിനെ കുറിച്ച് അറിഞ്ഞതെന്നാണ് വിരാട് കോഹ്ലി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. എന്നാൽ പെർത്തിൽ ടീം എത്തിയതു മുതൽ ഇതേകുറിച്ച് കേൾക്കുന്നുണ്ടെന്നായിരുന്നു രോഹിത് വാർത്താ സമ്മേളനത്തിൽ നൽകിയ മറുപടി. ബ്രിസ്ബെയിൻ ടെസ്റ്റിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതേകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അശ്വിൻ മടങ്ങുകയായിരുന്നു. ഇത് വൈകാരിക നിമിഷമാണെന്നും ഈ സമയത്ത് ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് തനിക്കില്ലെന്നും അശ്വിൻ വ്യക്തമാക്കി. തുടർന്ന് വാർത്താസമ്മേളന ഹാളിൽ നിന്ന് മടങ്ങുകയായിരുന്നു..


  ഒരേ ജോലി ചെയ്ത് കാലം കഴിക്കാൻ താൽപര്യമില്ലാതിരുന്ന ക്രിക്കറ്റർ. എന്നും വെറൈറ്റികൾ തേടിപോയ താരമാണ് അശ്വിൻ. റൈറ്റ് ആം ഓഫ് ബ്രേക്ക് ബൗളർ എന്ന ടാഗ് ലൈനിന് അപ്പുറം നിരന്തര പരിശ്രമത്തിലൂടെ നിരവധി പരീക്ഷണങ്ങൾ. ലെഗ്ബ്രേക്ക്, കാരംബോൾ, ആംബോൾ എന്നിവക്ക് പുറമെ അശ്വിൻ സ്പെഷ്യൽ റിവേഴ്സ് കാരംബോൾ. ആ മാന്ത്രികവിരലുകളിൽ നിന്ന് എതിരാളികളുടെ വിക്കറ്റ് ലക്ഷ്യമാക്കിയുള്ള പന്തുകൾ. ഓപ്പണറായി കരിയർ തുടങ്ങി പിന്നീട് സ്പിന്നറിലേക്ക് ട്രാക്ക് മാറിയ കരിയർ. ബൗളിങിന് പുറമെ നിർണായക സമയങ്ങളിൽ ബാറ്റിങിലും അയാൾ ഇന്ത്യയുടെ വിശ്വസ്തനായി. ക്യാപ്റ്റനാകാൻ ആഗ്രഹിച്ചിരുന്ന അശ്വിൻ മികച്ച സംഘാടകനായും ശ്രദ്ധിക്കപ്പെട്ടു. യുട്യൂബ് ചാനൽ ആരംഭിച്ചും സഹതാരങ്ങളിൽ നിന്ന് വ്യത്യസ്തനായി


 ഇന്ത്യൻ ക്രിക്കറ്റിൽ അനിൽ കുംബ്ലെക്ക് ശേഷം ആരെന്നതിനുള്ള ഉത്തരം കൂടിയായിരുന്നു അശ്വിൻ. കുംബ്ലെ കരിയറിൽ 956 വിക്കറ്റുമായി ഒന്നാമത് നിൽക്കുമ്പോൾ 765 വിക്കറ്റാണ് ചെന്നൈ സ്വദേശിയുടെ സമ്പാദ്യം. 106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകൾ. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വന്റി 20യിൽ 72 വിക്കറ്റും പോക്കറ്റിലാക്കി. ടെസ്റ്റിൽ 6 സെഞ്ച്വറിയുമായി ബാറ്റിങിലും നിർണായക പ്രകടനം നടത്തി. അതിവേഗത്തിൽ ആദ്യ 50 ടെസ്റ്റ് വിക്കറ്റുകൾ നേടി തുടങ്ങിയ ആ റെക്കോർഡ് പ്രകടനം ആദ്യ 500 വിക്കറ്റ് വരെയും തുടർന്നു.



 37  തവണ അഞ്ച് വിക്കറ്റ് നേട്ടം, എട്ട് പത്ത് വിക്കറ്റ്, 12 തവണ ടെസ്റ്റിൽ പരമ്പരയിലെ താരം, ഒരു കലണ്ടർ വർഷം 50 വിക്കറ്റും 500 റൺസും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം... അനന്തമായി നീളുന്ന ആ റെക്കോർഡുകൾ. 2011 ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായ അശ്വിൻ 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിലും അംഗമായിരുന്നു. തമിഴ്നാടിനായി  കളിച്ച് തുടങ്ങിയ അശ്വിന്റെ തലവര തെളിഞ്ഞത് 2010 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളത്തിലിറങ്ങിയതിലൂടെയായിരുന്നു. മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ ആരംഭിച്ച ആ കരിയർ പിന്നീട് ദേശീയ ടീമിലേക്കും വ്യാപിച്ചു. ധോണിയ്ക്ക് ശേഷം കോഹ്ലിയുടേയും രോഹിതിന്റേയും സ്‌ക്വാർഡിലേയും വിശ്വസ്തനായി.

  മെൽബണിലും സിഡ്നിയിലും അശ്വിൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ ഇന്ത്യൻ ആരാധകരും അതിയായി ആഗ്രഹിക്കുന്നു. ഇന്ത്യൻ സാഹചര്യമാണെങ്കിലും ഓവർസീസാണെങ്കിലും ഏതു കൂട്ടുകെട്ടും പൊളിക്കാനുള്ള തന്ത്രങ്ങൾ അയാളുടെ ആവനാഴിയിലുണ്ടാകും. എന്നാൽ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് പോലും കാത്തുനിൽക്കാതെ, വിരമിക്കൽ വാർത്തയുടെ ചൂടാറും മുൻപെ അയാൾ ചെന്നൈയിൽ വിമാനമിറങ്ങി. ഇനിയുണ്ടാകുമോ ഇന്ത്യൻ ക്രിക്കറ്റിൽ ഇങ്ങനെയൊരാൾ.ഇത്രയും പ്രിയപ്പെട്ടൊരാൾ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News