അടിക്ക് തിരിച്ചടി; ഇന്ത്യ നിര്‍ത്തിയടത്തുനിന്ന് അടി തുടങ്ങി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ അവസാന ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു.

Update: 2021-03-20 16:35 GMT
Advertising

ഇന്ത്യക്കെതിരായ അവസാന ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ 129ന് ഒന്ന് എന്ന ശക്തമായ നിലയിലാണ്.

നേരത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അടിച്ചുതര്‍ത്തയിടത്തുനിന്നാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓപ്പണറായ ജേസണ്‍ റോയി പൂജ്യത്തിന് പുറത്തായതൊഴിച്ചാല്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് കഴിഞ്ഞില്ല. പൂജ്യത്തിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ഡേവിഡ് മലനും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്സിനെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ബോളില്‍ 51 റണ്‍സുമായി ജോസ് ബട്‍ലറും 39 ബോളില്‍ 64 റണ്‍സുമായി ഡേവിഡ് മലനും ഉരുക്ക് കോട്ട പോലെ ഉറച്ചുനില്‍ക്കുകയാണ്.

നേരത്തെ ഇന്ത്യക്കായി രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. രോഹിത് പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് യാദവ് 17 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറുകളി‍ല്‍ തീപ്പന്തമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ 17 ബോളില്‍ 39 റണ്‍സ് നേടി.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത് – കോഹ്‍ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. സ്റ്റോക്സിന്‍റെ പന്തില്‍ രോഹിത് പുറത്തായെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്‍റെ ബാറ്റിങ് മികവ് ആദ്യ കളിയിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ യാദവും കോഹ്‍ലിയും ചേര്‍ന്ന് 26 പന്തില്‍ നിന്ന് 49 റണ്‍സാണ് നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ആദില്‍ റഷീദ് ആണ് പുറത്താക്കിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News