വിടരും മുൻപെ കൊഴിഞ്ഞ ഓസീസ് വസന്തം; ഫിൽ ഹ്യൂഗ്‌സിന്റെ ഓർമ്മകൾക്ക് ഒരു പതിറ്റാണ്ട്
ഹ്യൂഗ്‌സിന്റെ സുഹൃത്തും സഹയാത്രികനും ആയിരുന്നു ഡേവിഡ് വാർണർ. ഹ്യൂഗ്സ് അവസാനമായി കളിച്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ മരണാനന്തരം നടന്ന ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റിലെ നാലാം മത്സരത്തിൽ 63 റൺസ് നേടിയപ്പോൾ ഗ്രൗണ്ടിൽ ചുംബിച്ചുകൊണ്ടാണ് ഹ്യൂഗ്‌സിനോടുള്ള ആദരവ് വാർണർ രേഖപ്പെടുത്തിയത്.
വർഷം 2014. സീസണിലെ ആസ്‌ത്രേലിയയിലെ ഷെഫീൽഡ് ഷീൽഡ് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നവംബർ 25 ന് നടന്ന സൗത്ത് വെയിൽസ് -സൗത്ത് ആസ്‌ത്രേലിയ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ തന്നെ സങ്കടത്തിലാഴ്ത്തിയ ആ അപകടം സംഭവിച്ചത്. സൗത്ത് വെയിൽസ് ടീം ബൗളർ സീൻ അബോട്ടിന്റെ ഒരു പെർഫ്യൂം ബോൾ അഥവാ ഓവർ ബൗൺസർ ബോൾ ചെവിയുടെ പുറകിൽ ഹെൽമെറ്റിന്റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് കൊണ്ട് വെർട്ടിബ്രൽ ആർട്ടറിക്ക് ഗുരുതര പരിക്കേറ്റ് സൗത്ത് ആസ്‌ത്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗ്സ് ഗ്രൗണ്ടിൽ തളർന്നുവീഴുന്നത്.
തുടർന്ന് ഗുരുതരാവസ്ഥയിൽ സെന്റ് വിൻസെന്റ് ആശുപത്രിയിൽ കോമയിൽ ചിലവഴിച്ച ഹ്യൂഗ്സ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ 26ആം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കി നിൽക്കെ വിടരും മുൻപെ കൊഴിഞ്ഞു. നവംബർ 27 നാണ് ഓസീസ് താരം മരണത്തിന് കീഴടങ്ങിയത്. ഹ്യൂഗ്‌സിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ധരിച്ച ഹെൽമെറ്റിന്റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് ബോൾ കൊണ്ടുണ്ടായ അപകട മരണം ആയി മാറി.അതിനെ തുടർന്ന് ക്രിക്കറ്റിൽ കൂടുതൽ സുരക്ഷയുള്ള തലയിൽ ബോൾ എവിടെ കൊണ്ടാലും പ്രതിരോധിക്കാൻ പറ്റുന്ന രീതിയിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ഹെൽമെറ്റുകൾ ഉപയോഗിച്ച് തുടങ്ങി.
പരിക്ക് പറ്റി ബാറ്റിംഗ് അവസാനിപ്പിച്ചു പോകുമ്പോൾ 63 റൺസ് ആയിരുന്നു ഹ്യുസിന്റെ സമ്പാദ്യം. സാധാരണ രീതി അനുസരിച്ച് ഒരു ബാറ്റ്സ്മാൻ പരിക്ക് പറ്റി ബാറ്റിങ് അവസാനിപ്പിച്ചു പോയാൽ റിട്ടയർഡ് ഹെർട്ട് എന്നാണ് റൺസ് ബോർഡിലും മത്സരത്തിന്റെ ഔദ്യോഗിക രേഖകളിലും രേഖപെടുത്തുന്നത്.എന്നാൽ ഗുരുതര പരിക്കുകളോടെ പുറത്തായി പിന്നീട് മരണത്തിന് കീഴടങ്ങിയ ഹ്യൂഗ്‌സിന്റെ സ്മരണയ്ക്ക് ആദ്യമായി ഒരു ക്രിക്കറ്റ് മത്സരത്തിൽ ഔദ്യോഗിക രേഖകളിൽ 63 റിട്ടയേർഡ് ഹർട്ട് എന്നത് 63 നോട്ട് ഔട്ട് എന്ന് ക്രിക്കറ്റ് ബോർഡ് രേഖപ്പെടുത്തി അദ്ദേഹത്തോടുള്ള അന്ത്യ ബഹുമതി രേഖപെടുത്തി. ആസ്‌ത്രേലിയയുടെ 408 മത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ഫിൽ ഹ്യൂഗ്സ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 64 എന്ന അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ പിന്നീട് ഓസീസ് പിൻവലിച്ചു. ഒരു താരങ്ങൾക്കും ആ ജേഴ്‌സി നമ്പർ കൊടുക്കാതെ ഹ്യൂഗ്‌സിനോടുള്ള ആദരവ് ബോർഡ് അറിയിച്ചു.
ഹ്യൂഗ്‌സിന്റെ ആത്മാർത്ഥ സുഹൃത്തും സഹയാത്രികനും ആയിരുന്നു ഡേവിഡ് വാർണർ. ഹ്യൂഗ്സ് അവസാനമായി കളിച്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ മരണാനന്തരം ആദ്യമായി നടന്ന ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റിലെ നാലാം മത്സരത്തിൽ 63 റൺസ് നേടിയപ്പോൾ ഗ്രൗണ്ടിൽ ചുംബിച്ചുകൊണ്ടാണ് ഹ്യൂഗ്‌സിനോടുള്ള ആദരവ് വാർണർ രേഖപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ വാർണർ ആദ്യമായി ടെസ്റ്റിൽ ത്രിപ്പിൾ സെഞ്ച്വറി നേടിയപ്പോൾ (300) അദ്ദേഹം ആകാശത്തേക്ക് നോക്കി വിതുമ്പികൊണ്ട് ആ നേട്ടം അകാലത്തിൽ പൊലിഞ്ഞ എന്റെ ഉറ്റ സുഹൃത്തിന് സമർപ്പിക്കുന്നു എന്നാണ് പറഞ്ഞത്.
പൊട്ടിക്കരഞ്ഞുകൊണ്ട് അന്നത്തെ ഓസീസ് ക്യാപ്റ്റൻ മൈക്കൾ ക്ലാർക്ക് ഹ്യൂഗ്‌സിന്റെ സംസ്കാര ശുശ്രുഷയിലെ പ്രസംഗത്തിൽ പറഞ്ഞ ഈ വാക്കുകൾ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു .'ഹ്യുഗ്‌സ് ഇപ്പോഴും എന്റെ കൂടെ ഉണ്ടന്നൊരു തോന്നൽ, ഒരു ഫോൺ കോൾ, അവന്റെ ഒരു തലവട്ടം, ഇതിനെയാണോ ആത്മാവ് എന്ന് പറയുന്നത്, എങ്കിൽ അവൻ എന്നെ വിട്ടുപിരിയില്ല.സ്വന്തം അനിയൻ ഇല്ലാത്ത എനിക്ക് അനിയൻ ആയിരുന്നു അവൻ'
മാത്യു ഹെയ്ഡന് പകരക്കാരനായി ഓസ്‌ട്രേലിയൻ ടീമിലേക്ക് ഓപ്പണിങ് ബാറ്റ്സ്മാനായി വന്ന ഇടം കയ്യൻ ബാറ്റ്സ്മാൻ 20 വയസുള്ള ആ പയ്യൻ 2009 ഫെബ്രുവരി 26 ന് ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.ഫിൽ ഹ്യൂഗ്‌സിന്റെ ആദ്യ ഇന്നിങ്‌സ് 4 ബോളിൽ അവസാനിച്ചു.മാർക്ക് ബൗച്ചറിന്റെ കൈയിൽ ക്യാച്ച് ആയി എത്തിച്ച് റൺസ് ഒന്നും എടുക്കാനാകാതെ 0 റൺസിന് ആദ്യ ഇന്നിങ്‌സിൽ സ്റ്റെയിൻ ഹ്യൂഗ്‌സിനെ മടക്കി.രണ്ടാം ഇന്നിങ്‌സിൽ 75 റൺസ് എടുത്ത് ഹ്യൂഗ്‌സ് പ്രതിരോധിച്ചു.
ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ 115 റൺസും രണ്ടാം ഇന്നിങ്‌സിൽ 160 റൺസും നേടി തകർത്തടിച്ച് 175 റൺസിന്റെ വിജയം ഓസ്‌ട്രേലിയക്ക് സമ്മാനിച്ച് ഹ്യൂഗ്‌സ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചു.ഓസ്‌ട്രേലിയക്ക് ആയി 26 ടെസ്റ്റിൽ നിന്ന് 1535 റൺസ് ഹ്യൂഗ്‌സ് നേടി. 2013 ജനുവരി 11 ന് ശ്രീലങ്കക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹ്യൂഗ്‌സ് തകർത്തടിച്ച് 112 റൺസ് നേടി.ഓസ്‌ട്രേലിയക്ക് ആയി ഏകദിന അരങ്ങേറ്റ മൽസരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡും ഹ്യൂഗ്‌സ് സ്വന്തമാക്കി.ഓസ്‌ട്രേലിയക്ക് ആയി 25 ഏകദിന മത്സരങ്ങളിൽ നിന്ന് 826 റൺസ് ഹ്യൂഗ്‌സ് നേടി.
2014 ഒക്ടോബർ 05 ന് പാകിസ്താന് എതിരെ നടന്ന ഏക ഠ20 യാണ് ഹ്യൂഗ്‌സ് കളിച്ച ഒരേയൊരു ഠ20 അന്തരാഷ്ട്ര മത്സരം.ആ മത്സരത്തിൽ 6 റൺസ് മാത്രം നേടി. ഫിലിപ്പ് ഹ്യൂഗ്‌സിന്റെ ജീവൻ നഷ്ട്ടപെടുന്നതിലേക്ക് നയിച്ച പെർഫ്യൂം ബോളിങ് രീതി അഥവാ ഓവർ ബൗൺസ് ബോളുകൾ എന്താണ്?എങ്ങനെ അവ അപകടകരമാകുന്നു??? ഒരു പേസ് ബൗളർ ബോൾ ചെയ്യുമ്പോൾ അയാൾക്ക് വേഗം നിയന്ത്രിക്കാൻ പറ്റാതെ വരുന്ന ചില ബോളുകൾ ബൗൺസ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ ബോള്ളിന്റ പേസ് കൂടുകയും അതൊരു ഓവർ ബൗൺസർ ആയി മാറുകയും സാധാരണ ബൗൺസർ ബോളിനെ അപേക്ഷിച്ച്, അതായത് ബാറ്റ്സ്മാന്റെ തോളിനൊപ്പം വരുന്ന ബൗൺസിനെക്കാൾ ഉയർന്ന് ബാറ്റ്‌സ്മാന്റെ മുഖത്തിന് മുൻപിൽ കൂടി കടന്നു പോകുന്നു.
മുഖത്തിന് മുൻപിൽ കൂടി പോകുന്ന ബോൾ എന്ന നിലയിൽ ആ ബോളിന്റെ ഗന്ധം പോലും ബാറ്റ്‌സ്മാന് കിട്ടുമെന്ന സങ്കൽപ്പത്തിലാണ് ഇത്തരം നിയന്ത്രണാതീത ഉയരത്തിൽ പൊങ്ങുന്ന എന്നാൽ വൈഡ് ആകാത്തതുമായ ബൗൺസറുകളെ പെർഫ്യൂം ബോൾ എന്ന് വിളിക്കുന്നത്.ബോൾ മുഖത്ത് കൊള്ളാതിരിക്കാൻ ബാറ്റ്സ്മാന്മാർ ബാറ്റുപയോഗിച്ചു തടയുമ്പോൾ ബാറ്റിൽ കിട്ടാതെ വരുകയോ അല്ലെങ്കിൽ മുഖത്ത് കൊള്ളാതിരിക്കാൻ മുഖം പുറകിലേക്ക് വലിക്കുമ്പോളും മറ്റും ബോളിന്റെ സ്വിങ് മാറുന്നതനുസരിച്ച് തലയുടെ പുറകിൽ,മറ്റ് ഭാഗങ്ങളിൽ,ചെവിയിൽ,തലയൊട്ടി,തുടങ്ങിയ ഭാഗങ്ങളിൽ ബോൾ കൊണ്ട് പരിക്കുകൾ പറ്റുന്നു.
ഐസിസി നിയമാവലി അനുസൃതമായി ടെസ്റ്റ് ഏകദിന മത്സരങ്ങളിൽ ബീമർ ബോളുകൾ ഒഴികെ 2 ബൗൺസർ വരെ ഒരോവറിൽ നിയമപരമായി എറിയാം.ബാറ്റ്സ്മാൻമാരെ പേടിപ്പെടുത്തുന്ന ഈ ബൗളിംഗ് രീതിയെപ്പറ്റി വിമർശനങ്ങൾ ഒരുവശത്തു നിലനിൽക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന് ഇഷ്ട്ടമുള്ള എല്ലാ രീതിയിലും ബാറ്റ് ഉപയോഗിച്ച് അടിക്കാനുള്ള എല്ലാ സ്വാതന്ത്രവും കൊടുക്കുന്ന ക്രിക്കറ്റിൽ ഒരിക്കലും പേസ് ബൗളറുടെ ബൗളിംഗ് വേഗത നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരാൻ കഴിയില്ല എന്നതിനാൽ ഓവർ ബൗൺസർ പെർഫ്യൂം ബോളുകളെയും അതുണ്ടാക്കുന്ന പരിക്കുകൾക്കെതിരെയും സുരക്ഷ നടപടികൾ ബാറ്റ് ചെയുന്ന ബാറ്റ്സ്മാൻ എടുക്കുക എന്നത് അല്ലാതെ ഈ ബൗളിംഗ് രീതിയെ നിയന്ത്രിക്കാനും വിമർശിക്കാനും ആകില്ല.
ആധുനിക ക്രിക്കറ്റിൽ പെർഫ്യൂം ബോളുകൾ വിപുലമായി ഉപയോഗിച്ചിരുന്നതോ, ഈ ബൗളിങ്ങ് രീതിയുടെ അച്ചാര്യന്മാരായോ കാണാൻ സാധിക്കുന്നത് സർ ആൻഡി റോബോർട്‌സ്, മൽക്കോം മാർഷൽ,ജെഫ് തോംസൺ തുടങ്ങിയ പേസ് ബൗളർസിനെയാണ്. 1970-80 കാലഘട്ടങ്ങളിൽ സർ റോബർട്ട് ഈ ബൗളിംഗ് രീതി വിപുലമായി ഉപയോഗിച്ചിരുന്നതായി കാണാം. തുടർന്ന് 1990-2000 ആധുനിക കാലഘട്ടത്തിൽ കർട്ട്‌ലി ആംബ്രോസ്,കോൾട്ട്‌നി വാൽഷ്,അലൻ ഡോണൾഡ്,ഇമ്രാൻ ഖാൻ,വസിം അക്രം,ജെയിംസ് അൻഡേഴ്‌സൺ,സ്റ്റീവ് ഹർമിസൺ,ഗ്ലെൻ മഗ്രാത്ത്,ബ്രെറ്റ് ലീ,ഷോയിബ് അക്തർ, മിച്ചൽ ജോൺസൻ, ഷോൺ ടൈറ്റ്, ഷൈൻ ബോണ്ട്,ആൻഡ്രോ ഫ്‌ലിന്റോഫ്,മഖായ എൻടിനി,ആഷിഷ് നെഹ്ര തുടങ്ങിയവർ ഈ ബോളിങ് രീതിക്ക് മികച്ച പിന്തുണ കൊടുത്തു.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഓവർ ബൗൺസറുകളിൽ കൂടി ബാറ്റ്സ്മാന്മാർക്ക് കൂടുതൽ ആയി പരിക്ക് ഉണ്ടാക്കിയിരിക്കുന്നത് ലീയും അക്തറുമാണ്.2004 ൽ ഇന്ത്യയുടെ ഓസ്‌ട്രേലിയ ടൂറിലെ 4 ആം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 91 റൺസിൽ നിന്ന ദ്രാവിഡിന്റെ ചെവിയിൽ ബ്രെറ്റ്‌ലീയുടെ ഒരു പെർഫ്യൂം ബോൾ കൊള്ളുകയും ചെവിയിൽ നിന്ന് രക്തം വാർന്നതിനെ തുടർന്ന് അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 211 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ ആ ഇന്നിങ്‌സ് തന്നെ ഡിക്ലയർ ചെയ്തത് ശ്രദ്ധേയമായിരുന്നു.ഏതു ബോളും തടഞ്ഞിടും എന്ന രീതിയിൽ രാഹുൽ ദ്രാവിഡിനെ വന്മതിൽ എന്ന് വിളിച്ചിരുന്നു.എന്നാൽ വന്മതിലിനു പോലും തടയാൻ കഴിയുന്നതിന് അപ്പുറമായിരുന്നു ലീയുടെ പെർഫ്യൂം ബോൾ.
2004 ലെ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ പാകിസ്ഥാൻ -വെസ്റ്റീൻഡിസ് മത്സരത്തിൽ ഇതിഹാസ ബാറ്റ്സ്മാൻ ബ്രെയിൻ ലാറക്ക് എതിരെ പാക്ക് പേസർ ഷോഹൈബ് അക്തർ എറിഞ്ഞ ഒരു പെർഫ്യൂം ബോൾ ലോക ക്രിക്കറ്റിനെ തന്നെ ഞെട്ടിച്ചതായിരുന്നു.ആ ബോളിൽ 31 റൺസിൽ ബാറ്റ് ചെയ്തിരുന്ന ലാറ റിട്ടയേർഡ് ഹെർട്ട് ആയി ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. എങ്കിൽ പോലും ഈ ബൗളിംഗ് രീതിയുടെ ആചാര്യനമാരായിരുന്ന സർ റോബർട്ട്സിന്റെയോ, മാർഷലിന്റെയോ, തോംസൺന്റെയോ, പിന്നീട് ഈ ബൗളിംഗ് രീതിയുടെ വക്താക്കളായ ലീയുടെയോ, അക്തറിന്റെയോ ബോളുകൾ അബദ്ധത്തിൽ പോലും ഒരാൾക്കും ഗുരുതര പരിക്കുകൾ ഏല്പികുന്ന അവസ്ഥയിലേക്ക് പോയിട്ടില്ല. 10 വർഷങ്ങൾക്കിപ്പുറവും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഒരിക്കലും ഔട്ട് ആകാതെ 63 റൺസുമായി ഇന്നും ഫിൽ ഹ്യൂഗ്സ് എന്ന 64 ആം ജേഴ്‌സിക്കാരൻ നിറഞ്ഞ ഓർമ്മകളിൽ നോട്ട് ഔട്ട് ആയി നില്കുന്നു.