അവസാന ഓവറുകളില്‍ കൂറ്റനടിയുമായി പന്തും പാണ്ഡ്യയും; ഇന്ത്യക്ക് മികച്ച സ്കോര്‍

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Update: 2021-03-26 12:04 GMT
Advertising

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‍ലിയും സെഞ്ച്വറിയുമായി കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്സിനെ മധ്യ ഓവറുകളില്‍ കോട്ടകെട്ടിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും വന്നതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു.

114 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെയായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 79 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 66 റണ്‍സാണ് ക്യാപ്റ്റന്‍ കോഹ്‍ലി നേടിയത്. അവസാന ഓവറുകളില്‍ തീപ്പൊരി പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്ത് 40 പന്തില്‍ മൂന്ന് ബൌണ്ടറികളും ഏഴ് സിക്സറുകളും ഉള്‍പ്പടെ 77 റണ്‍സാണ് നേടിയത്. ഒട്ടും മോശമാക്കാതെ ഹാര്‍ദ്ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 16 പന്തില്‍ നാല് സിക്സര്‍ അടക്കം 35 റണ്‍സ് നേടിയാണ് പാണ്ഡ്യ അവസാന ഓവറുകളില്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.

നേരത്തെ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. കോഹ്‍ലി 62 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ രാഹുല്‍ 66 ബോളില്‍ അര്‍ധ ശതകം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലിയുടെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത് ആദില്‍ റഷീദ് ആണ്. വ്യക്തിഗത സ്കോര്‍ 66ഇല്‍ എത്തിനില്‍ക്കേ ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്. സ്കോര്‍ബോര്‍ഡ് 158ഇല്‍ നില്‍ക്കെയാണ് കോഹ്‍ലി പുറത്തായത്. പിന്നീട് എത്തിയ ഋഷഭ് പന്ത് കെ.എല്‍ രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. രാഹുല്‍ സ്വതസിദ്ധമായ ശൈലിയില്‍ മുന്നോട്ടുപോയപ്പോള്‍ പന്ത് തകര്‍ത്തടിക്കുകയായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News