ഒരേയൊരു സച്ചിൻ, ജീവിതയാത്രയിൽ അര്‍ധ സെഞ്ചുറി പിന്നിട്ട് ഇതിഹാസം

ഒരേയൊരു സച്ചിൻ, ജീവിതയാത്രയിൽ അര്‍ധ സെഞ്ചുറി പിന്നിട്ട് ഇതിഹാസം

Update: 2023-04-24 05:16 GMT

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

Advertising

ഒരു രാജ്യത്തിന്‍റെ ബജറ്റ് പ്രഖ്യാപനത്തെപ്പോലും മാധ്യമങ്ങളുടെ രണ്ടാം പേജിലേക്ക് പിന്തള്ളി ഒന്നാം പേജ് മുഴുവന്‍ നിറഞ്ഞുനിന്ന ചരിത്രമുണ്ട് അയാള്‍ക്ക്. സച്ചിന്‍ എന്ന മൂന്നക്ഷരം മാറ്റിനിര്‍ത്തിക്കൊണ്ട് ലോകക്രിക്കറ്റിന് ഒരു ചരിത്രമില്ല, ഇത് അയാളുടെ കഥയാണ്. അന്ന് ഇന്ത്യയിലെ റെയില്‍വേ ബജറ്റ് പ്രഖ്യാപിക്കുന്ന ദിവസമായിരുന്നു, പത്രമാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഏറ്റവുമാദ്യം ഇടംപിടിക്കേണ്ട വാര്‍ത്ത, പക്ഷേ അന്ന് അയാളുടെ ദിവസമായിരുന്നു, ബാക്കിയെന്തിനും രണ്ടാമതേ ഉണ്ടായിരുന്നുള്ളൂ പ്രാധാന്യം. സച്ചിന് അന്ന് 37 വയസ്, ഏതൊരു ക്രിക്കറ്ററും കളിയവസാനിപ്പിച്ച് വീട്ടിലിരിക്കുന്ന പ്രായത്തില്‍ അയാളുടെ ബാറ്റില്‍ നിന്ന് പിറന്നത് ലോകക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ചുറി,

കിരീടത്തിനു പകരം ഹെൽമെറ്റ്‌ വെച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു ഇന്ത്യക്ക്, 24 വർഷം ലോകക്രിക്കറ്റിനെ രണ്ടയരയടി വില്ലോ തടി കൊണ്ട് അടക്കി ഭരിച്ച രാജാവ്... അയാള്‍ ക്രീസിലെത്തുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ അയാള്‍ക്ക് വേണ്ടി ആരവം മുഴക്കി, ഒരു ജനതയൊന്നാകെ അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു...


അയാള്‍ സെഞ്ചുറിയിലേക്ക് അടുക്കുമ്പോള്‍ ഘടികാരങ്ങള്‍ പോലും നിലക്കുന്ന തരത്തില്‍ അവര്‍ നിശ്ചലമായി കാത്തുനിന്നു... അയാള്‍ പാതിവഴിയിൽ വീണുപോകാതിരിക്കാന്‍ വഴിപാടും നേര്‍ച്ചയുമിട്ട് അവ‍ര്‍ പ്രാ‍ര്‍ഥിച്ചു, അയാൾ കരയുമ്പോൾ കുട്ടികളെ പോലെ അവരും കൂടെ കരഞ്ഞു, അയാള്‍ക്കായി മാത്രം അലറിവിളിക്കുന്ന ഗ്യാലറികള്‍.. അതെ, ഒരു കാലത്ത് ക്രിക്കറ്റ് എന്നാല്‍ സച്ചിനെന്നായിരുന്നു അര്‍ഥം, സച്ചിന്‍റെ പര്യായം മാത്രമായി ക്രിക്കറ്റെന്ന ക്യാന്‍വാസ് ചുരുങ്ങിയ നാളുകള്‍.

വര്‍ഷം 1989 നവംബര്‍ 15, പാകിസ്ഥാനിലെ കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം... സ്കൂള്‍ ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലുമെല്ലാം തകർത്തടിച്ച് വാർത്തകള്‍ സൃഷ്ടിച്ച ഒരു 16കാരന്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിന് പാഡണിയുന്നു... ഇമ്രാൻ ഖാനും വസീം അക്രമുമെല്ലാം വേഗത കൊണ്ട് ബാറ്റര്‍മാരുടെ രക്തത്തിന് വില പറഞ്ഞിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.. ഒരു 16 വയസുകാരൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും അരങ്ങേറാത്ത ആ കാലഘട്ടത്തിൽ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കുക, അതും അക്കാലത്തെ ഏറ്റവും മികച്ച ബൌളിങ് നിരക്കെതിരെ...

പാക് ബൌളര്‍മാരുടെ തീ തുപ്പുന്ന പന്തുകളെ നേരിട്ട ഇന്ത്യ രണ്ടാം ദിനം വിറച്ചു. ശ്രീകാന്തും, സിദ്ദുവും, മഞ്ജരേക്കറുമെല്ലാം രണ്ടക്കം പോലും കാണാതെ മടങ്ങി. ഇന്ത്യന്‍ സ്കോര്‍ 41ന് 4. ദൈവം ഗ്ലൌസണിയിപ്പിച്ച കൈയ്യില്‍ ബാറ്റുമായി സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന 16 കാരന്‍ ആറാമനായി ഗാര്‍ഡെടുത്തു. ലോകത്തെ ക്രിക്കറ്റ് ഭൂപടത്തെ തന്നെ ഒറ്റക്ക് വരക്കാന്‍ പോകുന്ന ഒരു ബാറ്റിങ് ജീനിയസിന്‍റെ അരങ്ങേറ്റമായിരുന്നു അത്. അന്ന് പക്ഷേ കറാച്ചിയിലെ പുല്‍നാമ്പുകള്‍ പോലും ആ കൌമാരക്കാരന്‍റെ ചോരക്കായി ദാഹിക്കുകയായിരുന്നു.


അമ്മയോട് പറഞ്ഞിട്ടാണോ ഇവിടേക്കെത്തിയതെന്ന് ചോദിച്ചായിരുന്നു വസീം അക്രം മീശ പോലും മുളക്കാത്ത ആ പയ്യനെ സ്വാഗതം ചെയ്തത്. അരങ്ങേറ്റക്കാരനെ ഭയപ്പെടുത്തുക തന്നെയാണ് ലക്ഷ്യം, ഫീല്‍ഡ‍ര്‍മാരെ 22 വാര പിച്ചിന് ചുറ്റും നിരത്തി. പിന്നാലെ തീയുണ്ടയുടെ വേഗത്തിലുള്ള പന്തുകള്‍, ലീവ് ചെയ്യാന്‍ കഴിയുന്നതിലും വേഗത്തില്‍ തുടര്‍ച്ചയായി ബൗൺസറുകളും. സച്ചിന്‍ ഷോട്ട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പല പന്തുകളും കടന്നുപോയി. പക്ഷേ മുന്‍നിര പരാജയപ്പെട്ടിടത്ത് 24 പന്തുകൾ നേരിട്ട് 2 മനോഹര ബൗണ്ടറികളടക്കം 15 റൺസ് നേടിയിരുന്നു കൊച്ചു സച്ചിന്‍. കാര്യമായ ചലനങ്ങളൊന്നും സംഭവിക്കാതെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. എന്നാല്‍‌ രണ്ടാം ടെസ്റ്റില്‍ അത് സംഭവിച്ചു. ക്രിക്കറ്റിനായി മാത്രം ജനിച്ച ആ അത്ഭുത ബാലന്‍ ചരിത്രം സൃഷ്ടിച്ചു. ക്രിക്കറ്റ് ലോകം സാക്ഷിയായത് ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്‍റെ അര്‍ധസെഞ്ച്വറിക്ക്. അന്ന് ചോരയുടെ മണമുള്ള 172 പന്തുകളെയാണ് 16കാരന്‍ സച്ചിന്‍ നേരിട്ടത്. ഒടുവില്‍ ഇമ്രാന്‍ ഖാന്‍റെ പന്തില്‍ LBW ആയി പുറത്താകുമ്പോഴേക്കും 59 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്ത സച്ചിന്‍ ക്രിക്കറ്റിനെ അടക്കി ഭരിക്കാനുള്ള ചെങ്കോലും കിരീടവും കൂടിയാണ് അന്ന് സ്വന്തമാക്കിയത്.


വര്‍ഷം 2010 ഫെബ്രുവരി 24, ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അപ്പോഴേക്കും സച്ചിന് മുന്നില്‍ തലകുനിച്ചിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനമത്സരം... ഗ്വാളിയാറിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ സച്ചിന്‍ എന്ന ആര്‍പ്പുവിളികളല്ലാതെ മറ്റൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല, കണ്ണുചിമ്മാന്‍ പോലും തയ്യാറാകാതെ ശ്വാസമടക്കിപ്പിടിച്ച് അവര്‍ കാത്തിരുന്നു.

ഇന്ത്യന്‍ ഇന്നിങ്സിലെ 49ആം ഓവറിലെ മൂന്നാം പന്ത്, സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സച്ചിന്‍ ബാറ്റിങ് ഓണ്‍ 199. വൈഡ് ഓഫ് സ്റ്റമ്പില്‍ ലാംഗ് വെല്‍റ്റ് എറിഞ്ഞ ഓവര്‍ പിച്ച് ഡെലിവറി പോയിന്‍റിലേക്ക് തട്ടിയിട്ട് സച്ചിന്‍ ഓടിയത് ചരിത്രത്തിലേക്ക്... ആവേശംകൊണ്ട് അണപൊട്ടിയ ഗ്യാലറിയെ നോക്കി ദൈവം അഭിവാദ്യം ചെയ്തു, ആകാശത്തേക്ക് തലയുയര്‍ത്തി നന്ദി പറഞ്ഞു... കമന്‍ററി ബോക്സില്‍ നിന്ന് രവി ശാസ്ത്രിയുടെ വാക്കുകളെത്തി First man on the planet to score a double century in one day international... and it is the 'Superman' from India

അന്ന് ഇന്ത്യയിലെ റെയില്‍വേ ബജറ്റ് പ്രഖ്യാപിക്കുന്ന ദിവസമായിരുന്നു, പത്രമാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഏറ്റവുമാദ്യം ഇടംപിടിക്കേണ്ട വാര്‍ത്ത, പക്ഷേ അന്ന് അയാളുടെ ദിവസമായിരുന്നു, ബാക്കിയെന്തിനും രണ്ടാമതേ ഉണ്ടായിരുന്നുള്ളൂ പ്രാധാന്യം... സച്ചിന് അന്ന് 37 വയസ്, ഏതൊരു ക്രിക്കറ്ററും കളിയവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന പ്രായത്തില്‍ അയാളുടെ ബാറ്റില്‍ നിന്ന് പിറന്നത് ലോകക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറി,

പണ്ടൊരിക്കല്‍ പീറ്റര്‍ റീബക് എന്ന സ്പോര്‍ട്സ് ജേണലിസ്റ്റ് സച്ചിനെക്കറിച്ച് പറഞ്ഞ സംഭവമുണ്ട്. ഒരിക്കൽ അദ്ദേഹം ഷിംലയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നു. എന്നാൽ സാധാരണയിൽ കൂടുതൽ സമയം കഴിഞ്ഞിട്ടും ട്രെയിൻ അവടെ നിന്നു പോകുന്നില്ല. കാരണം തിരക്കിയിറങ്ങിയപ്പോൾ അദ്ദേഹം കണ്ട കാഴ്ച ഇതായിരുന്നു, ട്രെയിനിലെ മുഴുവൻ യാത്രക്കാരും ലോക്കോ പൈലറ്റും എന്തിനേറെ സ്റ്റേഷൻ മാസ്റ്ററുൾപ്പെടെ ടി.വി കണ്ടുകൊണ്ടിരിക്കുന്നു. എന്താണ് സംഭവമെന്ന് അന്വേഷിച്ചപ്പോൾ ആരോ വിളിച്ചു പറഞ്ഞു 'സർ, സച്ചിൻ ബാറ്റിംഗ് 98'… സച്ചിന്‍റെ സെഞ്ച്വറി കാണാന്‍ വേണ്ടി ഒരു രാജ്യം തന്നെ നിശ്ചലമായി കാത്തിരിക്കുന്ന രംഗം, യെസ്, ദിസ് ജീനിയസ് കാന്‍ സ്റ്റോപ് ടൈം ഇന്‍ ഇന്ത്യ.... ഒരു രാജ്യത്തിന്‍റെ സമയത്തെ തന്നെ പിടിച്ചു നിർത്താൻ സാധികുന്ന ലോകത്തെ ഏക മനുഷ്യൻ.


മരുഭൂമിയിലെ കൊടുങ്കാറ്റായി മാറിയ 25 വയസ്സുകാരന്‍ സച്ചിനെ കളിയാരാധകര്‍ മറക്കാനിടയില്ല...അയാളുടെ ഷോട്ടുകള്‍ക്കൊപ്പം തൊണ്ട പൊട്ടി അലറിവിളിച്ച ടോണി ഗ്രെയ്ഗ് എന്ന മാന്ത്രിക ശബ്ദമുള്ള കമന്റേറ്ററെയും. ഷാർജയിലെ മണല്‍ക്കാറ്റിനെയും ഓസ്ട്രേലിയയുടെ ബോളിങ്ങിനെയും ഒരുപോലെ നേരിട്ട് സച്ചിൻ തെൻഡുൽക്കർ നേടിയ 'ഡെസർട്ട് സ്റ്റോം' സെഞ്ചുറിക്ക് കാലമെത്രെ കഴിഞ്ഞാലും ഒരേ മധുരമാണ്. 1998 മാർച്ച് 22. ഷാര്‍ജ കപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരം, ആസ്ട്രേലിയക്കെതിരെ 284 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 255 റണ്‍സെടുത്താല്‍ ഫൈനലിലെത്താം. പക്ഷേ മുന്‍നിര തകര്‍ന്നു, ഇന്ത്യ 138ന് നാല്... സച്ചിനും തുടക്കക്കാരനായ ലക്ഷ്മണുമാണ് ക്രീസില്‍... ഒരറ്റത്ത് ലക്ഷ്മണെ നിര്‍ത്തി കളിയുടെ സ്റ്റിയറിങ് സച്ചിന്‍ ഏറ്റെടുത്തു, ഇന്ത്യന്‍ ഇന്നിങ്സ് ടോപ് ഗിയറിലെത്തുമ്പോഴേക്കും വില്ലനായി മണല്‍ക്കാറ്റെത്തി.. കളി നിര്‍ത്തിവെച്ചു, മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും... പവലിയനിലെത്തിയ സച്ചിന്‍ ഹെല്‍മറ്റ് അഴിച്ചില്ല, ബാറ്റ് നിലത്തുവെച്ചില്ല കാത്തിരുന്നു, സെക്കന്‍ഡുകള്‍ മിനുട്ടുകളായി, മിനുട്ടുകള്‍ മണിക്കൂറും‍... ഒടുവില്‍ മണല്‍ക്കാറ്റടങ്ങി, ഇന്ത്യയുടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. സച്ചിന്‍റെ പ്രഹര ശക്തിയില്‍ ലോക ഒന്നാം റാങ്കുകാരായ ആസ്ട്രേലിയ ചമ്പലായി, തലങ്ങും വിലങ്ങും സിക്സറുകളുടെ പൂരം...42ആം ഓവറില്‍ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി. കാസ്പ്രോവിച്ചിനെയും ഷെയ്ൻ വോണിനെയും നിലം തൊടാതെ പറത്തിയ സച്ചിൻ അന്ന് 131 പന്തിൽ നേടിയത് 142 റൺസ്

ആവേശംകൊണ്ട് അലറിവിളിച്ച ഗ്യാലറിയെ നിശബ്ദമാക്കി അടുത്ത ഓവറില്‍ സച്ചിന്‍ പുറത്തായി, സച്ചിന്‍റ് ഗ്ലൌവിലുരഞ്ഞ പന്ത് ഗിൽക്രിസ്റ്റ് പിടിച്ചെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല, പക്ഷേ അമ്പയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ആ ജെന്‍റില്‍മെന്‍ മടങ്ങി. ഫൈനലില്‍ ആസ്ട്രേലിയ തന്നെയായിരുന്നു എതിരാളികള്‍. സച്ചിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ആ മത്സരം. അന്ന് വീണ്ടും ഷാർജയിലെ മൈതാനത്ത് ഒരു കൊടുങ്കാറ്റ് വീശി, അത് പക്ഷേ സച്ചിന്‍റെ ബാറ്റില്‍ നിന്നായിരുന്നെന്ന് മാത്രം. വീണ്ടും സെഞ്ച്വറി, പക്ഷേ ജയത്തിന് 25 റണ്‍സ് അകലെ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ സച്ചിന് തന്‍റെ വിക്കറ്റ് നഷ്ടമായി. . കഴിഞ്ഞ മത്സരത്തില്‍ അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ട് കൂടി ക്രീസ് വിട്ട സച്ചിനോട് ആ മര്യാദ സ്റ്റീവ് ബക്ന‍ര്‍ കാട്ടിയില്ല. ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ LBW അനുവദിച്ചു. DRS ഒന്നും നിലവിലില്ലാതിരുന്ന കാലത്ത് എത്രയെത്ര തവണയാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിന് മുന്നില്‍ അയാള്‍ക്ക് പുറത്താകേണ്ടി വന്നിട്ടുള്ളത്, ഒരു നോക്കുകൊണ്ട് പോലും നീരസം പ്രകടിപ്പിക്കാതെ അപ്പോഴും ചിരിച്ചുകൊണ്ട് മാത്രമാണ് അയാള്‍ ക്രീസ് വിട്ടിട്ടുള്ളത്.

ഒടുവില്‍ ആ ദിവസമെത്തി. 2013 നവംബര്‍ 14. ലോകത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത സമാനതകളില്ലാത്ത പ്രതിഭയുടെ കൊടിയിറക്കത്തിന്‍റെ ദിവസമായിരുന്നു അന്ന്. ആട്ടവിളക്ക് അണയുകയാണ്. അഞ്ചു ദിവസങ്ങള്‍ മാത്രം അകലെ, ഒരു യുഗം അവസാനിക്കാന്‍ പോകുകയാണ്. ലോകം കണ്ട എക്കാലത്തെയും വലിയ ക്രിക്കറ്റ് ഐക്കണ്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ മത്സരത്തിന് വാങ്കഡെ വേദിയാകുന്നു. ഇന്ത്യ-വിന്‍ഡീസിനെ നേരിടുന്നു. അല്ല സച്ചിന്‍ തന്‍റെ 200ആം ടെസ്റ്റ് മത്സരത്തില്‍ വിന്‍ഡീസിനെ നേരിടുന്നു, ചരിത്രരേഖകളില്‍ അങ്ങനെ മാത്രം അടയാളപ്പെടുത്തേണ്ട മത്സരമാണത്. 16ആം വയസില്‍ ഇന്ത്യക്കായി പാഡ് കെട്ടിയതാണ്, ഇന്ന് 40ആം വയസില്‍ അവസാന ഇന്നിങ്സിനായി അയാള്‍ വീണ്ടുമിറങ്ങുന്നു,

24 വര്‍ഷം 199 ടെസ്റ്റുകള്‍, 328 ഇന്നിംഗ്സുകള്‍, 15847 റണ്‍സ്, 51 സെഞ്ചുറികള്‍... അതായിരുന്നു അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ സച്ചിന്‍റെ കണക്കുപുസ്തകം. ഇന്ത്യന്‍ ഇന്നിങ്സ് 77ല്‍ നില്‍ക്കേ, മുരളി വിജയ്‌ മടങ്ങുന്നു. നിറഞ്ഞുകവിഞ്ഞ ഗ്യാലറിയില്‍ ഹര്‍ഷാരവം... ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകുമ്പോള്‍ ആര്‍പ്പുവിളിക്കുന്ന ആരാധകരെ അന്നാദ്യമായി മുംബൈ കണ്ടു. അതെ, അവസാന ഇന്നിങ്സ് കളിക്കാന്‍ ദൈവം ക്രീസില്‍ അവതരിക്കാന്‍ സമയമായിരിക്കുന്നു. അതിനുമപ്പുറം അവര്‍ക്കെന്തുവേണം.

സച്ചിനെ സച്ചിനാക്കിയ മുംബൈയിലെ വാങ്കഡെയുടെ മണ്ണില്‍... സച്ചിന്‍ എന്നല്ലാതെ മറ്റൊരു വാക്കും ആ ഗ്യാലറിയില്‍ നിന്ന് മുഴങ്ങുന്നില്ല. ക്രിക്കറ്റിനു പുതിയ വ്യാകരണം സൃഷ്ടിച്ച പ്രതിഭയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വിന്‍ഡീസ് താരങ്ങള്‍ സ്വീകരിച്ചു. സ്‌റ്റേഡിയമൊന്നാകെ എഴുന്നേറ്റുനിന്നു കയ്യടിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ അതാ വീണ്ടും മൈതാനമധ്യത്തിലേക്ക്. ഈ മത്സരത്തിന് ശേഷം ദൈവമുണ്ടാകില്ല, സാധാരണ മനുഷ്യര്‍ തമ്മില്‍ മാത്രമായിരിക്കും കളി, അതുകൊണ്ട് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് കണ്ണ് ചിമ്മാതെ കണ്ടിരിക്കൂ, ഗ്യാലറിയിലെ സൈഡ്സ്‌ക്രീനില്‍ ഇങ്ങനെയൊരു വാചകം തെളിഞ്ഞു.

സച്ചിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൌണ്ടറികള്‍ പറന്നു, അനായാസം അര്‍ധസെഞ്ച്വറി തികച്ച് ബാറ്റൊന്നുയര്‍ത്തി മൈതാനത്ത് ത്രിവര്‍ണപതാക പാറി, കാണികളുടെ ഹൃദയത്തില്‍ ആവേശത്തിന്‍റെ പെരുമ്പറ... ഒടുവില്‍ സമയം വന്നെത്തി, സച്ചിനെന്ന ക്രിക്കറ്റര്‍ തന്‍റെ പേരിലെഴുതിച്ചേര്‍ക്കാനുള്ള അവസാന റണ്‍സും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഡിയോ നരെയ്നെറിഞ്ഞ പന്തില്‍ ബാറ്റ് വീശിയ സച്ചിന്‍ ഒന്നാം സ്ലിപ്പില്‍ സമിയുടെ കൈകളിലമര്‍ന്നു. വാങ്കഡെ നിശബ്ദമായി... പലരുടെയും ശ്വാസമടഞ്ഞു, ആരും പരസ്പരം സംസാരിക്കുന്നില്ല, എല്ലാം നിമിഷവേഗത്തില്‍ കഴിഞ്ഞിരിക്കുന്നു. 

സച്ചിന്‍ നടന്നുനീങ്ങുകയാണ്, പതിനായിരക്കണക്കിന് ആരാധകരുടെ കണ്‍മുന്നിലൂടെ അവസാനമായി അയാള്‍ പവലിയനിലേക്ക്. സങ്കടത്തിന്‍റെ കരിനിഴല്‍ വീഴ്ത്തിയ ഒരു നിമിഷത്തെ നിശ്ബ്ദതയ്ക്കുശേഷം അവര്‍ ഒന്നടങ്കം എഴുന്നേറ്റുനിന്നു. മൈതാനത്തുനിന്ന് ഡ്രസിംഗ് റൂമിലേക്കുള്ള പടികള്‍ കയറും മുമ്പ് സച്ചിന്‍ ബാറ്റുയര്‍ത്തി, എല്ലാവരോടുമായി നന്ദി പറഞ്ഞു. സച്ചിന്‍...വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അയാള്‍ ആ പടികള്‍ കയറി.


ഇനിയൊരിന്നിങ്സിനായി പാഡുകെട്ടാന്‍ താനുണ്ടാകില്ലെന്ന് പറഞ്ഞ് നൂറു കോടി ജനങ്ങളുടെ കണ്ണിനെ ഈറനണിയിപ്പിച്ച ശേഷം അയാള്‍ അന്ന് വീണ്ടും ഗ്രൗണ്ടിലേക്ക് നടന്നു, തന്‍റെ ജീവിതം തന്നെയായിരുന്ന 22 വാര പിച്ചിന്‍റെ മധ്യത്തിലേക്ക്, തലകുനിച്ചുകൊണ്ട് അയാള്‍ പിച്ചിനെ തൊട്ടുവണങ്ങി, മുകളിലേക്ക് നോക്കി... നിറഞ്ഞു കവിഞ്ഞ കണ്ണുകള്‍ തുടക്കാന്‍ പാടുപെട്ടു കൊണ്ട് തിരികെ ഡ്രസിങ് റൂമിലേക്ക്... ലോകം അവസാനിച്ചിരിക്കുന്നു, അന്ന് ക്രിക്കറ്റ് ലോകത്തെ കലണ്ടറില്‍ കാലത്തെ ഇങ്ങനെ അടയാളപ്പെടുത്തി, സച്ചിന് മുന്‍പും ശേഷവും...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News