ഗിവ്സണും ബിദ്യാസാഗറും ക്ലബ് വിടും?! വരുന്നത് പുലിക്കുട്ടികള്‍... ബ്ലാസ്റ്റേഴ്സിന്‍റെ ടൈം!
ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പുതിയ സൈനിങ്ങുകള്‍ ഉടന്‍ നടക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.
കേരള ബ്ലാസ്റ്റേഴ്സിനെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ അഴിച്ചുപണികളുടേതാണ്. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരങ്ങളെ വില്‍ക്കാനും വാങ്ങാനും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പുതിയ സൈനിങ്ങുകള്‍ ഉടന്‍ നടക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.
അതില്‍ ആദ്യത്തെ പേര് എഫ്.സി ഗോവയുടെ പ്രതിരോധ ഭടനായ ഡിഫൻഡർ ഐബാൻ ദോഹ്‌ലിങ്ങിന്‍റേതാണ്. ട്രാന്‍സ്ഫര്‍ ഫീയെ ചൊല്ലി ഇരു ക്ലബ്ബുകളും നേരത്തെ നിരവധി കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച് ക്ലബുകള്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അടുത്തതായി ബ്ലാസ്റ്റേഴ്സ് റാഞ്ചാന്‍ പോകുന്നത് ഓസ്ട്രേലിയയില്‍ നിന്നുള്ള 21കാരന്‍ മിഡ്ഫീല്‍ഡറെയാണ്. കാലെബ് വാട്സ്. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ കളിക്കുന്ന വാട്സ് സതാംപ്ടണിന്‍റെ അണ്ടര്‍ 21 ടീമംഗമായിരുന്നു. ഓസ്ട്രേലിയന്‍ ജൂനിയര്‍ ടീമിനായി നാല് അപ്പിയറന്‍സ് നടത്തിയിട്ടുള്ള വാട്സ് മൂന്ന് തവണ സീനിയര്‍ ടീം ജേഴ്സിയുമണിഞ്ഞിട്ടുണ്ട്. പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് മിഡ്ഫീല്‍ഡില്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും കാലെബ് വാട്സ്.
🚨Then this one is for Blasters fans. Australian footballer
— football exclusive (@footballexclus) August 28, 2023
Caleb Watts will join the Blasters.#footballexclusive #KBFC #KeralaBlasters https://t.co/OzesECbpkx pic.twitter.com/lD0Tao8ayW
അതേസമയം ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഗിവ്സൺ സിങ്ങിനെയും ബിദ്യാസാഗറേയും ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിര താരമായ ഗിവ്സൺ സിങ്ങിനായി ചെന്നൈ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസൺ പകുതിക്ക് ശേഷം ഗിവ്സൺ ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിക്കായി കളിച്ചിരുന്നു. താരം അടുത്ത ദിവസങ്ങളിൽ ക്ലബ് വിടുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർകസ് റിപ്പോർട്ട് ചെയ്യുന്നു.
ഗിവ്സണ്‍ സിങ്ങിനായി ഈസ്റ്റ് ബംഗാളും രംഗത്ത് ഉണ്ട്. താരത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ 2024വരെയുള്ള കരാർ ബാക്കിയുണ്ട്. സൂപ്പര്‍ ലീഗില്‍ ആകെ ഏഴ് മത്സരങ്ങൾ മാത്രമേ ഗിവ്സണ്‍ ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കളിച്ചിട്ടുള്ളൂ.
ബ്ലാസ്റ്റേഴ്സിന്‍റെ അറ്റാക്കിങ് താരമായ ബിദ്യാസാഗർ ക്ലബ് വിടുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പഞ്ചാബ് എഫ്.സിയിലേക്കാകും ബിദ്യാസാഗറിന്‍റെ കൂടുമാറ്റം എന്നാണ് കരുതപ്പെടുന്നത്. സ്ഥിരം കരാറിൽ ആകും ബിദ്യയെ പഞ്ചാബ് സ്വന്തമാക്കുക. നേരത്തെ ഇഷാൻ പണ്ഡിതയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചപ്പോള്‍ തന്നെ ബിദ്യാസാഗറിനെ റിലീസ് ചെയ്യുമെന്ന സൂചനകളുണ്ടായിരുന്നു. ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഹാട്രിക് നേടിയ താരമാണ് ബിദ്യാസാഗർ
2022 ഓഗസ്റ്റിൽ ആണ് ബിദ്യസാഗര്‍ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ പക്ഷേ അധികം അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല. ആകെ ആറ് മത്സരങ്ങളെ ഐ.എസ്.എല്ലിൽ ബിദ്യാസാഗര്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ചുള്ളൂ. സൂപ്പർ കപ്പിലും ഡ്യൂറണ്ട് കപ്പിലുമാണ് ബിദ്യാ സാഗറിന് ആകെ അവസരം കിട്ടിയത്. അവസരം ലഭിച്ചപ്പോഴൊക്കെ താരം മികച്ച പ്രകടനം ടീമിനായി കാഴ്ചവെക്കുകയും ചെയ്തു.